നീലവസന്തത്തിന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സ്മരണകള്‍ അഥവാ ഒരു മാന്ത്രിക കഥ

''ഞങ്ങള്‍ ക്രിക്കറ്റില്‍ റണ്‍ നേടും പോലെയാണ് അദ്ദേഹം ഗോളുകള്‍ നേടിയത്'' -സര്‍ ഡോണ്‍ ബ്രാഡ്മാന്‍.  ധ്യാന്‍ ചന്ദ് എഴുതിയ ചരിത്രത്തില്‍ കൂടുതലായി അധികമൊന്നുമില്ല, ഈ കായിക ദിനത്തിലും കൂട്ടിച്ചേല്‍ക്കാന്‍
നീലവസന്തത്തിന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സ്മരണകള്‍ അഥവാ ഒരു മാന്ത്രിക കഥ

മൈതാനം ഒരു പന്താണ്, ആകാശക്കാഴ്ചയില്‍. കാഴ്ചയുടെ ദൂരത്തിനും ചെരിവിനുമൊപ്പം രൂപമാറ്റം വരുന്ന പന്ത്. പദചലനങ്ങളില്‍ കോറിയാഗ്രാഫിക് ഭംഗി കാത്തുവയ്ക്കുന്ന യൂറോപ്യനും തെരുവുപോരില്‍ പോലും താളബോധം വിടാത്ത ലാറ്റിന്‍ അമെരിക്കനും അത് മള്‍ട്ടി ആംഗുലാര്‍ തുന്നലുകളുള്ള ഫുട്‌ബോളാണ്, വേഗത്തില്‍ തന്ത്രം ഒളിപ്പിച്ചുവച്ച വടക്കേ അമെരിക്കക്കന് ഗോളത്വത്തിലേക്ക് എത്താന്‍ കഴിയാതെപോയ ബേസ്‌ബോളും. ഇന്ത്യക്കാരെ സംബന്ധിച്ച് എന്താണത്? മധ്യരേഖയെ ചേര്‍ത്തടുക്കുന്ന ക്രോസ് സ്റ്റിച്ചിങ്ങില്‍ കുത്തിത്തിരിയലിന്റെ ഭൂഖണ്ഡ രഹസ്യത്തെ ഒളിപ്പിച്ചുവയ്ക്കുന്ന ക്രിക്കറ്റ് ബോള്‍. അതെ, ക്രിക്കറ്റാണ് ഇന്ത്യയുടെ കളി, ജനകീയതയുടെയും കച്ചവടത്തിന്റെയും സമീപകാല വിജയത്തിന്റെയും കണക്കില്‍. ചരിത്രം പക്ഷേ, അങ്ങനെയല്ല.  മൂന്നോ നാലോ പതിറ്റാണ്ടു മുമ്പുവരെ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം കുറെക്കൂടി ചെറുതായിരുന്നു, ആ പന്ത്. വളഞ്ഞ വടികളില്‍ കോര്‍ത്ത് വിജയത്തിന്റെ ഗോള്‍വരകടന്ന് അപാരവേഗത്തില്‍ പാഞ്ഞുപോയ ആ ചെറുപന്താണ് ഇന്ത്യ എന്ന വലിയ രാജ്യത്തെ ലോകത്തിന്റെ കായിക ഭൂപടത്തില്‍ അടയാളപ്പെടുത്തിയത്. ഒളിംപിക്‌സ് എന്ന ലോകകായിക മേളയിലെ ഇന്ത്യാ ചരിത്രം ഒളിംപിക് ഹോക്കിയുടെ ചരിത്രത്തില്‍ ഒതുങ്ങിപ്പോവുന്നത് അതുകൊണ്ടാണ്.

