ഇന്ത്യ-ശ്രീലങ്ക ലോകകപ്പ് ഫൈനലില്‍ ഒത്തുകളി? അന്വേഷണം വേണമെന്ന് മുന്‍ ശ്രീലങ്കന്‍ നായകന്‍ രണതുംഗ

എല്ലാം തനിക്ക് ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല. കുപ്പായത്തിനുള്ളിലെ അഴുക്ക് കളിക്കാര്‍ക്ക് ഒളിപ്പിക്കാന്‍ സാധിക്കില്ലെന്നും രണതുംഗ
ഇന്ത്യ-ശ്രീലങ്ക ലോകകപ്പ് ഫൈനലില്‍ ഒത്തുകളി? അന്വേഷണം വേണമെന്ന് മുന്‍ ശ്രീലങ്കന്‍ നായകന്‍ രണതുംഗ

ഇന്ത്യ ലോക ചാമ്പ്യന്‍മാരായ 2011ലെ ലോക കപ്പ് ഫൈനലില്‍ ഒത്തുകളി നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് മുന്‍ ശ്രീലങ്കന്‍ നായകന്‍ അര്‍ജുന രണതുംഗ. ധോനി നയിച്ച ഇന്ത്യന്‍ ടീമിനെതിരെ ശ്രീലങ്കന്‍ ടീം നേരിട്ട തോല്‍വിയെ കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യമാണ് ശ്രീലങ്കന്‍ താരം മുന്നോട്ടുവെച്ചിരിക്കുന്നത്. 

മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ശ്രീലങ്കന്‍ ടീം നേരിട്ട ആറ് വിക്കറ്റ് തോല്‍വി തന്നെ ഞെട്ടിച്ചുവെന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ രണതുംഗ പറയുന്നു. ഫൈനല്‍ മത്സരത്തിന്റെ സമയത്ത് കമന്ററി ടീമിന്റെ ഭാഗമായി താനും ഇന്ത്യയില്‍ ഉണ്ടായിരുന്നു. ശ്രീലങ്കന്‍ ടീമിന്റെ തോല്‍വി ആ സമയം തന്നെ തന്നില്‍ സംശയം ഉണര്‍ത്തിയിരുന്നു എന്നും ശ്രീലങ്കന്‍ ടീമിനെ ലോക കിരീടത്തിലേക്ക് എത്തിച്ച നായകന്‍ പറയുന്നു. 

എല്ലാം തനിക്ക് ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല. കുപ്പായത്തിനുള്ളിലെ അഴുക്ക് കളിക്കാര്‍ക്ക് ഒളിപ്പിക്കാന്‍ സാധിക്കില്ലെന്നും ആരുടേയും പേര് പരാമര്‍ശിക്കാതെ മുന്‍ ശ്രീലങ്കന്‍ നായകന്‍ പറഞ്ഞു.  എന്നാല്‍ രണതുംഗയുടെ ആരോപണങ്ങള്‍ തള്ളി ഫൈനലില്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന താരങ്ങളായ ഗൗതം ഗംഭീറും ആശിഷ് നെഹ്‌റയും രംഗത്തെത്തി. ആരോപണങ്ങള്‍ക്കൊപ്പം തെളിവുകളും നിരത്താന്‍ രണതുംഗയെ ഗംഭീര്‍ വെല്ലുവിളിച്ചു.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക മുന്നില്‍ വെച്ച 274 റണ്‍സായിരുന്നു ഇന്ത്യയുടെ കപ്പിലേക്കുള്ള ദൂരം. 18 റണ്‍സിന് സച്ചിനെ പുറത്താക്കി ശ്രീലങ്ക ഇന്ത്യയ്ക്ക് പ്രഹരം ഏല്‍പ്പിച്ചെങ്കിലും കളി പിന്നീട് ഇന്ത്യയുടെ വരുതിയിലാവുകയായിരുന്നു. ശ്രീലങ്കന്‍ ടീമിന്റെ മോശം ബൗളിങ്ങും, ഫീല്‍ഡിങ്ങും ലോക ചാമ്പ്യന്‍ പട്ടത്തിലേക്കുള്ള ഇന്ത്യയുടെ യാത്ര എളുപ്പമാക്കിയിരുന്നു.

ഫൈനലിലെ പരാജയത്തിന് പിന്നാലെ ശ്രീലങ്കന്‍ മാധ്യമങ്ങള്‍ ഒത്തുകളിയെന്ന സംശയം ഉന്നയിച്ചിരുന്നു എങ്കിലും, ഇതില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡോ, സര്‍ക്കാരോ അന്വേഷണം പ്രഖ്യാപിച്ചിരുന്നില്ല. ശ്രീലങ്കയുടെ നാല് പ്രധാനപ്പെട്ട താരങ്ങളായ അജന്താ മെന്‍ഡിസ്, ചമര സില്‍വ,റംഗന ഹെറാത്, എയ്ഞ്ചലോ മാത്യൂസ് എന്നിവരെ ഒഴിവാക്കിയായിരുന്നു ശ്രീലങ്ക ഫൈനല്‍ മത്സരത്തിന് ഇറങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com