യാഥാസ്ഥിക സമൂഹത്തിന്റെ മുന്നില്‍ മാറ്റത്തിന്റെ മെക്കാനിസവുമായി ഉസ്മ നവാസ്

പാക്കിസ്ഥാനിലെ ആദ്യ വനിതാ കാര്‍ മെക്കാനിക്ക് എന്ന അപൂര്‍വത സ്വന്തമാക്കി ഒരു യുവതി. ഉസ്മ നവാസ് എന്ന 24കാരിയാണ് യാഥാസ്ഥിക പാക് സമൂഹത്തെ അമ്പരപ്പിച്ചത്
യാഥാസ്ഥിക സമൂഹത്തിന്റെ മുന്നില്‍ മാറ്റത്തിന്റെ മെക്കാനിസവുമായി ഉസ്മ നവാസ്

മുള്‍ട്ടാന്‍: പാക്കിസ്ഥാനിലെ ആദ്യ വനിതാ കാര്‍ മെക്കാനിക്ക് എന്ന അപൂര്‍വത സ്വന്തമാക്കി ഒരു യുവതി. ഉസ്മ നവാസ് എന്ന 24കാരിയാണ് യാഥാസ്ഥിക പാക് സമൂഹത്തെ അമ്പരപ്പിച്ചത്. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ലിംഗപരമായ വിവേചനത്തിന്റെ വേലിക്കെട്ടുകള്‍ ധൈര്യപൂര്‍വം മറികടക്കാനുള്ള കരുത്ത് അവര്‍ കാണിച്ചു. 

മെക്കാനിക്കല്‍ എന്‍ജിനീയറിങില്‍ ബിരുദം നേടിയ ഉസ്മ പാക്കിസ്ഥാനിലെ കിഴക്കന്‍ നഗരമായ മുള്‍ട്ടാനിലെ ഒരു ഓട്ടോ റിപ്പയര്‍ ഗാരേജിലാണ് ജോലി ചെയ്യുന്നത്. 

കുടുംബത്തിലെ സാമ്പത്തിക പരാധീനത മറികടക്കാന്‍ വേണ്ടിയാണ് ഇത്തരത്തിലൊരു വെല്ലുവിളി ഏറ്റെടുക്കാന്‍ തുനിഞ്ഞതെന്ന് അവര്‍ പറയുന്നു. തന്റെ ജോലി ഇതാണെന്നറിഞ്ഞപ്പോള്‍ കുടുംബത്തിലുള്ളവര്‍ക്കും അദ്ഭുതമായിരുന്നുവെന്ന് ഉസ്മ വ്യക്തമാക്കി.   

ഇത്തരത്തിലുള്ള അവസ്ഥകളില്‍ നിന്ന് സ്വയം അധ്വാനിച്ച് ജീവിക്കാന്‍ അവസരം ലഭിക്കുന്നത് അഭിമാനകരമാണ്. ഇത് മറ്റുള്ള വനിതകള്‍ക്ക് പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഉസ്മ പറഞ്ഞു. 

വാഹനങ്ങളുടെ വര്‍ക്ക് ഷോപ്പുകളില്‍ ജോലി ചെയ്യാന്‍ പാക്കിസ്ഥാനിലെ സമൂഹികാവസ്ഥ പെണ്‍കുട്ടികള്‍ക്ക് അനുവാദം നല്‍കുന്നില്ല. എന്നാല്‍ ഉസ്മയ്ക്ക് ഈ ജോലി വലിയ താത്പര്യമായിരുന്നു. അതുകൊണ്ടാണ് വിലക്കുകളെ പോലും ഭയപ്പെടാതെ അവളുടെ ആഗ്രഹത്തിന് ഒപ്പം നിന്നതെന്ന് പിതാവ് മുഹമ്മദ് നവാസ് പറഞ്ഞു. 

പാക്കിസ്ഥാനിലെ നിലവിലെ സാമൂഹിക പരിതസ്ഥിതിയില്‍ ഉസ്മയുടെ നേട്ടം വളരെ അപൂര്‍വമാണ്. കടുത്ത വിവേചനങ്ങള്‍ നേരിടുന്നതിനാല്‍ തങ്ങളുടെ ഇടം കണ്ടെത്താന്‍ പാക്കിസ്ഥാനില്‍ നിരവധി വനിതകളാണ് പോരാട്ടം നയിക്കുന്നത്. പ്രത്യേകിച്ച് ഗ്രാമീണ മേഖലകളില്‍ അടിച്ചമര്‍ത്തപ്പെട്ട സമൂഹമായി തന്നെയാണ് വനിതകള്‍ നിലകൊള്ളുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com