ഒളിംപിക്‌സിന്റെ മെഡല്‍പട്ടികകള്‍ ചേര്‍ത്തുവച്ചാല്‍ കിട്ടേണ്ടതാണ്, ആധുനിക ലോകത്തിന്റെ സോഷ്യോ ഇക്കണോമിക് ചരിത്രം. ലോകയുദ്ധങ്ങള്‍ക്കുപ്പുറത്തെ ജര്‍മനി, ഇപ്പുറം സോവിയറ്റ് യൂനിയന്‍, ശീതയുദ്ധകാലത്ത് കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍, സോവിയറ്റ് അനന്തരകാലത്ത് അമേരിക്കന്‍ ഐക്യനാടുകള്‍, ഒടുവിലിപ്പോള്‍ ചൈന. സാമൂഹ്യമായും സാമ്പത്തികമായും ലോകം ഏതുവഴിക്കു നടന്നുവെന്ന് ഗ്രാഫിലെന്നവണ്ണം വരച്ചുവച്ചിട്ടുണ്ട് ഒളിംപിക് മെഡല്‍ പട്ടികകളില്‍. ഒരേയൊരു അപവാദമേയുള്ളൂ, ഇതിന് -ഇന്ത്യ. ചൈനയും ഇന്ത്യയും. പുതിയ കാലത്തെ അങ്ങനെയാണ് കാണുന്നത് ലോകം. സാമൂഹ്യമായും സാമ്പത്തികമായും അതിദ്രുതം വളരുന്ന രണ്ടു രാജ്യങ്ങള്‍. ഈ നിരീക്ഷണത്തെ കായിക രംഗത്തേക്കും നീട്ടിക്കൊണ്ട് വരവറിയിച്ചു, ചൈന ബീജിങ് ഒളിംപിക്‌സില്‍. ഇന്ത്യ പക്ഷേ, ഇല്ല, മുന്‍നിരയില്‍ എവിടെയും. അഭിനവ് ബിന്ദ്രയുടെ സ്വര്‍ണത്തിലേക്കുള്ള ഒരു തിര, ഒറ്റയക്കത്തിലൊടുങ്ങുന്ന വെള്ളിയുടെയും വെങ്കലത്തിന്റെയും കണക്കുകള്‍. ഇവയില്‍ ഒടുങ്ങും, നൂറ്റിപ്പത്തു കോടിയുടെ ആരവങ്ങള്‍. 

നോര്‍മന്‍ പിച്ചാഡ്. 1900ല്‍ ഒളിംപിക്‌സ് നടക്കുന്ന സമയത്ത് യാദൃച്ഛികമായി പാരിസില്‍ എത്തിയ പിച്ചാഡാണ് ഇന്ത്യയുടെ ആദ്യത്തെ ഒളിംപ്യന്‍. ആദ്യത്തെ ഒളിംപിക് 'സംഘ'വും ആദ്യത്തെ മെഡല്‍ ജേതാവും പിച്ചാഡ് തന്നെ. 200 മീറ്റര്‍ സ്പ്രിന്റിലും ഹര്‍ഡില്‍സിലും വെള്ളിമെഡല്‍ നേടി പിച്ചാഡ്. അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ ഇതുവരെയുള്ള തകര്‍പ്പന്‍ പ്രകടനം. പിച്ചാഡിന്റെ നേട്ടം പക്ഷേ, പൂര്‍ണമായും ഇന്ത്യയുടെ കണക്കില്‍ വന്നിട്ടില്ല. ഇന്ത്യയോ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനോ ഇല്ലാത്ത കാലത്ത് യൂണിയന്‍ ജാക്കിനു കീഴിലായിരുന്നു പിച്ചാഡ് ഇറങ്ങിയത്. അതുകൊണ്ട് പിച്ചാഡിന്റെ മെഡല്‍ ഗ്രേറ്റ് ബ്രിട്ടന്റെ കണക്കിലല്ലേ വരേണ്ടതെന്ന തര്‍ക്കം ബാക്കി. പരീസിനു ശേഷം മൂന്ന് ഒളിംപിക്‌സുകള്‍ കൂടി കഴിഞ്ഞ്, 1920 ആന്റ്‌വെപ് ഗെയിംസിലാണ് ഇന്ത്യ ആദ്യ ഒളിംപിക് സംഘത്തെ അയയ്ക്കുന്നത്. അഞ്ചു പേരായിരുന്നു, സംഘത്തില്‍. പര്‍മ ബാനര്‍ജി, ഫഡേപ ചോഗുലേ, സദാശിര്‍ ദത്തര്‍ എന്നീ അത്‌ലറ്റുകളും കുമാര്‍ നവാലെ, രണ്‍ധിര്‍ ഷിന്‍ഡെ എന്നീ ഗുസ്തിക്കാരും. വിക്റ്ററി സ്റ്റാന്‍ഡ് കണ്ടില്ല ആരും. നാലു വര്‍ഷത്തിനിപ്പുറം ഗെയിംസ് വീണ്ടും പാരിസില്‍ എത്തിയപ്പോള്‍ ഇന്ത്യ എട്ടംഗ സംഘത്തെ അയച്ചെങ്കിലും പിച്ചാഡിന്റെ നേട്ടം ആവര്‍ത്തിക്കപ്പെട്ടില്ല. 

