സാരി ഉടുക്കാന്‍ അറിയില്ല, കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ വനിതകളെത്തുക പാന്റും ബ്ലേസറും ധരിച്ച്‌

2016 റിയോ ഒളിംപിക്‌സിലെ മാര്‍ച്ച് പാസില്‍ മഞ്ഞ സാരിക്ക് മുകളില്‍ നേവി ബ്ലു ബ്ലേസറായിരുന്നു ഇന്ത്യന്‍ വനിതകള്‍ അണിഞ്ഞത്
സാരി ഉടുക്കാന്‍ അറിയില്ല, കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ വനിതകളെത്തുക പാന്റും ബ്ലേസറും ധരിച്ച്‌

ലോക ചാമ്പ്യന്‍ഷിപ്പുകളുടെ ഉദ്ഘാടന ചടങ്ങില്‍ ടീമുകളുടെ മാര്‍ച്ച് പാസില്‍ സാരിയുടുത്താകും ഭൂരിഭാഗം തവണയും ഇന്ത്യന്‍ വനിതാ കായിക താരങ്ങളെ നമ്മള്‍ കണ്ടിരിക്കുക. എന്നാല്‍ 2018 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആ പതിവ് ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ മാറ്റി. 

പുരുഷ-വനിതാ കായിക താരങ്ങള്‍ പാന്റ്‌സും ബ്ലേസറും ധരിച്ചാവും മാര്‍ച്ച് പാസിനെത്തുക. അന്താരാഷ്ട്ര വേദികളില്‍ സാരിക്ക് പുറത്ത് ബ്ലേസറും ധരിക്കേണ്ടി വരുന്നതിലെ ബുദ്ധിമുട്ട് പല  വനിതാ കായിക താരങ്ങളും ഉന്നയിച്ചിരുന്നു. 

2016 റിയോ ഒളിംപിക്‌സിലെ മാര്‍ച്ച് പാസില്‍ മഞ്ഞ സാരിക്ക് മുകളില്‍ നേവി ബ്ലു ബ്ലേസറായിരുന്നു ഇന്ത്യന്‍ വനിതകള്‍ അണിഞ്ഞത്. കായിക താരങ്ങളുടെ സൗകര്യം പരിഗണിച്ചാണ് സാരി ഒഴിവാക്കിയതെന്ന് ഒളിംപിക്‌സ് അസോസിയേഷന്‍ സെക്രട്ടറി രാജീവ്  മെഹ്ത പറയുന്നു. 

എന്നാല്‍ സാരി മാറ്റിയ നടപടിയെ അനുകൂലിച്ചും എതിര്‍ത്തും വനിതാ കായിക  താരങ്ങള്‍ മുന്നോട്ടു വരുന്നുണ്ട്. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും, ഏഷ്യന്‍ ഗെയിംസിലും മാത്രമാണ് ഞാന്‍ ജീവിതത്തില്‍ സാരിയുടുത്തിട്ടുള്ളത്. സാരി എങ്ങിനെയുടുക്കണമെന്ന് എനിക്കറിയില്ല. മാര്‍ച്ച് പാസിന് ഒരുങ്ങാന്‍ മറ്റുള്ളവരുടെ സഹായം തേടേണ്ടി വരുന്നുവെന്നും ഒളിംപ്യന്‍ ഷൂട്ടര്‍ ഹീന സിദ്ധു പറയുന്നു. 

എന്നാല്‍ തനിക്ക് സാരിയാണ് ഇഷ്ടമെന്ന് പറയുകയാണ് ഇന്ത്യയുടെ  മറ്റൊരു ഒളിംപ്യന്‍ ജ്വാല ഗുപ്ത. സാരി ഉടുക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ ഉണ്ടാകാം. എന്നാല്‍ ഞാന്‍ സാരിക്കാണ് മുന്‍തൂക്കം നല്‍കുന്നതെന്നും അവര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com