ഗര്‍ഭിണികള്‍ക്കും കൈക്കുഞ്ഞുങ്ങളുടെ അമ്മമാര്‍ക്കും വേണ്ടി മുന്നേസയുടെ ഓട്ടോ: യാത്ര സൗജന്യമായിരിക്കും

ശാരീരികമായ എന്തെങ്കിലും അവശതകളോ വൈകല്യങ്ങളോ ഉള്ളവര്‍ക്കും സൈനികര്‍ക്കും ഇദ്ദേഹത്തിന്റെ ഓട്ടോയില്‍ സൗജന്യ യാത്രയായിരിക്കും.
ഗര്‍ഭിണികള്‍ക്കും കൈക്കുഞ്ഞുങ്ങളുടെ അമ്മമാര്‍ക്കും വേണ്ടി മുന്നേസയുടെ ഓട്ടോ: യാത്ര സൗജന്യമായിരിക്കും

ട്ടോ ഡ്രൈവര്‍മാരെക്കുറിച്ചുള്ള മോശം കഥകള്‍ കേട്ടാണ് നമുക്ക് കൂടുതല്‍ ശീലം. അമിത കൂലി ഈടാക്കിയും യാത്രാക്കാരോട് അപമര്യാദയായി പെരുമാറിയുമെല്ലാം ഇവര്‍ ധാരാളം ചീത്തപ്പേര് സമ്പാദിച്ചിട്ടുണ്ട്. അത് കേരളത്തിലായാലും കര്‍ണ്ണാടകത്തിലായാലും വലിയ വ്യത്യാസമൊന്നുമില്ല. ഇങ്ങനെയൊക്കെ ആണെങ്കിലും ചില ഓട്ടോക്കാരുടെ നന്‍മ നിറഞ്ഞ കഥകളും നമ്മള്‍ കേള്‍ക്കാറുണ്ട്. അത്തരത്തിലുള്ള കഥകളെല്ലാം വാര്‍ത്തയാകാറുമുണ്ട്.

കര്‍ണാടകയിലുള്ള ഒരു ഓട്ടോക്കാരനാണ് തന്റെ പ്രവൃത്തികൊണ്ട് മാത്രം വ്യത്യസ്തനാകുന്നത്. മുന്നേസ മംഗോളി എന്ന ഓട്ടോ ഡ്രൈവര്‍ വെറുതെ ഓട്ടോ ഓടിച്ച് യാത്രക്കാരോട് കലഹിച്ച് ജീവിതം തീര്‍ക്കണമെന്നാഗ്രഹിക്കുന്നില്ല. അദ്ദേഹം തനിക്കാവും വിധം മറ്റുളളവരെ സഹായിക്കുന്നു. ഗര്‍ഭിണികള്‍ക്കും കൈക്കുഞ്ഞുങ്ങളുടെ അമ്മമാര്‍ക്കും ഇദ്ദേഹത്തിന്റെ ഓട്ടോയില്‍ സൗജന്യമായി യാത്ര ചെയ്യാം. ശാരീരികമായ എന്തെങ്കിലും അവശതകളോ വൈകല്യങ്ങളോ ഉള്ളവര്‍ക്കും സൈനികര്‍ക്കും ഇദ്ദേഹത്തിന്റെ ഓട്ടോയില്‍ സൗജന്യ യാത്രയായിരിക്കും.

ദിവസവും സ്വന്തം കയ്യില്‍ നിന്ന് 250 രൂപ മുടക്കിയാണ് ഇദ്ദേഹം ഗര്‍ഭിണികള്‍ക്കും കൈക്കുഞ്ഞുങ്ങളുടെ അമ്മമാര്‍ക്കും മറ്റും സൗജന്യ യാത്ര ലഭ്യമാക്കുന്നത്. പ്രസ്തുത വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് യാത്ര സൗജന്യമായിരിക്കുമെന്ന് ഇദ്ദേഹം തന്റെ ഓട്ടോയുടെ പിന്നില്‍ എഴുതി ഒട്ടിച്ചിട്ടുമുണ്ട്. മുന്നേസയെക്കുറിച്ച് അദ്ദേഹത്തിന്റെ ഫോട്ടോയോടു കൂടി ആരോ ട്വീറ്റ് ചെയ്തതോടെയാണ് ഇക്കാര്യം പുറംലോകമറിയുന്നത്.

42 കാരനായ മുന്നേസ ഒരു ബിഎ ബിരുദധാരികൂടിയാണ്. തന്റെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനിസരിച്ചുള്ള ഒരു ജോലി കണ്ടുപിടിക്കുന്നതില്‍ പരാജയപ്പെട്ടപ്പോഴാണ് ഇദ്ദേഹം അതിജീവനത്തിനായി ഓട്ടോ ഡ്രൈവറുടെ തൊഴില്‍ തിരഞ്ഞെടുത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com