1927ലാണ് ദൊറാബ്ജി ടാറ്റയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ രൂപീകരിക്കപ്പെടുന്നത്. ഒളിംപിക്‌സില്‍ ഓരോ രാജ്യത്തെയും അതത് ഒളിംപിക് അസോസിയേഷനുകളാണ് പ്രതിനിധാനം ചെയ്യുന്നത് എന്നിരിക്കെ, ഇന്ത്യയുടെ ആദ്യ ഔദ്യോഗിക ഒളിംപിക്‌സായി കണക്കാക്കാം 1928ലെ ആംസ്റ്റര്‍ഡാം ഗെയിംസിനെ. ചരിത്രം തുടങ്ങുന്നത് അവിടെ നിന്നാണ്, മറ്റൊരു കായിക ഇനത്തിനും സാധ്യമാവാത്ത വിധത്തില്‍ ഹോക്കി ഇന്ത്യയെ ത്രസിപ്പിച്ച ചരിത്രം. ആദ്യമായി ഒളിംപിക്‌സിനെത്തിയ ഇന്ത്യന്‍ ടീം രാജ്യത്തിന് ആദ്യ സ്വര്‍ണ നേട്ടം സമ്മാനിച്ചു. ആതിഥേയരായ നെതര്‍ലാന്‍ഡ്‌സിനെ എതിരില്ലാത്ത മൂന്നു ഗോളിനു കീഴടക്കിയായിരുന്നു, കിരീട ധാരണം. ഒന്നു പോലും വഴങ്ങാതെ 29 ഗോളുകള്‍ എതിരാളികളുടെ വലയിലേക്ക് അടിച്ചുകയറ്റിയായിരുന്നു ഇന്ത്യ ജൈത്രയാത്ര തുടങ്ങിയത്. മാന്ത്രികന്‍ എന്നു ലോകം വിളിച്ച ധ്യാന്‍ ചന്ദ് മാത്രം സ്‌കോര്‍ ചെയ്തത് 15 ഗോളുകള്‍. 

