ക്ഷമയുടേയും മാന്യതയുടേയും പര്യായമായിരിക്കും, പക്ഷേ വന്‍ മതിലിന്റേയും നിയന്ത്രണം വിട്ട് പോയിട്ടുണ്ട്‌

ദ്രാവിഡിനെതിരെ മൈതാനത്ത് ഏതെങ്കിലും താരം പ്രശ്‌നം സൃഷ്ടിക്കുന്നത് കണ്ടാല്‍ മനസിലാക്കിക്കോളണം, ആ താരത്തിന് കാര്യമായ മറ്റെന്തോ പ്രശ്‌നമുണ്ടെന്ന്
ക്ഷമയുടേയും മാന്യതയുടേയും പര്യായമായിരിക്കും, പക്ഷേ വന്‍ മതിലിന്റേയും നിയന്ത്രണം വിട്ട് പോയിട്ടുണ്ട്‌

ദ്രാവിഡിനെതിരെ മൈതാനത്ത് ഏതെങ്കിലും താരം പ്രശ്‌നം സൃഷ്ടിക്കുന്നത് കണ്ടാല്‍ മനസിലാക്കിക്കോളണം, ആ താരത്തിന് കാര്യമായ മറ്റെന്തോ പ്രശ്‌നമുണ്ടെന്ന്. ദ്രാവിഡിനെ കുറിച്ചുള്ള ജാക് കാലിസിന്റെ വാക്കുകളായിരുന്നു ഇത്. ഇന്ത്യന്‍ വന്‍മതിലിന്റെ ക്ഷമയും മൈതാനത്തെ മാന്യതയുമായിരുന്നു ക്രിക്കറ്റ് ആരാധകരെ ഈ ബംഗളൂരുകാരനിലേക്ക് അടുപ്പിച്ചത്. അത്ര പെട്ടെന്നൊന്നും മൈതാനത്ത് എതിര്‍ താരങ്ങളില്‍ നിന്നുമുണ്ടാകുന്ന പ്രകോപനങ്ങളില്‍ ദ്രാവിഡ് വീഴില്ല. 

എതിരാളികളില്‍ നിന്നുമുണ്ടാകുന്ന പ്രകോപനങ്ങളില്‍ ദ്രാവിഡ് പ്രതികരിച്ചു തുടങ്ങിയാല്‍ മനസിലാക്കിക്കോളണം, അസാധാരണമായ എന്തോ ഒന്ന് നടന്നിട്ടുണ്ടെന്ന്. 

ഇംഗ്ലണ്ടിനെതിരായ മുംബൈ ടെസ്റ്റില്‍ ദ്രാവിഡിന് തന്റെ നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു. 2006ലായിരുന്നു സംഭവം. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സില്‍ നില്‍ക്കുകയായിരുന്നു ഇന്ത്യ. 313 എന്ന ഇംഗ്ലണ്ട് ഉയര്‍ത്തിയ വിജയലക്ഷ്യം പിന്തുടരുന്നതിന് ഇടയില്‍ ദ്രാവിഡിനെ ഫ്‌ലിന്റോഫ് ഡ്രസിങ്  റൂമിലേക്ക് മടക്കി. ഇന്ത്യയുടെ പോരാട്ടം 100 റണ്‍സിന് താഴെ അവസാനിച്ചു. 

ജയിക്കാവുന്ന മത്സരത്തില്‍ തോറ്റതോടെ ഇന്ത്യയ്ക്ക് ഇംഗ്ലണ്ടിനെതിരായ പരമ്പര സമനിലയില്‍ അവസാനിപ്പിക്കേണ്ടി വന്നു. ഈ സമയം നായകനായിരുന്നു ദ്രാവിഡിന് തോല്‍വിയുടെ നിരാശ നിയന്ത്രിക്കാനായില്ല. ഡ്രസിങ് റൂമിലെ കസേര വലിച്ചെറിഞ്ഞുള്‍പ്പെടെയായിരുന്നു ദ്രാവിഡ് അന്ന് പ്രതികരിച്ചത്. 

വന്മതിലും മനുഷ്യനാണ്. ദേഷ്യവും, സങ്കടവുമെല്ലാം അനുഭവിക്കുന്ന മനുഷ്യന്‍. തോറ്റതിലായിരുന്നില്ല ദ്രാവിഡിന് സങ്കടം. പോരുതാതെ കീഴടങ്ങിയതിലായിരുന്നു അദ്ദേഹത്തിന്റെ നിരാശ. എന്നാല്‍ തന്റെ ക്ഷോഭ പ്രകടനം ആ രീതിയിലേക്ക് വരാന്‍ പാടില്ലായിരുന്നു എന്ന് പിന്നീട് ദ്രാവിഡ് തന്നെ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com