ധോനിയെ വിലകുറച്ച് കാണരുത്, ഇന്ത്യക്കാരോട് ആദം ഗില്‍ക്രിസ്റ്റ്‌

മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാര്‍ ഉണ്ടാകും. പക്ഷേ ധോനിയേക്കാള്‍ മികച്ചവരുണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ല
ധോനിയെ വിലകുറച്ച് കാണരുത്, ഇന്ത്യക്കാരോട് ആദം ഗില്‍ക്രിസ്റ്റ്‌

ഇനി എത്രനാള്‍ ധോനി ഇന്ത്യന്‍ കുപ്പായത്തില്‍ കളിക്കും. ക്രിക്കറ്റ് പ്രേമികള്‍ക്കുള്ളില്‍ ഈ ചോദ്യം കയറിക്കൂടിയിട്ട് കുറച്ചു നാളുകളായി. എന്നാല്‍ ഇംഗ്ലണ്ടിലേക്ക് പറക്കുന്ന 2019ലെ ഇന്ത്യയുടെ ലോക കപ്പ് സംഘത്തില്‍ ധോനി ഉണ്ടാകുമെന്ന സൂചനയാണ് പരിശീലകന്‍ രവി ശാസ്ത്രിയും നായകന്‍ കോഹ് ലിയും നല്‍കുന്നത്. 

ഫോമിന്റെ അടിസ്ഥാനത്തിലായിരിക്കും ധോനിയുടെ ടീമിലെ ഇടം പരിഗണിക്കുന്നതെന്ന ടീം സെലക്ടറുടെ പരാമര്‍ശത്തിന് ആരാധകര്‍ തക്ക മറുപടി നല്‍കിയിരുന്നു. ധോനിയെ വിലകുറച്ചു കാണരുതെന്ന് ഇന്ത്യക്കാര്യ ഇപ്പോള്‍ ഓര്‍മിപ്പിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ താരം ആദം ഗില്‍ക്രിസ്റ്റ്. 

രണ്ട് വര്‍ഷത്തിന് അപ്പുറം നടക്കുന്ന ലോക കപ്പില്‍ കളിക്കുന്നതിന് ധോനിയെ പിന്തുണയ്ക്കുകയാണ് ഗില്‍ക്രിസ്റ്റ്. നിങ്ങള്‍ കരുതുന്നതിനേക്കാള്‍ കൂടുതല്‍ ധോനി ഇന്ത്യന്‍ ക്രിക്കറ്റിനായി നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പരിചയസമ്പത്തിന്റെ വിലകുറച്ച് കാണരുത്. ധോനിയുടെ സാന്നിധ്യം കൊണ്ട് തന്നെ ടീം വിചാരിക്കുന്നതിലും കൂടുതല്‍ നേട്ടങ്ങള്‍ അദൃശ്യമായി ടീമിലുണ്ടാകും. 

ധോനിയുടെ പരിചയ സമ്പത്തും ശാന്ത സ്വഭാവവും ടീമില്‍ കൊണ്ടുവരുന്ന മാറ്റത്തെ വിലകുറച്ച് കാണാന്‍ ആര്‍ക്ക് സാധിക്കുമെന്ന് താന്‍ അത്ഭുതപ്പെടുകയാണെന്നും ഗില്‍ക്രിസ്റ്റ് പറയുന്നു. മൂന്ന് മുതല്‍ ഏഴ് വരെയുള്ള ഏത് ഓര്‍ഡറിലും ബാറ്റ് ചെയ്യാന്‍ ധോനി ഇപ്പോഴും പ്രാപ്തനാണ്. ഇതിലൂടെ ധോനി ടീമിന് കൂടുതല്‍ ഫ്‌ലെക്‌സിബിലിറ്റി നല്‍കുന്നതായും ഗില്‍ക്രിസ്റ്റ് ചൂണ്ടിക്കാട്ടുന്നു. 

കഴിഞ്ഞ ഒരു വര്‍ഷത്തെ ധോനിയുടെ സ്റ്റാറ്റിസ്റ്റിക്‌സ് എന്റെ പക്കലില്ല. എന്നാല്‍ ടീമിന്റെ പ്രകടനത്തെ ബാധിക്കുന്ന തരത്തില്‍ ധോനി കളിച്ചിട്ടുണ്ടാകില്ല എന്ന് തനിക്ക് ഉറപ്പാണെന്നും ഗില്‍ക്രിസ്റ്റ് പറയുന്നു.

ധോനിയേക്കാള്‍ ടീമിന് കൂടുതല്‍ സംഭാവന ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ താരങ്ങള്‍ പുറത്തില്ലേ എന്ന ചോദ്യത്തിനും ഗില്‍ക്രിസ്റ്റ് വ്യക്തമായ മറുപടി നല്‍കുന്നു. മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാര്‍ ഉണ്ടാകും. പക്ഷേ ധോനിയേക്കാള്‍ മികച്ചവരുണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് ഗില്‍ക്രിസ്റ്റ് വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com