സിന്തറ്റിക് ടര്‍ഫിനും മുമ്പ്, ടോട്ടല്‍ ഗെയ്മിങിന്റെ യൂറോപ്യന്‍ പരീക്ഷണങ്ങള്‍ വരും മുമ്പ്, കെറി പാക്കറുടെ ക്രിക്കറ്റ് രസതന്ത്രം ലോക കായിക രംഗത്ത് പുതിയ സംപ്രേഷണ സൂത്രങ്ങള്‍ രചിക്കും മുമ്പ് ഫീല്‍ഡ് ഹോക്കിയില്‍ ഒരു രാജ്യം നടത്തിയ അപരാജിത പോരാട്ടങ്ങളുടെ കഥയാണ് അവിടുന്നിങ്ങോട്ടുള്ളത്. 1932ല്‍ ലോസ് ഏഞ്ജല്‍സ് ഗെയിംസ്. അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ആദ്യ ഒളിംപിക്‌സ്. ആതിഥേയരായ അമേരിക്കന്‍ ഐക്യനാടുകളെ ഒന്നിനെതിരെ ഇരുപത്തിനാലു ഗോളുകള്‍ക്കാണ് ഇന്ത്യ തകര്‍ത്തുവിട്ടത്. 36ല്‍ ബെര്‍ലിന്‍. ഹിറ്റ്‌ലറുടെ ഗെയിംസ് ആയിരുന്നു, അത്. ഹിറ്റ്‌ലറുടെ ആര്യന്‍ സുപ്രീമസിക്കു മീതേ ജെസി ഓവന്‍സ് ചരിത്രത്തിലേക്കു പറന്നിറങ്ങിയ ഗെയിംസ്. ഓവന്‍സ് എന്ന കറുത്ത അമേരിക്കക്കാരന്‍ മാത്രമല്ല, ധ്യാന്‍ ചന്ദ് എന്ന ഇന്ത്യക്കാരന്‍ കൂടിയാണ് അന്ന് ഹിറ്റ്‌ലറുടെ ജര്‍മനിയെ
തോല്‍പ്പിച്ചുവിട്ടത്. ഒന്നിനെതിരെ എട്ടു ഗോളിനു ജര്‍മന്‍ പടയെ മുക്കിയാണ് ഇന്ത്യ മൂന്നാം സ്വര്‍ണത്തില്‍ മുത്തമിട്ടത്. 

ഇന്ത്യ പങ്കെടുത്തു തുടങ്ങിയതു മുതല്‍ ഹോക്കി ടീമിനെ ഒളിംപിക്‌സിന് അയയ്ക്കില്ലായിരുന്നു, ബ്രിട്ടന്‍. സ്വന്തം കോളനിയോടു തോല്‍ക്കുന്നതിലെ മാനക്കേടു മാത്രമല്ല, ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് അത് ഉത്തേജനമാവുമെന്നും ഭയപ്പെട്ടിരുന്നു, ഇംഗ്ലീഷുകാര്‍. 1947ല്‍ ഇന്ത്യ സ്വതന്ത്രമായതിനു ശേഷമാണ് ബ്രിട്ടിഷ് ടീം ഒളിംപിക് ഹോക്കിയില്‍ പങ്കെടുത്തത്. 1948ല്‍ ലണ്ടനിലായിരുന്നു ഗെയിംസ്. പഴയ യജമാനന്മാരെ അവരുടെ നാട്ടില്‍ മുട്ടുകുത്തിച്ച് നാലാം സ്വര്‍ണം നേടി ഇന്ത്യ. 

'ഇതു ഹോക്കിയല്ല, ഏതോ മന്ത്രവിദ്യയാണ് ' എന്നാണ് ആംസ്റ്റര്‍ഡാമില്‍ ഇന്ത്യയുടെ കളിയെക്കുറിച്ച് പാശ്ചാത്യ പത്രങ്ങള്‍ എഴുതിയത്. ധ്യാന്‍ ചന്ദിനെ മാന്ത്രികന്‍ എന്നു വിശേഷിപ്പിച്ചത് അവരാണ്. മേജര്‍ ധ്യാന്‍ ചന്ദ് എന്ന എക്കാലത്തെയും വലിയ ആ സ്‌പോര്‍ട്‌സ്മാന്‍ ഇല്ലാതെയാണ് 1952ല്‍ ഇന്ത്യ ഹെല്‍സിങ്കി ഗെയിംസിന് എത്തിയത്. ധ്യാന്‍ ചന്ദിന്റെ അഭാവം ടീമിന്റെ സ്വര്‍ണക്കുതിപ്പിനു തടസമായില്ല. 1956ല്‍ മെല്‍ബണ്‍ വരെ തുടര്‍ന്നു, അത്. 

