ഏഴ് വയസുകാരി വിക്ടോറിയ ഗര്‍ഭിണിയായി; വടക്കന്‍ വെള്ള കാണ്ടാമൃഗങ്ങളുടെ ഭാവി ഇനി വിക്ടോറിയയെ ആശ്രയിച്ച്

16മുതല്‍ 18മാസം വരെ നീണ്ടുനില്‍ക്കുന്ന ഗര്‍ഭകാലത്ത് കുഞ്ഞിനെ വഹിക്കാനും ഈ നാളുകളെ അതിജീവിക്കാനും വിക്ടോറിയക്ക് കഴിയുമോ എന്നതാണ് ഗവേഷകര്‍ ഇപ്പോള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത്
ഏഴ് വയസുകാരി വിക്ടോറിയ ഗര്‍ഭിണിയായി; വടക്കന്‍ വെള്ള കാണ്ടാമൃഗങ്ങളുടെ ഭാവി ഇനി വിക്ടോറിയയെ ആശ്രയിച്ച്

ണ്ടു മാസം മുന്‍പ് കെനിയയിലെ വന്യജീവി സംരക്ഷണ കേന്ദ്രത്തില്‍ ലോകത്ത് അവശേഷിച്ചിരുന്ന അവസാന ആണ്‍ വടക്കന്‍ വെള്ള കാണ്ടാമൃഗവും ജീവന്‍ വെടിഞ്ഞിരുന്നു. പ്രായാധിക്യത്തെതുടര്‍ന്ന് സുഡാന്‍ എന്ന ഈ കാണ്ടാമൃഗത്തെ ദയാവധം ചെയ്യുകയായിരുന്നു. സുഡാന്റെ വിയോഗം ഭൂമുഖത്ത് അവശേഷിക്കുന്ന വടക്കന്‍ വെള്ള കാണ്ടാമൃഗങ്ങളുടെ എണ്ണം രണ്ടാക്കി ചുരുക്കി. കെനിയയിലെ  വന്യജീവി സംരക്ഷണ കേന്ദ്രത്തില്‍ തന്നെയാണ് അവശേഷിക്കുന്ന രണ്ട് കാണ്ടാമൃഗങ്ങളും ഉള്ളത്. ഇവയുടെ കാലശേഷം വടക്കന്‍ വെള്ള കാണ്ടാമൃഗം എന്ന വര്‍ഗ്ഗം ഭൂമുഖത്തുനിന്നുതന്നെ ഇല്ലാതെയാകും. 

എന്നാല്‍ ഈ ആശങ്കയ്ക്കു നടുവിലേക്ക് ചെറിയൊരു പ്രതീക്ഷയാണ് ഗവേഷകര്‍ ഇപ്പോള്‍ നല്‍കുന്നത്.കാലിഫോര്‍ണിയയിലെ സാന്‍ ഡീജ് സൂ സഫാരി പാര്‍ക്കില്‍ ആദ്യമായി കൃത്രിമ ബീജസങ്കലനം വഴി വെള്ള കാണ്ടാമൃഗം ഗര്‍ഭിണിയായി. കൃത്രിമ ബീജസങ്കലനം വഴി ആദ്യമായി ഒരു വെള്ള കാണ്ടാമൃഗം ഗര്‍ഭം ധരിക്കുമ്പോള്‍ ഭാവിയില്‍ ഇത് വടക്കന്‍ വെള്ള കാണ്ടാമൃഗങ്ങളെയും ജനിപ്പിക്കാന്‍ പ്രാപ്തമാണെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. 

വിക്ടോറിയ എന്ന കാണ്ടാമൃഗമാണ് ആദ്യമായി കൃത്രിമ ഗര്‍ഭധാരണത്തിന് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു വിഭാഗമെന്ന നിലയ്ക്ക് ഇവയെ ലോകത്ത് നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് പ്രതീക്ഷയേകുന്നതാണ് ഗവേഷകരുടെ ഈ നീക്കം. ഏഴ് വയസ്സ് പ്രായമായ വിക്ടോറിയയ്ക്ക് 1,700കിലോഗ്രാം ഭാരമുണ്ട്. 16മുതല്‍ 18മാസം വരെ നീണ്ടുനില്‍ക്കുന്ന ഗര്‍ഭകാലത്ത് കുഞ്ഞിനെ വഹിക്കാനും ഈ നാളുകളെ അതിജീവിക്കാനും വിക്ടോറിയക്ക് കഴിയുമോ എന്നതാണ് ഗവേഷകര്‍ ഇപ്പോള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. വിക്ടോറിയയ്ക്ക് ഇത് സാധിച്ചാല്‍ വരും കാലങ്ങളില്‍ വടക്കന്‍ വെള്ള കാണ്ടാമൃഗങ്ങളുടെ അമ്മയാകാന്‍ വിക്ടോറിയയ്ക്ക് കഴിയുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. 

കൃത്രിമരീതിയില്‍ ഗര്‍ഭം ധരിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട ആറ് വെള്ള കാണ്ടാമൃഗങ്ങളില്‍ ആദ്യമായി ഈ പ്രകൃയ നടത്തപ്പെടുന്നത് വിക്ടോറിയയിലാണ്. ഈ പരീക്ഷണം വിജയിച്ചാല്‍ അടുത്ത ദശാബ്ദത്തില്‍ വടക്കന്‍ വെള്ള കാണ്ടാമൃഗത്തിന്റെ ബീജത്തെ ഗര്‍ഭം ധരിക്കാന്‍ ഇവയ്ക്ക് സാധിക്കുമെന്നാണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്. വടക്കന്‍ വെള്ള കാണ്ടാമൃഗത്തിന്റെ ഭ്രൂണം ജനിതക സാങ്കേതികവിദ്യയുടെ സഹായത്തില്‍ സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനങ്ങളും ഗവേഷകര്‍ നടത്തിവരുന്നുണ്ട്. ഇതിനായി ചത്തുപോയ വടക്കന്‍ വെള്ള കാണ്ടാമൃഗങ്ങളുടെ ത്വക്കിലെ കോശങ്ങള്‍ ഫ്രീസറില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇന്‍വിട്രൊ ഫെര്‍ട്ടിലൈസേഷന്‍ വഴിയാണ് ഇത് നടത്തുക. കൃത്രിമ ഗര്‍ഭധാരണത്തിന് തിരഞ്ഞെടുത്തിട്ടുള്ള പെണ്‍ വെള്ള കാണ്ടാമൃഗങ്ങളെല്ലാം നാല് മുതല്‍ ഏഴ് വയസ്സിനിടയില്‍ പ്രായമുള്ളവയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com