രഞ്ജി ട്രോഫിയില്‍ കേരളത്തിന് മൂന്നാം ജയം; ജമ്മു കശ്മീരിനെ തോല്‍പ്പിച്ച് കേരളം ക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കി

കേരളത്തിന് വേണ്ടി അരങ്ങേറ്റ മല്‍സരം കളിക്കുന്ന അക്ഷയ് രണ്ടാമിന്നിംഗ്‌സില്‍അഞ്ച് വിക്കറ്റ് വീഴ്ത്തി
രഞ്ജി ട്രോഫിയില്‍ കേരളത്തിന് മൂന്നാം ജയം; ജമ്മു കശ്മീരിനെ തോല്‍പ്പിച്ച് കേരളം ക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കി

തിരുവനന്തപുരം : രഞ്ജിട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് മൂന്നാം ജയം. തുമ്പയില്‍ നടന്ന മല്‍സരത്തില്‍ ജമ്മുകശ്മീരിനെ 158 റണ്‍സിനാണ് കേരളം തോല്‍പ്പിച്ചത്.  238 റണ്‍സ് വിജയലക്ഷ്യം തേടി ഇറങ്ങിയ കശ്മീര്‍ 79 റണ്‍സിന് എല്ലാവരും പുറത്തായി. കേരളത്തിന് വേണ്ടി അരങ്ങേറ്റ മല്‍സരം കളിക്കുന്ന അക്ഷയ് അഞ്ച് വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിംഗ്‌സില്‍ നാലു വിക്കറ്റ് നേടിയ അക്ഷയിന്റെ മൊത്തം വിക്കറ്റ് നേട്ടം ഒമ്പതായി. 

ഏഴു വിക്കറ്റിന് 56 റണ്‍സ് എന്ന നിലയില്‍ അവസാനദിനം ബാറ്റിംഗ് പുനരാരംഭിച്ച ജമ്മു കശ്മീരിന് 23 റണ്‍സ് കൂടി മാത്രമേ കൂട്ടിചേര്‍ക്കാനായൂള്ളൂ. അവസാന മൂന്നു വിക്കറ്റും പിഴുത് അക്ഷയ് ആണ് കേരളത്തിന് വിജയം സമ്മാനിച്ചത്. ജമ്മുവിന്റെ സ്‌കോര്‍ 64 ലെത്തിയപ്പോള്‍ ആസിഫ് ഖാനെ ക്ലീന്‍ ബൗള്‍ ചെയ്ത് അക്ഷയ് കേരളത്തെ വിജയത്തിലേക്ക് അടുപ്പിച്ചു. 79 റണ്‍സെത്തിയപ്പോള്‍, തുടരെയുള്ള പന്തുകളില്‍ ആമിര്‍ അസീസിനെയും, മുഹമ്മദ് മുദാസിറിനെയും പുറത്താക്കി അക്ഷയ് ചടങ്ങ് പൂര്‍ത്തിയാക്കി. 

ജയത്തോടെ കേരളം ക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കി. സ്പിന്നര്‍മാരുടെ പറുദീസയായി മാറിയ പിച്ചില്‍ രോഹന്‍ പ്രേമിന്റെ അര്‍ധസെഞ്ച്വറിയാണ് കേരളത്തെ രക്ഷിച്ചത്. രോഹന്‍ 58 റണ്‍സെടുത്തപ്പോള്‍, അരുണ്‍ കാര്‍ത്തിക് 36 ഉം, സല്‍മാന്‍ നിസാര്‍ 32 ഉം റണ്‍സെടുത്തു. നേരത്തെ ജാര്‍ഖണ്ഡിനെയും രാജസ്ഥാനെയും കേരളം തോല്‍പ്പിച്ചിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com