നാല് കളികളെ കഴിഞ്ഞിട്ടുള്ളു,  സ്വയം പറഞ്ഞ് സമാധാനിച്ചാലും മഞ്ഞപ്പടയുടെ നെഞ്ചിടിപ്പ് കെട്ടടങ്ങില്ല

നല്ല ടീമായി രൂപപ്പെടാന്‍ സമയമെടുക്കുമെന്ന് സ്വയം പറഞ്ഞ് വിശ്വസിപ്പിക്കുകയാണ് മഞ്ഞപ്പടയുടെ ആരാധകര്‍
നാല് കളികളെ കഴിഞ്ഞിട്ടുള്ളു,  സ്വയം പറഞ്ഞ് സമാധാനിച്ചാലും മഞ്ഞപ്പടയുടെ നെഞ്ചിടിപ്പ് കെട്ടടങ്ങില്ല

ഗോവ ഏല്‍പ്പിച്ച ആഘാതം വീണ്ടെടുത്ത് തിരിച്ചുവരാന്‍ മഞ്ഞപ്പടയ്ക്ക് സാധിക്കുമോ എന്നതാണ് ആരാധകരുടെ ഇപ്പോഴത്തെ ആശങ്ക. കടലാസിലെ പുലികളായിട്ടായിരുന്നു ഐഎസ്എല്‍ നാലാം സീസണില്‍ ബ്ലാസ്റ്റേഴ്‌സ് പന്തു തട്ടാനിറങ്ങിയത്. എന്നാല്‍ ആദ്യ മൂന്ന് ഹോം മത്സരങ്ങളില്‍ തോല്‍ക്കാതെ, ഗോള്‍ വഴങ്ങുന്നതില്‍ കാണിച്ച കാര്‍ക്കശ്യം ആദ്യ ഏവേ മത്സരത്തില്‍ നഷ്ടപ്പെട്ടതോടെ കളിക്കളത്തില്‍ ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു മഞ്ഞപ്പട.

ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധ നിരയില്‍ യഥേഷ്ടം മേഞ്ഞതായിരുന്നു കോറോ ഉള്‍പ്പെടെയുള്ള ഗോവന്‍ മുന്നേറ്റ നിരക്കാരുടെ കളി. കൊട്ടിഘോഷിച്ച് മഞ്ഞക്കുപ്പായത്തിലേക്ക് വന്ന ബെര്‍ബറ്റോവ് ഒരു കളിയില്‍ പോലും ടീമിന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തതും, പ്രതിരോധ നിരയില്‍ വെസ് ബ്രൗണിനെ ഇറക്കി കോട്ട ശക്തമാക്കാന്‍ സാധിക്കാത്തതും ബ്ലാസ്‌റ്റേഴ്‌സിന് തീര്‍ക്കുന്ന തലവേദന ചില്ലറയല്ല. സീസണ്‍ തുടങ്ങിയതേ ഉള്ളു..നല്ല ടീമായി രൂപപ്പെടാന്‍ സമയമെടുക്കുമെന്ന് സ്വയം പറഞ്ഞ് വിശ്വസിപ്പിക്കുകയാണ് മഞ്ഞപ്പടയുടെ ആരാധകര്‍. 

വിനീതും, ഹ്യൂമും ഗോവയ്‌ക്കെതിരെ കളത്തിലുണ്ടായിരുന്നെങ്കിലും വലിയ അത്ഭുതങ്ങളൊന്നും ഉണ്ടാകില്ലെന്ന വിലയിരുത്തുന്നവരാണ് മഞ്ഞപ്പടയുടെ ആരാധകരില്‍ അധികവും. ജെര്‍മനേയും, ബെല്‍ഫോര്‍ട്ടിനേയും, ഹെങ്ബര്‍ട്ടിനേയുമെല്ലാം തിരിച്ച് മഞ്ഞക്കുപ്പായത്തിലെത്തിക്കാനുള്ള ആവശ്യം ആരാധകരുടെ ഭാഗത്ത് നിന്നും ഉയര്‍ന്നു കഴിഞ്ഞു. 

ഗോവയ്‌ക്കെതിരായ മത്സരത്തിന് ശേഷം ബ്ലാസ്‌റ്റേഴ്‌സിനെ കളിയാക്കിയുള്ള ട്രോളുകളാണ് സമൂഹമാധ്യമങ്ങളിലും നിറയുന്നത്. ബ്ലാസ്‌റ്റേഴ്‌സിന്റെ സീസണ്‍ നേരത്തെ  അവസാനിച്ചിരിക്കുന്നുവെന്നാണ് ട്വിറ്ററില്‍ ഉയരുന്ന പരിഹാസം. ഐഎസ്എല്ലിലെ ഏറ്റവും മോശം ടീമാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് എന്നും അഭിപ്രായം ഉയരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com