മാനുഷിയുടെ ചോദ്യത്തിന് കോഹ്‌ലിയുടെ മാസ് മറുപടി (വീഡിയോ കാണാം)

സിഎന്‍എന്‍ഐബിഎന്‍ സംഘടിപ്പിച്ച ഇന്ത്യന്‍ ഓഫ് ദ ഇയര്‍ പുരസ്‌കാര വേദിയില്‍ നിന്നിരുന്ന വിരാടിനോടാണ് മാനുഷി തന്റെ ചോദ്യം ചോദിച്ചത്
മാനുഷിയുടെ ചോദ്യത്തിന് കോഹ്‌ലിയുടെ മാസ് മറുപടി (വീഡിയോ കാണാം)

വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന രണ്ട് വ്യക്തിത്വങ്ങളാണ് ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കൊഹ്ലിയും ലോകസുന്ദരിപട്ടം 17 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയിലെത്തിച്ച മാനുഷി ഛില്ലറും. ഇപ്പോള്‍ ഇതാ ഇരുവരും ഒരേ തലക്കെട്ടില്‍ ഇടം പിടിച്ചിരിക്കുന്നു. മാനുഷി ഛില്ലര്‍ ഇന്ത്യന്‍ നായകനോട് ചോദിച്ച ഒരു ചോദ്യമാണ് ഇപ്പോള്‍ വാര്‍ത്ത. ലോകസുന്ദരിയായി തിരഞ്ഞെടുക്കാനുള്ള മാനുഷിയുടെ ഉത്തരം ഏറെ അഭിനന്ദനങ്ങള്‍ നേടിയിരുന്നു. ഉത്തരത്തില്‍ മാത്രമല്ല ചോദ്യം ചോദിക്കാനും താന്‍ മിടുക്കിയാണെന്ന് തെളിയിച്ചിരിക്കുകയാണ് ഇന്ത്യയുടെ ആറാമത്തെ ലോകസുന്ദരി. 

വിരാട് കൊഹ്ലിക്കായി മാനുഷ് കരുതിവച്ചിരുന്ന ചോദ്യം ഇതാണ്. ' ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് താങ്കള്‍. സമൂഹത്തിനായി ഒട്ടേറെ കാര്യങ്ങള്‍ ചെയ്യുന്ന താങ്കള്‍ ഒരുപാട് പേര്‍ക്ക് വലിയ പ്രചോദനം ആയിട്ടുള്ള വ്യക്തിയാണ്. എന്നാല്‍ ഒരുപാട് യുവാക്കള്‍ താങ്കളെകണ്ട് പ്രേരിതരാകുന്നുണ്ട്. വളര്‍ന്നു വരുന്ന തന്റെ ആരാധകര്‍ക്ക് പ്രത്യേകിച്ച് കുട്ടികളായ ആരാധകര്‍ക്ക് എന്താണ് തിരിച്ചു നല്‍കാന്‍ ആഗ്രഹിക്കുന്നത്.'

മാനുഷി ചോദ്യം അവസാനിപ്പിച്ചപ്പോള്‍ ഒട്ടും ശങ്കിച്ചുനില്‍ക്കാതെ വളരെ ഗൗരവമായിതന്നെ ചോദ്യത്തെ കണ്ടുകൊണ്ട് കൊഹ്ലി ഉത്തരം പറഞ്ഞുതുടങ്ങി. ' ഏറ്റവും പ്രധാനമായി മനസ്സിലാക്കേണ്ട കാര്യം നിങ്ങള്‍ എന്തു ചെയ്താലും ഫീല്‍ഡില്‍ എന്തുതന്നെ പ്രകടിപ്പിച്ചാലും അത് സത്യസന്ധമായിരിക്കണം, അത് ഹൃദയത്തില്‍ നിന്ന് വരുന്നതാവണം എന്നാണ്. അല്ലാത്തപക്ഷം നിങ്ങള്‍ അഭിനയിക്കുകയാണെന്ന് ആളുകള്‍ കരുതാന്‍ തുടങ്ങും അവര്‍ക്കു പിന്നെയൊരിക്കലും നിങ്ങളുമായി ഇണങ്ങാന്‍ കഴിയാതെവരും. ഞാന്‍ ഒരിക്കലും മറ്റൊരാളാവാന്‍ ശ്രമിച്ചിട്ടില്ല. ഞാന്‍ എപ്പോഴും ഞാന്‍ തന്നെയായി നിലനിന്നു. പലര്‍ക്കും ഞാന്‍ എന്താണെന്നതില്‍ എന്നോട് പല പ്രശ്‌നങ്ങളും തോന്നിയിട്ടുണ്ട്. പക്ഷെ അതൊന്നും എനിക്കൊരു പ്രശ്‌നമായിരുന്നില്ല. എനിക്ക് മാറണമെന്ന് സ്വയം തോന്നിയ നിമിഷങ്ങളില്‍ മാത്രമേ ഞാന്‍ മാറിയിട്ടൊള്ളു', വിരാട് മാനുഷിക്ക് ഉത്തരം നല്‍കി. 

ആളുകള്‍ ഒരിക്കലും മറ്റുള്ളവരെ പ്രീതിപ്പെടുത്താനായി സ്വന്തം വ്യക്തിത്വം നഷ്ടപ്പെടുത്തരുതെന്നും വിരാട് പറഞ്ഞു. മറ്റുള്ളവര്‍ക്ക് പ്രചോദനമാകാന്‍ കഴിയുന്നില്ലെന്ന് കരുതി സ്വന്തം വ്യക്തിത്വം മാറ്റേണ്ട കാര്യമില്ല. മറ്റൊരാളാകാന്‍ ശ്രമിക്കുമ്പോഴും ബോധപൂര്‍വ്വം മറ്റുള്ളവര്‍ക്ക് പ്രചോദനമാകാന്‍ നോക്കുമ്പോഴും ഒരിക്കലും നിങ്ങള്‍ വിജയിക്കില്ല, കൊഹ്ലി കൂട്ടിച്ചേര്‍ത്തു. 

കൊഹ്ലിയുടെ നീണ്ട ഉത്തരത്തെ ഒരു പുഞ്ചിരിയോടെ കേട്ടിരിക്കുന്ന മാനുഷിയെയാണ് കാണാന്‍ കഴിഞ്ഞത്. ഡല്‍ഹിയില്‍ നടന്ന ചടങ്ങല്‍ പങ്കെടുക്കാന്‍ ഒന്നിച്ചെത്തിയപ്പോഴാണ് സിഎന്‍എന്‍ഐബിഎന്‍ സംഘടിപ്പിച്ച ഇന്ത്യന്‍ ഓഫ് ദ ഇയര്‍ പുരസ്‌കാര വേദിയില്‍ നിന്നിരുന്ന വിരാടിനോടാണ് മാനുഷി തന്റെ ചോദ്യം ചോദിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com