റാമോസ്, ആ ചിരി ഞങ്ങള്‍ മറക്കില്ല; നിങ്ങളീ നിരത്തുന്ന നേട്ടങ്ങളൊക്കെ 31ാം മിനിറ്റില്‍ വാങ്ങിക്കൂട്ടിയെ വെറുപ്പില്‍ മുങ്ങി കഴിഞ്ഞു

മനപൂര്‍വം മറ്റൊരു താരത്തെ പരിക്കേല്‍പ്പിക്കാന്‍ വേണ്ടി മാത്രം ചെയ്ത ഒന്നാണതെന്ന് ഫുട്‌ബോള്‍ ലോകം മനസിലാക്കി കഴിഞ്ഞു
റാമോസ്, ആ ചിരി ഞങ്ങള്‍ മറക്കില്ല; നിങ്ങളീ നിരത്തുന്ന നേട്ടങ്ങളൊക്കെ 31ാം മിനിറ്റില്‍ വാങ്ങിക്കൂട്ടിയെ വെറുപ്പില്‍ മുങ്ങി കഴിഞ്ഞു

തുടര്‍ച്ചയായ മൂന്നാം തവണയും യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ട് റയല്‍ ചരിത്രത്തിന്റെ ഭാഗമായി. മറ്റൊരു ക്ലബിനും അവകാശപ്പെടാനാവാത്ത നേട്ടം. റയലിന്റെ ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടം 13ലേക്കും എത്തി, അതും മറ്റൊരു ടീമിനും അവകാശപ്പെടാനാവാത്തത്.

പക്ഷേ അവരാ നിരത്തുന്ന നേട്ടങ്ങളുടെ കണക്കുകളൊക്കെ ആദ്യ പകുതിയിലെ 31ാം മിനിറ്റില്‍ ഫുട്‌ബോള്‍ ലോകത്ത് നിന്നും അവര്‍ വാങ്ങിക്കൂട്ടിയ വെറുപ്പില്‍ മുങ്ങിക്കഴിഞ്ഞു. റയലിനെ വിജയ തുടര്‍ച്ചകളിലേക്ക് എത്തിച്ച നായകന്‍ എന്ന് രേഖപ്പെടുത്തി സെര്‍ജിയോ റാമോസിനെ ഫുട്‌ബോള്‍ ലോകം ഇനി മഹത്വവത്കരിക്കുമോ? അങ്ങിനെ മഹത്വവത്കരിക്കണം എങ്കില്‍ കരഞ്ഞു കൊണ്ട് കളം വിട്ട സലയെ നമ്മള്‍ മറക്കുകയും വെറുക്കുകയും വേണം. 

കരഞ്ഞു കൊണ്ട് സല കളം വിടുമ്പോള്‍ പോലും വിജയ ചിരിയില്‍ നിന്ന റാമോസിന്റെ മുഖമായിരിക്കും റയല്‍ നായകനെ കുറിച്ചോര്‍ക്കുമ്പോള്‍ ഇനി അങ്ങോട്ട് ലോകത്തിന്റെ ഓര്‍മയിലേക്കെത്തുക. സല കളിക്കളത്തില്‍ നില്‍ക്കുന്ന ഓരോ മിനിറ്റും ഗോള്‍ പിറന്നേക്കുമെന്ന സാധ്യതയാണ് റാമോസ് അവിടെ അടച്ചത്. അതിന്റെ ചിരിയായിരുന്നിരിക്കും അത്. ഈജിപ്ത് എന്ന രാജ്യത്തിന്റെ ലോക കപ്പ് പ്രതീക്ഷകള്‍ക്ക് മേല്‍ നിഴല്‍ വീഴ്ത്തി കൂടി നിന്നാണ് റയല്‍ നായകന്‍ ഫുട്‌ബോള്‍ ലോകം മാപ്പ് നല്‍കാത്ത ആ ചിരി വിരിച്ചത്. 

കൈ കുടുക്കി വലിച്ചിടുക എന്നത് സ്വാഭാവികമായി സംഭവിച്ചു പോയതെന്ന് വാദിക്കുന്നവര്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്നുണ്ട്. പക്ഷേ മനപൂര്‍വം മറ്റൊരു താരത്തെ പരിക്കേല്‍പ്പിക്കാന്‍ വേണ്ടി മാത്രം ചെയ്ത ഒന്നാണതെന്ന് ഫുട്‌ബോള്‍ ലോകം മനസിലാക്കി കഴിഞ്ഞു. 

തോളെല്ലിന് പരിക്കേറ്റ വേദനയേക്കാള്‍ കൂടുതല്‍ ലിവര്‍പൂളിനെ കിരീടത്തിലേക്ക് എത്തിക്കാതെ മടങ്ങേണ്ടി വന്നതിന്റെ നിരാശയും, ഈജിപ്തിന് ലോക കപ്പില്‍ താങ്ങാവേണ്ട ഞാന്‍ പരിക്കിന്റെ പിടിയിലേക്ക് വീഴുമോയെന്ന ആശങ്കയുമായിരിക്കും സലയെ കരയിപ്പിച്ചത്. കരഞ്ഞു കൊണ്ട് ഫുട്‌ബോല്‍ ലോകത്തിന്റെ നെഞ്ചുലച്ച് കൂടിയാണ് സല മടങ്ങിയത്. 

ടീമിനെ ജയത്തിലേക്കെത്തിക്കുന്നതിന് വേണ്ടി വില്ലനായെന്ന പ്രകീര്‍ത്തികള്‍ നേടാന്‍ കൂടി യോഗ്യതയില്ലാത്ത മാന്യതയില്ലാത്ത കളിയുടെ പേരിലായിരിക്കും സെര്‍ജിയോ റാമോസ് ഫുട്‌ബോള്‍ ലോകത്തിന്റെ ഓര്‍മയില്‍ ഇനിയുണ്ടാവുക. നിങ്ങള്‍ കൊയ്യുന്ന നേട്ടങ്ങളുടെ കണക്കുകളെല്ലാം സലയുടെ കൈ കുടുക്കിയ ആ നിമിഷത്തെ ഓര്‍മയില്‍ ഞങ്ങള്‍ ചവറ്റുകൊട്ടയിലേക്കിടുമെന്ന് റാമോസിനോട് ഇനിയുമുറക്കെ ഫുട്‌ബോള്‍ പ്രേമികള്‍ പറഞ്ഞുകൊണ്ടിരിക്കും...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com