2026ല്‍ ലോക കപ്പ് കളിക്കാന്‍ 48 ടീമുകള്‍? മണ്ടത്തരമാണോ? പിന്നിലെ കളികള്‍ പലതാണ്‌

ലോക കപ്പ് ഫുട്‌ബോളില്‍ പങ്കെടുക്കാന്‍ യോഗ്യരാകുന്ന രാജ്യങ്ങളുടെ എണ്ണം 48ലേക്ക് എത്തുമ്പോള്‍ ചൈന, ഇന്ത്യ തുടങ്ങി സിംഗപ്പൂരിന് വരെ കിരീടത്തിനായി പോരാടാന്‍ സാധിക്കുന്ന സാഹചര്യത്തിലേക്കെത്തുമോ
2026ല്‍ ലോക കപ്പ് കളിക്കാന്‍ 48 ടീമുകള്‍? മണ്ടത്തരമാണോ? പിന്നിലെ കളികള്‍ പലതാണ്‌

2026ലെ ലോക കപ്പ് കളിക്കാന്‍ 48 രാജ്യങ്ങള്‍? തമാശയും അഭ്യൂഹവുമായെല്ലാം നമുക്ക് മുന്നില്‍ ഏതാനും നാളുകള്‍ക്ക് മുന്നിലെത്തിയ ഈ 48 എന്ന കണക്ക് കൂടുതല്‍ ശക്തമാവുകയാണ്. 2026ലെ ലോക കപ്പ് 48 രാജ്യങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടു നടത്തണമോ എന്നതില്‍ കായിക പ്രേമികളുടെ അഭിപ്രായം തേടിയുള്ള വോട്ടെടുപ്പ് ഈ ആഴ്ച നടക്കും. 

നിലവില്‍ 32 രാജ്യങ്ങളാണ് ഫുട്‌ബോള്‍ രാജാക്കന്മാരാകാന്‍ പോരാടുന്നത്. 48 ടീമുകള്‍ ടൂര്‍ണമെന്റിലേക്ക് എത്തിയാല്‍ 64 മത്സരങ്ങള്‍ എന്നത് 80ലേക്കെത്തും. ടൂര്‍ണമെന്റ് ബോറടിപ്പിക്കുന്ന അവസ്ഥയിലേക്ക് നീങ്ങുമെന്ന വാദം ശക്തമായ കോണില്‍ നിന്നും ഉയരുന്നുണ്ട് എങ്കിലും ഈ സാധ്യതയുമായി മുന്നോട്ടു പോകുവാനാണ് ഫിഫയുടെ തീരുമാനം. 

1930, ആദ്യ ലോക കപ്പ് ഉറുഗ്വേയില്‍ നടക്കുമ്പോള്‍ 13 രാജ്യങ്ങളായിരുന്നു ലോക കിരീടത്തിനായി പോരാടാനുണ്ടായിരുന്നത്. അതിന് ശേഷം ഫുട്‌ബോളിന്റെ വളര്‍ച്ച കണക്കു കൂട്ടാന്‍ സാധിക്കുന്നതിലും അപ്പുറത്തായിരുന്നു എന്നതില്‍ തര്‍ക്കമില്ല. ഫിഫയില്‍ 211 അംഗ രാജ്യങ്ങള്‍ ഉണ്ട് എന്നത് തന്നെ അതിന് തെളിവാണ്. 

പണം തന്നെ ലക്ഷ്യം

ലോക കപ്പ് ഫുട്‌ബോളില്‍ പങ്കെടുക്കാന്‍ യോഗ്യരാകുന്ന രാജ്യങ്ങളുടെ എണ്ണം 48ലേക്ക് എത്തുമ്പോള്‍ ചൈന, ഇന്ത്യ തുടങ്ങി സിംഗപ്പൂരിന് വരെ കിരീടത്തിനായി പോരാടാന്‍ സാധിക്കുന്ന സാഹചര്യത്തിലേക്കെത്തുമോ എന്ന ചോദ്യമാണ് ഉയരുന്നത്. സ്‌പോണ്‍സര്‍ഷിപ്പിലൂടേയും, ടെലിവിഷന്‍ റൈറ്റിലൂടേയും ലഭിക്കുന്ന വരുമാന ലാഭം മുന്നില്‍ കണ്ടാണ് ഫിഫയുടെ നീക്കമെന്ന് വ്യക്തം. 

