വിനീതില്ലാതെ മഞ്ഞപ്പട ; ഗോവ കീഴടക്കാന്‍ ജിംഗനും സംഘവും

ഐഎസ്എല്ലിലെ ഈ സീസണിലെ ആദ്യ എവേ മാച്ചില്‍ ഗോവ എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍
വിനീതില്ലാതെ മഞ്ഞപ്പട ; ഗോവ കീഴടക്കാന്‍ ജിംഗനും സംഘവും

മഡ്ഗാവ് : സ്വന്തം കളിമുറ്റത്തു നിന്നും ഇക്കുറി എതിരാളിയുടെ മൈതാനത്ത് പന്തുതട്ടാനൊരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഐഎസ്എല്ലിലെ ഈ സീസണിലെ ആദ്യ എവേ മാച്ചില്‍ ഗോവ എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. സൂപ്പര്‍ താരം സി കെ വിനീത് ഇല്ലാതെയാണ് മഞ്ഞപ്പട ഇന്ന് ആദ്യജയം തേടി ഗോവന്‍ മൈതാനത്തിറങ്ങുന്നത്. ടൂര്‍ണമെന്റില്‍ ഇതുവരെ വിജയം നേടാനാകാത്തതിന്റെ നിരാശ മഞ്ഞപ്പട ഇന്ന് തീര്‍ക്കുമോ എന്നാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 

മുംബൈയ്‌ക്കെതിരായ മല്‍സരത്തില്‍ ചുവപ്പുകാര്‍ഡ് ലഭിച്ചതിനെ തുടര്‍ന്നാണ് വിനീതിന് ഇന്നത്തെ മല്‍സരത്തില്‍ വിലക്ക് വന്നത്. വിനീതിന് പകരം മിലന്‍ സിംഗ് ആദ്യ ഇലവനില്‍ ഇടംപിടിക്കും. ലാല്‍റുത്താര, നെമാന്‍ജ ലാസിക്‌പെസിച്ച്, സന്ദേശ് ജിംഗന്‍, റിനോ ആന്റോ എന്നിവരാകും പ്രതിരോധ കോട്ട കാക്കുക. അരാട്ട ഇസുമി, കരേജ് പെകൂസണ്‍, മിലന്‍ സിംഗ്, ദിമിതര്‍ ബെര്‍ബറ്റോവ്, ജാക്കിചന്ദ് സിംഗ് എന്നിവരാകും മധ്യനിരയില്‍ മഞ്ഞപ്പടയുടെ കളി മെനയുക. മുന്നേറ്റത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ സീസണിലെ ആദ്യ ഗോള്‍ സ്‌കോററായ മാര്‍ക് സിഫ്‌ന്യോസ് ഇറങ്ങിയേക്കും. 

കറേജ് പെകൂസണിന് പകരം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്‍താരം വെസ്ബ്രൗണിനെ പരീക്ഷിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രതിരോധത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കിയാലാകും ബ്രൗണ്‍ ടീമില്‍ ഇടംപിടിക്കുക. സ്റ്റാര്‍ സ്‌ട്രൈക്കര്‍ ഇയാന്‍ ഹ്യൂം ഫോമിലല്ലാത്തതും ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയാണ്. ഇതുവരെ വിജയം നേടാനായില്ലെങ്കിലും ടീമിന്റെ പ്രകടനം മികച്ചതായി വരുന്നുണ്ടെന്നാണ് കോച്ച് റെനെ മ്യൂലന്‍സ്റ്റീന്റെ അഭിപ്രായം. 


അതേസമയം പന്ത് പിടിച്ചെടുക്കുന്നതിലും, പാസ് ചെയ്യുന്നതിലും, ഗോള്‍ ലക്ഷ്യത്തിലേക്കു കൃത്യത പുലര്‍ത്തുന്ന ഷോട്ടുകള്‍ തൊടുക്കുന്നതിലും ഗോവന്‍ ടീം വളരെ മുന്നിലാണ്. സീസണിലെ ആദ്യ ഹാട്രിക്കോടെ മിന്നുന്ന ഫെറാന്‍ കോറോമിനാസായിരിക്കും ഗോവയുടെ തുറുപ്പു ചീട്ട്. ആക്രമണത്തിലൂന്നിയുളള തന്റെ പ്രിയപ്പെട്ട 4-3-3 ശൈലിയിലാകും ഗോവ പരിശീലകന്‍ സെര്‍ജിയോ ലൊബേര ടീമിനെ അണി നിരത്താന്‍ സാധ്യത. ലക്ഷ്മികാന്ത് കട്ടിമണിയാണ് ഗോവയുടെ ഗോളി. നാരായണ്‍ ദാസ്, സെറിറ്റണ്‍ ഫെര്‍ണാണ്ടസ്, ചിംഗ്ലന്‍സന സിംഗ്, മുഹമ്മദ് അലി എന്നിവര്‍ പ്രതിരോധത്തിലും, എഡ്യൂ ബേഡിയ, ബ്രൂണോ പിന്നേരോ, മാനുവേല്‍ അറാന എന്നിവര്‍ മധ്യനിരയിലും ഇറങ്ങും. മുന്നേറ്റത്തില്‍ സ്പാനിഷ് താരം കൊറോമിനാസിന് കൂട്ടായി മന്ദര്‍ രാവു ദേശായി, മാനുവല്‍ ലാന്‍സറോട്ടി എന്നിവരും ഇടംപിടിച്ചേക്കും. 

ഗോവ ഫട്ടോര്‍ഡ സ്‌റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് മല്‍സരം. ഇതുവരെ ഗോവയും ബ്ലാസ്‌റ്റേഴ്‌സും ഏറ്റുമുട്ടിയപ്പോള്‍ ഇടു ടീമുകളും തുല്യത പാലിക്കുകയാണ്. ഇതുവരെ ആറു തവണയാണ് ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നത്. മൂന്നു വിജയം വീതം ഇരുടീമുകളും നേടി. അതേസമയം ഗോവ 12 ഗോള്‍ നേടിയപ്പോള്‍, ബ്ലാസ്‌റ്റേഴ്‌സ് ഏഴ് ഗോളുകള്‍ മാത്രമാണ് എതിര്‍ വലയിലെത്തിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com