'ഈ പോരാട്ടം എല്ലാ അമ്മമാര്‍ക്കും വേണ്ടി, മടങ്ങിയെത്തും': കണ്ണീരണിഞ്ഞ് സെറീന 

ജര്‍മ്മന്‍താരത്തെ അഭിനന്ദിച്ച് മടങ്ങുമ്പോള്‍ ഏഴ്തവണ വിംബിള്‍ഡണ്‍ ജേതാവായ സെറീനയുടെ വാക്കുകള്‍ ഇടറി, കണ്ണുകള്‍ നിറഞ്ഞു
 'ഈ പോരാട്ടം എല്ലാ അമ്മമാര്‍ക്കും വേണ്ടി, മടങ്ങിയെത്തും': കണ്ണീരണിഞ്ഞ് സെറീന 

ലണ്ടന്‍: മത്സരം അവസാനിച്ചതും ഓടിയെത്തി കെര്‍ബറെ പുണരുന്ന സെറീനയെയാണ് വിംബിള്‍ഡണ്‍ കണ്ടത്. മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച ജര്‍മ്മന്‍താരത്തെ അഭിനന്ദിച്ച് മടങ്ങുമ്പോള്‍ ഏഴ്തവണ വിംബിള്‍ഡണ്‍ ജേതാവായ സെറീനയുടെ വാക്കുകള്‍ ഇടറി, കണ്ണുകള്‍ നിറഞ്ഞു. 

അങ്ങേയറ്റം നിരാശപ്പെടുത്തുന്ന ഫലമാണിതെങ്കിലും നിരാശയായി മാറിയിരിക്കാന്‍ താന്‍ തയ്യാറല്ല, മടങ്ങി വരുമെന്ന് സെറീന പറഞ്ഞു. ലോകത്തെ എല്ലാ അമ്മമാര്‍ക്കും വേണ്ടിയാണ് ഞാന്‍ കളിച്ചത്. മടങ്ങിവരവില്‍ ഫൈനലില്‍ എത്താന്‍ കഴിഞ്ഞതില്‍ അങ്ങേയറ്റം സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു. തിരിച്ചുവരവിനെ അതിമാനുഷികമെന്നും സെറീനയൊരു സൂപ്പര്‍ മോം ആണെന്നും വിശേഷിപ്പിച്ച റിപ്പോര്‍ട്ടറോട്, അങ്ങനെയൊന്നുമല്ല, എല്ലാ അമ്മമാരെയും പോലെയാണ് താനെന്നും എത്രയും വേഗം മടങ്ങിയെത്തും എന്നായിരുന്നു സെറീനയുടെ വികാരനിര്‍ഭരമായ മറുപടി.

 ഒളിംപിയ ജനിച്ച് പതിമൂന്ന് മാസങ്ങള്‍ക്ക് ശേഷം സെറീന നടത്തിയ തിരിച്ചുവരവ് വിംബിള്‍ഡണിന്റെ ഇതുവരേക്കുമുള്ള ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ്.  2016 ല്‍ കെര്‍ബറെ പരാജയപ്പെടുത്തിയായിരുന്നു സെറീന കിരീടം നേടിയത്. ലോകത്തിന് തന്നെ പ്രചോദനമാണ് സെറീനയെന്നും മടങ്ങിവരവിന് കടപ്പെട്ടിരിക്കുന്നുവെന്നുമാണ് കെര്‍ബര്‍ പറഞ്ഞത്.

മേഗന്‍ മെര്‍ക്കലുള്‍പ്പടെയുള്ള പ്രമുഖരാണ് സെറീന- കെര്‍ബര്‍ പോരാട്ടം കാണുന്നതിന് എത്തിയത്.മത്സരത്തില്‍ ഒരുഘട്ടത്തിലും ഇന്ന് സെറീനയ്ക്ക് താളം കണ്ടെത്താനായില്ല. രണ്ട് ഡബിള്‍ ഫാള്‍ട്ട് രണ്ട് തവണ വരുത്തുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com