കൊളോസിയത്തിനു പുറത്തെ പ്രദക്ഷിണ വഴികളിലുടെ അബീബി ബിക്കില എന്ന ആഫ്രിക്കക്കാരന്‍ നഗ്‌നപാദനായി ചരിത്രത്തിലേക്ക് ഓടിക്കയറിയ, എതിരാളികളെ ഇടിച്ചിട്ട് കാഷ്യസ് ക്ലേ എന്ന കറുത്ത അമേരിക്കക്കാരന്‍ വംശവെറിയില്‍ തലപെരുത്ത് പിന്നീടെപ്പോഴോ ഒഹായോ നദിയില്‍ എറിയാന്‍ കാത്തുവച്ച സ്വര്‍ണ നേട്ടത്തിലേക്കു മുന്നേറിയ അതേ റോമിലാണ് ഫീല്‍ഡ് ഹോക്കിയിലെ ഇന്ത്യന്‍ കുതിപ്പിനു കടിഞ്ഞാണ്‍ വീണത്. എതിരില്ലാത്ത ഒരു ഗോളിന് പാക്കിസ്ഥാന്‍ ആയിരുന്നു ഇന്ത്യന്‍ ജയത്തിന് ഇടവേള പറഞ്ഞത്. നാലു വര്‍ഷത്തിനിപ്പുറം ടോക്കിയോയില്‍ സ്വര്‍ണം തിരിച്ചുപിടിച്ചു, ഇന്ത്യ. 1980ല്‍ മോസ്‌കോയില്‍ പഴയ പ്രതാപത്തെ ഓര്‍മിപ്പിച്ച് ഒരു സ്വര്‍ണം കൂടി. നീലവസന്തം അസ്തമിക്കുന്നത് അവിടെയാണ്. പിന്നീടിങ്ങോട്ട് പ്രൗഢിയുടെ നിഴല്‍ മാത്രമായി ഇന്ത്യന്‍ ഹോക്കി ടീം. യോഗ്യത നഷ്ടപ്പെടുന്നതില്‍ വരെയെത്തി, ആ തിരിച്ചിറക്കം.

ഹോക്കിയിലെ എട്ടു സ്വര്‍ണം, ഒരു വെള്ളി, രണ്ടു വെങ്കലം. ഇതിനു പുറത്ത് കാര്യമായി ഒന്നുമില്ല, ഇന്ത്യയ്ക്ക് ഓര്‍ക്കാന്‍. അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടേതെന്ന് ഇനിയും തീര്‍ച്ചയില്ലാത്ത പിച്ചാഡിന്റെ രണ്ടു വെള്ളിമെഡലുകള്‍. 1960ല്‍ മില്‍ഖ സിങ് മെഡലിനു തൊട്ടടുത്തെത്തി, 1984ല്‍ പി.ടി. ഉഷയും. 1952ല്‍ കെ.ഡി. ജാദവ് പൂര്‍ണമായും ഇന്ത്യയുടേതെന്ന് പറയാവുന്ന ആദ്യ വ്യക്തിഗത മെഡല്‍ നേടി. ഗുസ്തിയില്‍ വെങ്കലം. പിന്നീടിങ്ങോട്ട് 1964ല്‍ ഡോ. കര്‍നി സിങ് മുതല്‍ കഴിഞ്ഞ തവണ പിവി സിന്ധു വരെ ടാലിയില്‍ ഒറ്റയക്കം കടക്കാത്ത വെള്ളികള്‍, വെങ്കലങ്ങള്‍. ഇതിനിടെ ബിജീങില്‍ ആദ്യ വ്യക്തിഗത സ്വര്‍ണം, ബിന്ദ്രയുടെ തോക്കില്‍നിന്ന്.

ധ്യാന്‍ ചന്ദ് എഴുതിയ ചരിത്രത്തില്‍ കൂടുതലായി അധികമൊന്നുമില്ല, ഈ കായിക ദിനത്തിലും കൂട്ടിച്ചേല്‍ക്കാന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com