കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകള്‍; ഈ സീസണിലെ തുല്യ ദുഃഖിതര്‍

ലീഗിലെ നാല് വമ്പന്മാരെ നേരിട്ട് തോല്‍വി ഏറ്റുവാങ്ങിയതിന്റെ ഹാങ്ഓവറിലാണ് കൊല്‍ക്കത്ത ബ്ലാസ്‌റ്റേഴ്‌സിന് മുന്നിലേക്കെത്തുന്നത്
കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകള്‍; ഈ സീസണിലെ തുല്യ ദുഃഖിതര്‍

കഴിഞ്ഞ സീസണില്‍ നിര്‍ത്തിയിടത്ത് നിന്നായിരുന്ന ഐഎസ്എല്‍ നാലാം സീസണിന് തുടക്കമായത്. കിരീടത്തിന് മുന്നില്‍ ബ്ലാസ്‌റ്റേഴ്‌സ് കാലിടറി വീണ കൊച്ചിയിലെ മൈതാനത്ത് അത്‌ലിറ്റിക്കോ കൊല്‍ക്കത്തയെ തന്നെ നേരിട്ട് ബ്ലാസ്‌റ്റേഴ്‌സ് തുടങ്ങി. പക്ഷേ കലിപ്പടക്കാന്‍ തക്ക കരുത്തുള്ള കളികള്‍ സീസണിന്റെ തുടക്കത്തില്‍ ബ്ലാസ്റ്റേഴ്‌സില്‍ നിന്നും ലഭിച്ചില്ല. 

കാര്യങ്ങള്‍ നിലവിലെ ചാമ്പ്യന്‍മാരുടെ കാര്യത്തിലും അങ്ങിനെ തന്നെയാണ്. പ്ലേഓഫ് സാധ്യതകള്‍ക്കായി ഇനിയുള്ള മത്സരങ്ങള്‍ ജയിച്ചു കയറണമെന്ന തത്രപ്പാടില്‍ തന്നെയാണ് ബ്ലാസ്റ്റേഴ്‌സിനെ പോലെ കൊല്‍ക്കത്തയും. കൊല്‍ക്കത്തയുടെ മണ്ണില്‍ ഇന്ന് ബ്ലാസ്‌റ്റേഴ്‌സും കൊല്‍ക്കത്തയും നേര്‍ക്കുനേര്‍ വരുമ്പോള്‍ ഇരുവര്‍ക്കും ചില സമാനതകള്‍ ഉണ്ട്. 

പ്രശസ്തരെ പരിശീലകരായി കൊണ്ടുവന്നായിരുന്നു ബ്ലാസ്റ്റേഴ്‌സും, കൊല്‍ക്കത്തയും മത്സരം തുടങ്ങുന്നതിന് മുന്‍പ് തന്നെ അലയൊലി തീര്‍ത്തത്. എന്നാല്‍ രണ്ട് ടീമും സീസണിന്റെ പകുതിയോടെ ഈ പരിശീലകരെ തിരിച്ചയച്ചു. സര്‍ അലക്‌സ് ഫെര്‍ഗൂസന്റെ അസിസ്റ്റന്‍ഡ് കോച്ചെന്ന ടാഗ് ലൈനില്‍ എത്തിയ റെനി മ്യുലന്‍സ്റ്റീന് ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി ഒന്നും തന്നെ ചെയ്യാനായില്ല. 

കൊല്‍ക്കത്തയുടെ കാര്യത്തിലാവട്ടെ, ടോട്ടന്‍ഹാമിനായും, മാഞ്ചസ്റ്ററിനായും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയ ടെഡി ഷെറിങ്കാമിനെ കോച്ചായി കിട്ടിയിട്ടും പ്രയോജനമുണ്ടായില്ല. എന്നാലിപ്പോള്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ സംസ്‌കാരത്തെ നന്നായി മനസിലാക്കിയ രണ്ട് പരിശീലകരാണ് രണ്ട് ക്ലബിനേയും മേയാക്കാനായി എത്തിയിരിക്കുന്നത്.  ആഷ്‌ലി വെസ്റ്റ്വുഡും, ഡേവിഡ് ജെയിംസും. 

രണ്ട് ഐലീഗ് കിരീടത്തിലേക്ക് ബംഗളൂരു എഫ്‌സി എത്തിയത് ആഷ്‌ലി വെസ്റ്റ് വുഡിന് കീഴില്‍ കളിച്ചപ്പോഴായിരുന്നു.എന്നാല്‍ ഐഎസ്എല്ലില്‍ കൊല്‍ക്കത്തയെ ജയത്തിലെത്തിക്കാന്‍ ആഷ്‌ലിക്ക് സാധിച്ചിട്ടില്ല. ലീഗിലെ നാല് വമ്പന്മാരെ നേരിട്ട് തോല്‍വി ഏറ്റുവാങ്ങിയതിന്റെ ഹാങ്ഓവറിലാണ് കൊല്‍ക്കത്ത ബ്ലാസ്‌റ്റേഴ്‌സിന് മുന്നിലേക്കെത്തുന്നത്.

ആദ്യ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് ഫൈനലില്‍ കടക്കുന്നതില്‍ ഡേവിഡ് ജെയിംസിന്റെ എനര്‍ജിയും നിര്‍ണായക കാരണമായിരുന്നു. ജിങ്കാനും, ഹ്യുമിനുമെല്ലാം ഒപ്പം ചേര്‍ന്ന് കളി മെനയാന്‍ സാധിക്കുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ കളിയിലേക്ക് ഒഴുക്ക് തിരിച്ചുവരികയും ചെയ്യും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com