ലോകകപ്പില്‍ പ്രതിരോധകോട്ട കെട്ടാന്‍ അസ്സൂറിപ്പടയില്ല

ആറു പതിറ്റാണ്ടിനിടെ ഇത് ആദ്യമായാണ് ഇറ്റലി ലോകകപ്പിന് യോഗ്യത നേടാനാവാതെ പോകുന്നത്.
ലോകകപ്പില്‍ പ്രതിരോധകോട്ട കെട്ടാന്‍ അസ്സൂറിപ്പടയില്ല

മിലാന്‍ : റഷ്യയില്‍ അടുത്തവര്‍ഷം നടക്കുന്ന ലോകകപ്പില്‍ ഇറ്റലിയില്ല. സ്വീഡനെതിരെ നടന്ന യൂറോപ്യന്‍ യോഗ്യതാറൗണ്ട് രണ്ടാം പാദ മല്‍സരത്തില്‍ ഗോള്‍ രഹിത സമനില വഴങ്ങിയതോടെയാണ് അസ്സൂറികള്‍ ലോകകപ്പ്  യോഗ്യത നേടാനാകാതെ പുറത്തായത്. ആറു പതിറ്റാണ്ടിനിടെ ഇത് ആദ്യമായാണ് ഇറ്റലി ലോകകപ്പിന് യോഗ്യത നേടാനാവാതെ പോകുന്നത്. ആദ്യപാദത്തില്‍ സ്വീഡനോട് ഒരു ഗോള്‍ വഴങ്ങിയ ഇറ്റലിയ്ക്ക് ലോകകപ്പ് യോഗ്യതയ്ക്ക് വിജയം അനിവാര്യമായിരുന്നു. എന്നാല്‍ നിര്‍ണായക പോരാട്ടത്തില്‍ സ്വീഡിഷ് വല ചലിപ്പിക്കാനാകാതെ അസ്സൂറിപ്പട നിസ്സഹായരായി. 

രണ്ടാം പാദ പ്ലേ ഓഫില്‍ വ്യക്തമായ മുന്‍തൂക്കം ലഭിച്ചെങ്കിലും ഗോള്‍ നേടാനാകാതെ പോയതാണ് ഇറ്റലിയിക്ക് തിരിച്ചടിയായത്. മല്‍സരത്തിന്റെ 76 ശതമാനം സമയവും പന്തു കൈവശം വച്ചു കളിച്ച ഇറ്റലിക്ക് സ്വീഡിഷ് പ്രതിരോധം ഭേദിക്കാനായില്ല. സാന്‍സിരോയില്‍ എഴുപതിനായിരത്തിലേറെ വരുന്ന കാണികളുടെ നിര്‍ലോഭ പിന്തുണയുണ്ടായിട്ടും മഞ്ഞപ്പടയുടെ വല കുലുക്കാന്‍, ഇറ്റാലിയന്‍ സ്‌ട്രൈക്കര്‍മാര്‍ക്ക് കഴിഞ്ഞില്ല. അന്റോണിയോ കാന്‍ഡ്രെവയുടെയും അലെസ്സാന്‍ഡ്രോ ഫ്‌ളോറന്‍സിയുടെയും ശ്രമങ്ങള്‍ നേരിയ വ്യത്യാസത്തിനാണ് ഗോളാകാതെ പോയത്. പരുക്കന്‍ അടവുകള്‍ ഏറെ കണ്ട മല്‍സരത്തില്‍ ഒന്‍പതു മഞ്ഞക്കാര്‍ഡുകളാണ് റഫറി പുറത്തെടുത്തത്. 

നാലു തവണ ലോകചാമ്പ്യന്മാരായ ഇറ്റലി, 1958 ല്‍ സ്വീഡനില്‍ നടന്ന ലോകകപ്പിലാണ് ഇതിന് മുന്‍പ് യോഗ്യത നേടാതിരുന്നത്. ഇറ്റലി മാത്രമാണ് അടുത്ത ലോകകപ്പിന് യോഗ്യത നേടാനാകാതെ പുറത്താകുന്ന മുന്‍ ചാമ്പ്യന്മാര്‍. 1934,38,1982,2006 വര്‍ഷങ്ങളിലാണ് ഇറ്റലി ലോകചാമ്പ്യന്മാരായത്. 1970ലും 94ലും റണ്ണറപ്പുകളായി. രണ്ടു തവണ സെമിയിലും അസ്സൂറികള്‍ പുറത്തായി. എന്നാല്‍ കഴിഞ്ഞ രണ്ടു തവണയും ഗ്രൂപ്പ് റൗണ്ടില്‍ തന്നെ ഇറ്റലി പുറത്തായിരുന്നു. 

1930ല്‍ യുറഗ്വായിലും 1958ല്‍ സ്വീഡനിലും മാത്രമാണ് ഇറ്റലി പങ്കെടുക്കാതെ ലോകകപ്പ് അരങ്ങേറിയിട്ടുള്ളത്. അതിനുശേഷം നടന്ന 14 ലോകകപ്പുകളിലും ശക്തമായ സാന്നിധ്യമായി ഇറ്റലിയുണ്ടായിരുന്നു. യോഗ്യതാ റൗണ്ടിലെ മോശം പ്രകടനമാണ് ഇത്തവണ ഇറ്റലിയെ പ്ലേ ഓഫിലേക്ക് തള്ളിവിട്ടത്. തോല്‍വിക്ക് പിന്നാലെ ഇറ്റാലിയന്‍ ക്യാപ്റ്റനും ഇതിഹാസ ഗോള്‍പ്പറുമായ ജിയാന്‍ലൂഗി ബഫണ്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു.

അതേസമയം അസ്സൂറികളെ പിടിച്ചുകെട്ടിയ സ്വീഡിഷ് മഞ്ഞപ്പട ലോകകപ്പിന് യോഗ്യത നേടി. ആദ്യപാദ വിജയത്തിന്റെ പിന്‍ബലത്തിലാണ് സ്വീഡന്റെ ലോകകപ്പ് പ്രവേശം. ആദ്യപാദ മല്‍സരത്തിന്റെ 61 ആം മിനിറ്റില്‍ ജേക്കബ് ജൊനാസനാണ് സ്വീഡന്റെ വിജയഗോള്‍ നേടിയത്. 2006 ന് ശേഷമാണ് സ്വീഡന്‍ ലോകകപ്പിന് ബൂട്ടുകെട്ടുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com