അന്ന് ഞാന്‍ നിങ്ങളുടെ ഹൃദയം തകര്‍ത്തു, ഇന്ന് ഹൃദയം മാറ്റിവയ്ക്കാന്‍ സഹായിക്കണം; ഇന്ത്യയോട് പാക് ഹോക്കി താരം

ഇന്ത്യയിലേക്കുള്ള പാക്കിസ്ഥാനികളുടെ മെഡിക്കല്‍ വിസ അനുവദിക്കുന്നതില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടില്ല
അന്ന് ഞാന്‍ നിങ്ങളുടെ ഹൃദയം തകര്‍ത്തു, ഇന്ന് ഹൃദയം മാറ്റിവയ്ക്കാന്‍ സഹായിക്കണം; ഇന്ത്യയോട് പാക് ഹോക്കി താരം

ഹോക്കി മത്സരങ്ങളില്‍ ഇന്ത്യയെ തോല്‍പ്പിച്ച് നിങ്ങളുടെ ഹൃദയത്തെ ഞാന്‍ വേദനിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് എനിക്ക് ഇന്ത്യയുടെ സഹായം വേണം. ഹൃദയമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഇന്ത്യയില്‍ വെച്ച് നടത്തുന്നതിന് അനുമതി തേടി അപേക്ഷിക്കുകയാണ് പാക്കിസ്ഥാന്‍ മുന്‍ ഹോക്കി താരമായ മന്‍സൂര്‍ അഹമ്മദ്. 

1994ലെ ലോക കപ്പ് പാക്കിസ്ഥാന് നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ഗോള്‍ കീപ്പറായ മന്‍സൂര്‍. 1989ലെ ഇന്ദിരാ ഗാന്ധി കപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കുക വഴിയും, മറ്റ് അവസരങ്ങളിലും ഞാന്‍ ഒരുപാട് ഇന്ത്യന്‍ ഹൃദയങ്ങളെ തകര്‍ത്തിട്ടുണ്ടാകും. എന്നാലിപ്പോള്‍ ഇന്ത്യയിലെ ഹോസ്പിറ്റലില്‍ ഹൃദയ ശസ്ത്രക്രീയ നടത്തുന്നതിനായി എത്താന്‍ അനുവാദം നല്‍കണമെന്ന് ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണെന്ന് മന്‍സൂര്‍ അഹമ്മദ് പറയുന്നു. 

2008ലെ തീവ്രവാദി ആക്രമണത്തെ തുടര്‍ന്ന് വിച്ഛേദിച്ച കായിക-സാംസ്‌കാരിക ബന്ധങ്ങള്‍ ഇതുവരെ പുനരുജ്ജീവിപ്പിച്ചിട്ടില്ല. എന്നാല്‍ ഇന്ത്യയിലേക്കുള്ള പാക്കിസ്ഥാനികളുടെ മെഡിക്കല്‍ വിസ അനുവദിക്കുന്നതില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടില്ല. പാക്കിസ്ഥാന് വേണ്ടി 338 അന്താരാഷ്ട്ര ഹോക്കി മത്സരങ്ങള്‍ കളിച്ച താരമാണ് മന്‍സൂര്‍ അഹമ്മദ്. മൂന്ന് ഒളിംപിക്‌സുകളിലും പാക്കിസ്ഥാന് വേണ്ടി മന്‍സൂര്‍ ഗോള്‍ വല കാത്തു. 

ചിര വൈരികള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നവയിലൊന്നാണ് സ്‌പോര്‍ട്‌സ്. മനുഷ്യത്വമാണ് എല്ലാത്തിലും വലുതെന്നും മന്‍സൂര്‍ പറയുന്നു.മന്‍സൂറിന്റെ ഹൃദയമാറ്റിവയ്ക്കല്‍ ശസ്ത്രക്രീയയ്ക്കുള്ള ചിലവുകള്‍ വഹിക്കുമെന്ന് പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി പ്രഖ്യാപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com