ട്വന്റി-20: വിൻഡീസിനെതിരെ ആദ്യ മത്സരത്തിൽ ജയിച്ചുകയറി ഇന്ത്യ 

വിന്‍ഡീസ് ഉയര്‍ത്തിയ 110 റണ്‍സ് വിജയലക്ഷ്യം അഞ്ച് വിക്കറ്റുകൾ ബാക്കിനിൽക്കേ ഇന്ത്യ മറികടന്നു
ട്വന്റി-20: വിൻഡീസിനെതിരെ ആദ്യ മത്സരത്തിൽ ജയിച്ചുകയറി ഇന്ത്യ 

കൊൽക്കത്ത: വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം. വിന്‍ഡീസ് ഉയര്‍ത്തിയ 110 റണ്‍സ് വിജയലക്ഷ്യം അഞ്ച് വിക്കറ്റുകൾ ബാക്കിനിൽക്കേ ഇന്ത്യ മറികടന്നു. 18-ാം ഓവറിലാണ് ദിനേശ് കാര്‍ത്തിക് – ക്രുണാല്‍ പാണ്ഡ്യ കൂട്ടുകെട്ട് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. 

വെസ്റ്റ് ഇൻഡീസിനെ ചെറിയ സ്കോറിലേക്കു ചുരുക്കിയിട്ടും തുടക്കത്തിലെ ബാറ്റിങ് പതർച്ച ഇന്ത്യൻ നിരയെ ആശങ്കപ്പെടുത്തി. മുൻനിര ഇന്ത്യൻ ബാറ്റ്സ്മാൻമാർക്കു തിളങ്ങാനാകാതിരുന്നതാണു തുടക്കത്തിൽ ഇന്ത്യയ്ക്കു തിരിച്ചടിയായത്. ക്യാപ്റ്റൻ രോഹിത് ശർമയുടേതായിരുന്നു ആദ്യ വിക്കറ്റ്. ഒഷെയ്ൻ തോമസിന്റെ പന്തിൽ വിക്കറ്റ് കീപ്പർ രാംദിന്‍ ക്യാച്ചെടുത്ത് മടങ്ങിയ രോഹിത്തിന്റെ സംഭാവന ആറ് പന്തിൽ ആറ് റൺസ് മാത്രമായിരുന്നു. പിന്നീട്  ഒഷെയ്ൻ തോമസ് തന്നെ ധവാനെയും പുറത്താക്കി. 16 റൺസെടുത്ത കെ.എൽ. രാഹുലും ഒരു റൺസ് മാത്രമെടുത്ത റിഷഭ് പന്തിനെയും കാർലോസ് ബ്രാത്ത്‍വൈറ്റ് പുറത്താക്കി. കെ.എൽ. രാഹുൽ 16ഉം മനീഷ് പാണ്ഡെ 19റൺസും എടുത്ത് മടങ്ങി. 

പിന്നീട്  ദിനേഷ് കാർത്തിക്ക്-ക്രുനാൽ പാണ്ഡ്യ സംഘ്യം ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. 13 പന്തുകൾ ബാക്കിനിൽക്കെയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. 31 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ദിനേശ് കാര്‍ത്തിക്കാണ് ഇന്ത്യൻനിരയിലെ ടോപ് സ്കോറർ. 

ടോസ് നേടിയ ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. സ്‌കോര്‍ബോർഡിൽ 16 റൺസ് കുറിച്ചപ്പോഴേക്കും വീൻഡീസ് നിരയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഡെനേഷ് രാംദിൻ ഉമേഷ് യാദവിന്റെ പന്തിൽ‌ വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തിക്കിന് ക്യാച്ച് നൽകി പുറത്താകുകയായിരുന്നു. പിന്നാലെ നാലാം ഓവറിന്റെ ആദ്യ പന്തില്‍ ഷായ് ഹോപ് റണ്ണൗട്ടായതോടെ അടുത്ത വിക്കറ്റും വീണു. ഷിംറോണ്‍ ഹെറ്റ്മിറിനെ ബുംറ പുറത്തായപ്പോൾ സ്കോർ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 28റൺസ് എന്ന നിലയിലായിരുന്നു. 

നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ കീറോണ്‍ പൊള്ളാര്‍ഡും ഡാരന്‍ ബ്രാവോയും ചേര്‍ന്ന് സ്കോർബോർഡിൽ ചലനമുണ്ടാക്കാൻ ശ്രമിച്ചെങ്കിലും സ്കോർ 47ലെത്തിയപ്പോൾ ക്രുനാല്‍ പാണ്ഡ്യയുടെ പന്തില്‍ പൊള്ളാര്‍ഡ് പുറത്തായി. പിന്നാലെ കുല്‍ദീപ് യാദവിന്റെ പന്തില്‍ ബ്രാവോയും പുറത്ത്.  പതിനാറാമത്തെ ഓവറിലെ അവസാന പന്തില്‍ കുല്‍ദീപിന്റെ പന്തില്‍ എല്‍.ബി.ഡബ്ല്യൂ ആയി കാര്‍ലോസ് ബ്രാത്തും മടങ്ങി. 

ഡെനേഷ് രാംദിൻ (അഞ്ച് പന്തിൽ രണ്ട്),  ഷായ് ഹോപ് (10 പന്തിൽ 14), ഷിമ്രോൻ ഹെയ്റ്റ്മർ (ഏഴ് പന്തിൽ പത്ത്), കീറോൺ പൊള്ളാർഡ് (26 പന്തിൽ 14), ബ്രാവോ (പത്ത് പന്തിൽ അഞ്ച്), റോവ്മൻ പവൽ (13 പന്തിൽ നാല്), ക്യാപ്റ്റൻ കാർലോസ് ബ്രാത്ത്‍വൈറ്റ് (11 പന്തിൽ നാല്) എന്നിങ്ങനെയാണ് വിൻഡീസ് താരങ്ങളുടെ പ്രകടനങ്ങൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com