റൊണാള്‍ഡോയ്‌ക്കൊപ്പം പന്ത് തട്ടിയ താരങ്ങളാണ് ബ്ലാസ്റ്റേഴ്‌സിനായി ആറാടാന്‍ എത്തുന്നത്‌

ഇതിഹാസ താരങ്ങള്‍ നമ്മുടെ മണ്ണിലേക്ക് എത്തുന്നില്ലെങ്കിലും ഇതിഹാസങ്ങള്‍ക്കൊപ്പം കളിച്ചതിന്റെ കരുത്തുമായി ഇവര്‍ നമുക്ക് വേണ്ടി ആറാടും
റൊണാള്‍ഡോയ്‌ക്കൊപ്പം പന്ത് തട്ടിയ താരങ്ങളാണ് ബ്ലാസ്റ്റേഴ്‌സിനായി ആറാടാന്‍ എത്തുന്നത്‌

റൊണാള്‍ഡോയും മെസിയുമെല്ലാം ഐഎസ്എല്ലിന്റെ ഭാഗമാകുന്നത് രാജ്യത്തെ ഫുട്‌ബോള്‍ പ്രേമികളുടെ വിദൂര സ്വപ്‌നങ്ങളില്‍ പോലും സ്ഥാനം പിടിക്കാന്‍ ഇടയില്ല. എന്നാല്‍ ഇതിഹാസ താരം റൊണാള്‍ഡോയ്ക്ക് ഒപ്പം കളിച്ചതിന്റെ അനുഭവസമ്പത്തുമായി ഫുട്‌ബോള്‍ ലോകത്തെ താരങ്ങള്‍ ഐഎസ്എല്ലില്‍ പന്ത് തട്ടാന്‍ ഈ സീസണില്‍ എത്തുന്നുണ്ട്. അതില്‍ പ്രധാനികളെ കയ്യടക്കിയിരിക്കുന്നതാകട്ടെ കേരള ബ്ലാസ്റ്റേഴ്‌സും. 

ഇതിഹാസ താരങ്ങള്‍ നമ്മുടെ മണ്ണിലേക്ക് എത്തുന്നില്ലെങ്കിലും ഇതിഹാസങ്ങള്‍ക്കൊപ്പം കളിച്ചതിന്റെ കരുത്തുമായി ഇവര്‍ നമുക്ക് വേണ്ടി കളിക്കാനെത്തുകയാണ്..

വെസ് ബ്രൗണ്‍

ഐഎസ്എല്‍ സീസണ്‍ നാലില്‍ റൊണാള്‍ഡോയ്‌ക്കൊപ്പം ഏറ്റവും കുടുതല്‍ തവണ പന്തു തട്ടിയതിന്റെ അനുഭവവുമായി എത്തുന്നത് വെസ് ബ്രൗണാണ്. മഞ്ഞപ്പടയുടെ ആരാധകരെ ആവേശത്തിലാക്കിയായിരുന്നു വെസ് ബ്രൗണിന്റെ ബ്ലാസ്റ്റേഴ്‌സിലേക്കുള്ള വരവ് മാനേജ്‌മെന്റ് പ്രഖ്യാപിച്ചത് തന്നെ. 

റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലുള്ളപ്പോള്‍ ഇരുവരും 153 മത്സരങ്ങളില്‍ ഒരുമിച്ചു കളിച്ചു. ആറ് വര്‍ഷം റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്നേറ്റ നിരയില്‍ കളിച്ചപ്പോള്‍ വെസ് ബ്രൗണായിരുന്നു യുനൈറ്റഡിനായി പ്രതിരോധ കോട്ട തീര്‍ത്തത്. 

മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി റൊണാള്‍ഡോ കുപ്പായമണിഞ്ഞ 291 മത്സരങ്ങളില്‍ പകുതിയിലും വെസ് ബ്രൗണ്‍ റോണോയ്‌ക്കൊപ്പം ഉണ്ടായിരുന്നു എന്നത് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു. 

സന്ദേശ് ജിങ്കാന്‍, ലാല്‍റുത്തര, പ്രിതം കുമാര്‍ സിങ്, റിനോ ആന്റോ എന്നിവര്‍ക്കൊപ്പം വെസ് ബ്രൗണും കൂടി വരുന്നതോടെ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ കോട്ട ഭദ്രമാകും. 


