'രണ്ടാം ടെസ്റ്റിലും തോറ്റാല്‍ ടീമില്‍ നിന്നും മാറാന്‍ തയ്യാറാകണം' : വിരാട് കോഹ്‌ലിക്കെതിരെ സേവാഗ്

വിദേശപിച്ചുകളില്‍ മികച്ച റെക്കോഡുള്ള ബാറ്റ്‌സ്മാന്‍ അജിന്‍ക്യ രഹാനെയെ ഇത്തവണയും തഴഞ്ഞു
'രണ്ടാം ടെസ്റ്റിലും തോറ്റാല്‍ ടീമില്‍ നിന്നും മാറാന്‍ തയ്യാറാകണം' : വിരാട് കോഹ്‌ലിക്കെതിരെ സേവാഗ്

ന്യൂഡല്‍ഹി : ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ടീം തെരഞ്ഞെടുപ്പിലും വിവാദം കത്തുന്നു. ടീം സെലക്ഷനില്‍ നായകന്‍ വിരാട് കോഹ്‌ലിയെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സേവാഗ് രംഗത്തെത്തി. ഈ ടെസ്റ്റിലും തോറ്റാല്‍ കോഹ്‌ലി ടീമില്‍ നിന്നും മാറിനില്‍ക്കാന്‍ തയ്യാറാകണമെന്ന് സേവാഗ് ആവശ്യപ്പെട്ടു. 

രണ്ടാം ടെസ്റ്റില്‍ നിന്ന് ഭുവനേശ്വര്‍ കുമാറിനെ കളിപ്പിക്കാതിരുന്നതാണ് സേവാഗിനെ ചൊടിപ്പിച്ചത്. ഫോമിലുള്ള ഭുവനേശ്വറിന് പകരം ഇഷാന്ത് ശര്‍മ്മയെയാണ് ഇന്ത്യ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ആദ്യ ടെസ്റ്റില്‍ ആറു വിക്കറ്റ് നേടി ഭുവനേശ്വര്‍ തിളങ്ങിയിരുന്നു. 

ഭുനേശ്വറിനെ പുറത്താക്കിയ നടപടിയെ മുന്‍ താരങ്ങളായ വിവിഎസ് ലക്ഷ്മണനും അലന്‍ ഡൊണാള്‍ഡും വിമര്‍ശിച്ചിരുന്നു. ആദ്യ ടെസ്റ്റില്‍ തിളങ്ങിയ ഭുവിയെ തഴഞ്ഞത് മനസ്സിലാകുന്നില്ലെന്നും, ഭുവിയോട് ചെയ്തത് ക്രൂരതയാണെന്നും ലക്ഷ്മണ്‍ പറഞ്ഞു. കോഹ്‌ലി തമാശ കളിക്കുകയാണോ ചെയ്തതെന്നായിരുന്നു ഡൊണാള്‍ഡിന്റെ പ്രതികരണം. 

രണ്ടാം ടെസ്റ്റില്‍ ഭുവനേശ്വര്‍ കുമാറിനെയും ശിഖര്‍ധവാനെയും വൃദ്ധിമാന്‍ സാഹയെയും മാറ്റിയിരുന്നു. ഇവര്‍ക്ക് പകരം ഇഷാന്ത് ശര്‍മ്മ, ലോകേഷ് രാഹുല്‍, പാര്‍ത്ഥിവ് പട്ടേല്‍ എന്നിവരെയാണ് ഉള്‍പ്പെടുത്തിയത്. വിദേശപിച്ചുകളില്‍ മികച്ച റെക്കോഡുള്ള ബാറ്റ്‌സ്മാന്‍ അജിന്‍ക്യ രഹാനെയെ ഇത്തവണയും തഴഞ്ഞു. പുറത്തുനിന്നുള്ളവരുടെ ഇഷ്ടത്തിന് അനുസരിച്ച് ടീമിനെ തെരഞ്ഞെടുക്കാനാകില്ലെന്നായിരുന്നു വിമര്‍ശനങ്ങള്‍ക്ക് വിരാട് കോഹ്‌ലിയുടെ മറുപടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com