ബ്ലാസ്‌റ്റേഴ്‌സ്-ഗോകുലം എഫ്‌സി മത്സരത്തിന് വഴി തുറക്കുന്നു; ബ്ലാസ്റ്റേഴ്‌സിന്റെ പ്രതികരണത്തിന് കാത്ത് ആരാധകര്‍

കേരള ബ്ലാസ്റ്റേഴ്‌സിനേയും ഗോകുലം എഫ്‌സിയേയും ടാഗ് ചെയ്ത് ഒരു ആരാധകന്‍ ഈ ചോദ്യം ഇരു ക്ലബുകള്‍ക്കും നേരെ വെച്ചു
ബ്ലാസ്‌റ്റേഴ്‌സ്-ഗോകുലം എഫ്‌സി മത്സരത്തിന് വഴി തുറക്കുന്നു; ബ്ലാസ്റ്റേഴ്‌സിന്റെ പ്രതികരണത്തിന് കാത്ത് ആരാധകര്‍

ജീറോണ എഫ്‌സിയോടും മെല്‍ബണ്‍ സിറ്റിയോടും വലിയ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നുവെങ്കിലും പ്രീസിസണ്‍ മത്സരങ്ങള്‍ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ ആഘോഷമാക്കിയിരുന്നു. ഇതിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സ്-ഗോകുലം എഫ്‌സി പോര് ആരാധകര്‍ക്ക് മുന്നിലേക്ക് എത്താനുള്ള സാധ്യതകളാണ് തെളിയുന്നത്. 

കേരള ബ്ലാസ്‌റ്റേഴ്‌സ്-ഗോകുലം എഫ്‌സി പോര് ആരാധകര്‍ കാത്തിരിക്കുന്ന ഒന്നാണ്. കേരള ബ്ലാസ്റ്റേഴ്‌സിനേയും ഗോകുലം എഫ്‌സിയേയും ടാഗ് ചെയ്ത് ഒരു ആരാധകന്‍ ഈ ചോദ്യം ഇരു ക്ലബുകള്‍ക്കും നേരെ വെച്ചു. 

ഈ സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പ് കേരള ബ്ലാസ്റ്റേഴ്‌സ്-ഗോകുലം കേരള സൗഹൃദ മത്സരം കാണാന്‍ സാധിക്കുമോ എന്നായിരുന്നു മാനേജ്‌മെന്റിന് നേര്‍ക്കുള്ള ചോദ്യം. ഇതിന് മറുപടിയുമായി ഗോകുലം കേരള എത്തിയതോടെയാണ് ആരാധകരുടെ പ്രതീക്ഷ വര്‍ധിച്ചത്. 

നിങ്ങളുടെ ആവശ്യം അധികൃതരെ അറിയിച്ചിട്ടുണ്ട്. തീരുമാനം ആയി കഴിയുമ്പോള്‍ നിങ്ങളെ അറിയിക്കാം എന്നായിരുന്നു ഗോകുലം കേരളയുടെ മറുപടി. ഇതില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇതുവരെ പ്രതികരിച്ചിട്ടില്ല. 

കഴിഞ്ഞ സീസണില്‍ ആദ്യമായിട്ടായിരുന്നു ഗോകുലം കേരള ഐലീഗ് കളിക്കുന്നത് എങ്കിലും  ആറാം സ്ഥാനത്ത് എത്തിയിരുന്നു. ഇതിന് മുന്‍പ് ഒരു വട്ടം ഗോകുലം-കേരള ബ്ലാസ്‌റ്റേഴ്‌സ് മത്സരം നടന്നിരുന്നു. അന്ന് ബ്ലാസ്‌റ്റേഴ്‌സിനെ ഗോകുലം സമനിലയില്‍ തളച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com