നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ വിലങ്ങുതടികളില്ല: ഇവള്‍ കാറോടിക്കും, കാലുകള്‍ കൊണ്ട്

ജന്‍മനാ ഇരുകൈകളുമില്ലാത്ത ഈ പെണ്‍കുട്ടി പഠിച്ച് ജോലി നേടിയതിന് പുറമെ ഇപ്പോള്‍ സ്വന്തമായി കാര്‍ ഓടിക്കാന്‍ തുടങ്ങുകയാണ്. 
നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ വിലങ്ങുതടികളില്ല: ഇവള്‍ കാറോടിക്കും, കാലുകള്‍ കൊണ്ട്

കൊച്ചി: ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവുമുണ്ടെങ്കില്‍ ഏതഗ്രഹത്തേയും കൈക്കുമ്പിളിലൊതുക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ജിലുമോള്‍ മാരിയറ്റ് എന്ന ഇരുപത്തിയാറുകാരി. ജന്‍മനാ ഇരുകൈകളുമില്ലാത്ത ഈ പെണ്‍കുട്ടി പഠിച്ച് ജോലി നേടിയതിന് പുറമെ ഇപ്പോള്‍ സ്വന്തമായി കാര്‍ ഓടിക്കാന്‍ തുടങ്ങുകയാണ്. 

ഒരു വിരലിന് മുറിവ് പറ്റുമ്പോള്‍ കൂടി നമ്മുടെ ജോലിയെ അത് ബാധിക്കാറുണ്ട്. അങ്ങനെയുള്ളവര്‍ക്കിടയിലാണ് ജിലുമോള്‍ കാലുകള്‍ കൊണ്ട് വണ്ടിയോടിക്കാന്‍ തുടങ്ങുന്നത്. ഇനി ഇന്ത്യയില്‍ തന്നെ ആദ്യമായി കാലുകളാല്‍ കാറോടിക്കുന്ന യുവതി എന്ന പേരാണ് ജിലുമോളെ കാത്തിരിക്കുന്നത്. 

ജിലുമോളുടെ ഏറ്റവും വലിയ ഒരു ആഗ്രഹമാണ് ഇതോടെ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്. ഇതിന്റെ ആദ്യ പടിയായി ലണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട് 318 സിയിലെ റീജ്യണ്‍ 11ല്‍ വരുന്ന ഹൈറേഞ്ച് മേഖലയിലെ പത്ത് ക്ലബ്ബുകള്‍ സംയുക്തമായി ജിലുമോള്‍ക്ക് മാരുതി കാര്‍ നല്‍കാന്‍ തീരുമാനിച്ചു. കാറിന്റെ താക്കോല്‍ദാനം ഇടപ്പള്ളി മാരുതി സായില്‍ നടന്ന ചടങ്ങില്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ എം.വി. വാമനകുമാര്‍ നിര്‍വഹിച്ചു. ഈ സന്തോഷത്തിലാണ് ജിലുമോള്‍. 'ഇനി ലൈസന്‍സ് കൂടി എടുക്കണം.

സ്വന്തം വണ്ടിയില്‍ യാത്രകള്‍ ചെയ്യണം'  എന്നതാണ് ജിലുമോളുടെ ആഗ്രഹം. കാര്‍ ഓള്‍ട്ടര്‍ ചെയ്‌തെടുത്തതിനു ശേഷം മാത്രമേ ലേണേഴ്‌സ് എടുക്കാന്‍ സാധിക്കുകയുള്ളൂ. ആദ്യമായാണ് കയ്യില്ലാത്തവര്‍ക്ക് വേണ്ട രീതിയില്‍ കേരളത്തില്‍ കാര്‍ രൂപമാറ്റം ചെയ്യുന്നത്.

തൊടുപുഴ നെല്ലാനിക്കാട്ട് തോമസിന്റെയും അന്നക്കുട്ടിയുടെയും മകളാണ് ജിലുമോള്‍. കാലുകള്‍ കൊണ്ട് നന്നായി ചിത്രം വരയ്ക്കുന്ന ഇവര്‍ കൊച്ചിയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ഗ്രാഫിക് ഡിസൈനറായി ജോലി നോക്കി വരികയാണ്. 

ജിലുമോള്‍ കാലുകള്‍ കൊണ്ട് കാറോടിക്കുമെന്ന് പറഞ്ഞപ്പോള്‍ ആരും വിശ്വസിച്ചില്ല. അവള്‍ നേരിട്ട പ്രധാന ചോദ്യം വാഹന നിയമമായിരുന്നു. പിന്നീട് അഭിഭാഷകനായ ഷൈന്‍ വര്‍ഗീസ് അവളുടെ കൈത്താങ്ങായി. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചു. ചില നിബന്ധനകള്‍ക്ക് വിധേയമായി ജിലുമോളുടെ ലേണേഴ്‌സ് ടെസ്റ്റ് നടത്താന്‍ കോടതി നിര്‍ദേശം നല്‍കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com