211 അംഗ രാജ്യങ്ങള്‍ക്ക് പ്രതിവര്‍ഷം 5 മില്യണ്‍ ഡോളര്‍ ഡെവലപ്പ്‌മെന്റ് ഇനത്തില്‍ നല്‍കുമെന്ന് ഫിഫ പ്രസിഡന്റ് ഗിയാനി ഇന്‍ഫാന്റിനോ പ്രഖ്യാപിച്ചത് അടുത്തിടെയായിരുന്നു. 2019ല്‍ ഫിഫ പ്രസിഡന്റ് പദവിയിലേക്ക് തെരഞ്ഞെടുപ്പ് നേരിടുന്ന ഗിയാനി, അംഗ രാജ്യങ്ങളുടെ പിന്തുണ നേടിയെടുക്കുന്നതിന് വേണ്ടിയാണ് ഈ മാറ്റങ്ങള്‍ മുന്നോട്ടു വയ്ക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. 

എന്നാല്‍ 48ലേക്ക് ഫുട്‌ബോള്‍ ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത് വമ്പന്‍ യൂറോപ്യന്‍ ക്ലബുകളുടെ നീരസത്തിലേക്ക് നയിക്കുമെന്ന് ഉറപ്പാണ്. അവരുടെ ഫിക്സ്റ്ററിനെ ബാധിക്കും എന്നത് തന്നെയാണ് കാരണം. 

21ാം നൂറ്റാണ്ടിലാണ്, 21ാം നൂറ്റാണിലെ ഫുട്‌ബോള്‍ വേണം

48 രാജ്യങ്ങള്‍ എന്ന സംഖ്യയ്‌ക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച് എത്തിയത് ജര്‍മ്മന്‍ ഫുട്‌ബോള്‍ അസോസിയേഷനും, യൂറോപ്യന്‍ ക്ലബ് അസോസിയേഷനുമായിരുന്നു. കായിക താത്പര്യം അല്ല, രാഷ്ട്രീയ താത്പര്യമാണ് ഈ നീക്കത്തിന് പിന്നിലെന്നായിരുന്നു അവരുടെ വിമര്‍ശനം. 

എന്നാല്‍ 21ാം നൂറ്റാണ്ടിലാണ് നമ്മള്‍. 21ാം നൂറ്റാണ്ടിന് യോജിച്ച രീതിയില്‍ വേള്‍ഡ് കപ്പിന് മാറ്റണം. യൂറോപ്പിനും അമേരിക്കയ്ക്കും അപ്പുറത്താണ് ഫുട്‌ബോള്‍ എന്നായിരുന്നു വിമര്‍ശനങ്ങളെ നേരിട്ടുകൊണ്ടുള്ള ഫിഫ തലവന്റെ വാദം. 

ഫുട്‌ബോള്‍ നിലവാരം

ലോക കപ്പിലേക്ക് യോഗ്യത നേടുന്ന ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിലൂടെ ഫുട്‌ബോള്‍ നിലവാരം ഉയരുമെന്ന വാദവും ഉയരുന്നുണ്ട്. ക്വാളിഫൈ നേടുന്നതിന് വേണ്ടിയുള്ള പ്രയത്‌നത്തില്‍ അതത് രാജ്യങ്ങളിലെ ഫുട്‌ബോള്‍ മേഖലയില്‍ പുരോഗതി ഉണ്ടാവുന്നു. ഫുട്‌ബോളിന്റെ നിരവാരം ഉയരും എന്നതിന് ഉദാഹരണമാണ് 2014ലെ ലോക കപ്പില്‍ കോസ്റ്ററിക്കയോട് പരാജയപ്പെട്ട് ഇംഗ്ലണ്ടും ഇറ്റലിയും പുറത്തായതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 

ടൂര്‍ണമെന്റിന്റെ ദൈര്‍ഘ്യം കൂടുന്നതോടെ ഒരു തിരിച്ചടിയുണ്ടായാല്‍ അതില്‍ നിന്നും തിരിച്ചു വരാന്‍ കളിക്കാര്‍ക്കും ടീം അംഗങ്ങള്‍ക്കും അത്  അവസരം നല്‍കുമെന്ന് 48 എന്ന സംഖ്യയെ പിന്തുണച്ചു കൊണ്ട് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മാനേജര്‍ ജോസ് മൗറിഞ്ഞോ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com