ദിമിറ്റാര്‍ ബെര്‍ബറ്റോവ്‌

ദിമിറ്റാര്‍ ബെര്‍ബറ്റോവും റൊണാള്‍ഡോയും അവസാന ഇലവനില്‍ സ്ഥാനം പിടിച്ചാല്‍ അത് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആരാധകര്‍ ആവേശമാക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു.  ഇരുവരും അധികം മത്സരങ്ങള്‍ ഒരുമിച്ച് കളിച്ചിട്ടില്ലെങ്കിലും ഒരുമിച്ച് വന്നാല്‍ അത് ഫുട്‌ബോള്‍ ആരാധകര്‍ക്ക് മറക്കാനാവാത്ത നിമിഷമാകുമായിരുന്നു. 

ഐഎസ്എല്ലിന്റെ നാലാം സീസണില്‍ ഈ ബല്‍ഗേറിയക്കാരന്‍ മഞ്ഞക്കുപ്പായത്തില്‍ ഇറങ്ങുമ്പോള്‍ റൊണാള്‍ഡോയ്‌ക്കൊപ്പം കളിച്ചതിന്റെ കരുത്ത് ബ്ലാസ്റ്റേഴ്‌സിന് തുണയാകുമെന്ന് എല്ലാവര്‍ക്കും ഉറപ്പുണ്ട്. പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ ഒരുകാലത്ത് എതിരാളികളില്ലാത്ത സ്‌ട്രൈക്കറായിരുന്നു ബെര്‍ബറ്റോവ്‌. റൊണാള്‍ഡോയും ഒപ്പം ഉണ്ടേല്‍ ഏത് പ്രതിരോധ കോട്ടയും മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി അവര്‍ തകര്‍ക്കുമായിരുന്നു. 

ഹെന്‍ റിക് സെറേനോ

പ്രതിരോധ നിരക്കാരനായ ഹെന്‍ റിക് സെറേനോയായിരുന്നു കഴിഞ്ഞ സീസണില്‍ കോല്‍ക്കത്തയ്ക്ക് ഐഎസ്എല്‍ കിരീടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക ഘടകമായത്. പെനാല്‍റ്റി ബോക്‌സിന് മുന്നില്‍ ഉരുക്കുകോട്ട തീര്‍ക്കുന്ന ഈ പോര്‍ച്ചുഗല്‍ താരം 2013ല്‍ ജൂണിലായിരുന്നു പോര്‍ച്ചുഗല്‍ കുപ്പായത്തില്‍ ആദ്യ അന്താരാഷ്ട്ര മത്സരം കളിച്ചത്. ആ ടീമില്‍ പോര്‍ച്ചുഗല്‍ ഇതിഹാസം റൊണാള്‍ഡോയും ഉണ്ടായിരുന്നതായി പ്രത്യേകം പറയേണ്ടല്ലോ. 

തന്റെ ആദ്യ മത്സരത്തില്‍ തന്നെ റൊണാള്‍ഡോയുടെ ഗോളായിരുന്നു അന്ന് ഹെന്‍ റിക് അംഗമായ പോര്‍ച്ചുഗല്‍ ടീമിന് വിജയം നേടിക്കൊടുത്തത്. ഈ സീസണില്‍ ചെന്നൈയിന്‍ എഫ്‌സിയാണ് പോര്‍ച്ചുഗല്‍ താരത്തെ സ്വന്തമാക്കിയത്. 

മാര്‍ക്കോസ് ടെബര്‍

കഴിഞ്ഞ സീസണില്‍ ഡെല്‍ഹി ഡൈനാമോസിനായി കളിച്ച സ്പാനിഷ് താരം മാര്‍കോസ് ടെബറിനെ ഈ സീസണില്‍ പുനെ സിറ്റിയാണ് സ്വന്തമാക്കിയിരിക്കുന്നത്. റിയല്‍ മാഡ്രിഡിലായിരുന്നു ടെബറിന്റെ തുടക്കം. റയല്‍ മാനേജര്‍ മാന്വല്‍ പെല്ലെഗ്രിനിയുടെ കീഴില്‍ റയല്‍ കുപ്പായത്തിലിറങ്ങിയ ടെബറിന് കളി മെച്ചപ്പെടുത്താന്‍ ക്ലബ് വിടേണ്ടി വരികയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com