അന്ന് ഒരുമിച്ചിരുന്ന് ചിരിച്ചത് നിങ്ങളല്ലേ? അസ്ഹറുദ്ദീനെ വിമര്‍ശിച്ച ഗംഭീറിന് മറുപടി

2014ല്‍ അസ്ഹറുദ്ദീനുമൊരുമിച്ച് വേദി പങ്കിടുന്നതില്‍ അദ്ദേഹത്തിന് ഒരു പ്രശ്‌നവുമില്ല
അന്ന് ഒരുമിച്ചിരുന്ന് ചിരിച്ചത് നിങ്ങളല്ലേ? അസ്ഹറുദ്ദീനെ വിമര്‍ശിച്ച ഗംഭീറിന് മറുപടി

ഈഡന്‍ ഗാര്‍ഡനില്‍ മത്സരത്തിന് മുന്‍പ് ഇന്ത്യന്‍ മുന്‍ താരം മുഹമ്മദ് അസ്ഹറുദ്ദീനെ മണി മുഴക്കാന്‍ നിയോഗിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായിട്ടാണ് ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ രംഗത്തെത്തിയത്. എന്നാലിപ്പോള്‍  2014ല്‍ അസ്ഹറുദ്ദീനൊപ്പം വേദി പങ്കിടുന്ന ഗംഭീറിന്റെ ഫോട്ടോ ട്വീറ്റ് ചെയ്ത്, ഗംഭീറിന് നേരെ ചോദ്യം ഉന്നയിക്കുകയാണ് മാധ്യമപ്രവര്‍ത്തകനായ ജി.രാമരാജന്‍. 

2014ല്‍ അസ്ഹറുദ്ദീനുമൊരുമിച്ച് വേദി പങ്കിടുന്നതില്‍ അദ്ദേഹത്തിന് ഒരു പ്രശ്‌നവുമില്ല. പിന്നെ ഇപ്പോള്‍ എന്തു സംഭവിച്ചു എന്നാണ് ഗംഭീറിനോട് ജി.രാജരാമന്റെ ചോദ്യം. സെവാഗ്, വസീം അക്രം, ഷുഐബ് മാലിക്ക്, അസ്ഹറുദ്ദീന്‍ എന്നിവര്‍ക്കൊപ്പം ഗംഭീര്‍ വേദി പങ്കിടുന്ന ഫോട്ടോയാണ് രാജരാമന്‍ ട്വീറ്റ് ചെയ്തത്. ഒത്തുകളി ക്രിമിനല്‍ കുറ്റമായി കാണുന്ന നിയമം നമ്മുടെ നാട്ടില്‍ ഇല്ല. അത്തരം നിയമം കൊണ്ടുവരാന്‍ ഗംഭീര്‍ ശ്രമങ്ങള്‍ നടത്തിയാല്‍, അപ്പോള്‍ മാത്രമാണ് കായിക മേഖലയ്ക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്റെ സേവനം അര്‍ഥപൂര്‍ണമാകുന്നത് എന്നും രാമരാജന്‍ ചൂണ്ടിക്കാണിക്കുന്നു.

അസ്ഹറുദ്ദീനെതിരായ ഗംഭീറിന്റെ വാക്കുകള്‍ക്കെതിരെ വിമര്‍ശനവുമായി ആരാധകരും മുന്നോട്ടു വന്നിരുന്നു. അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റിന് നേടിത്തന്ന നേട്ടങ്ങള്‍ മറക്കരുത്, നിങ്ങളുടെ സീനിയര്‍ താരങ്ങളെ ബഹുമാനിക്കുവാനുള്ള മനസ് നിങ്ങള്‍ക്കില്ലേ എന്നെല്ലാമാണ് ഗംഭീറിനോട് ആരാധകര്‍ ചോദിക്കുന്നത്. 

ഈഡന്‍ ഗാര്‍ഡനില്‍ ഇന്ത്യ ജയിച്ചു. പക്ഷേ ബിസിസിഐ, ഭരണാധികാര സമിതി, ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവര്‍ തോല്‍ക്കുകയായിരുന്നു. അഴിമതിക്കെതിരായ അസഹിഷ്ണുതയ്ക്ക് ഇന്ന് ഞായറാഴ്ച ആയിരുന്നതിനാല്‍ അവധി ആയിരുന്നുവോ? ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ അദ്ദേഹത്തെ മത്സരിക്കാന്‍ അനുവദിച്ചത് എനിക്കറിയാം. പക്ഷേ ഇത് ഞെട്ടിക്കുന്നതാണ്. മണി മുഴങ്ങുകയാണ്. അധികാരത്തിലിരിക്കുന്നവര്‍ കേള്‍ക്കുമെന്ന് കരുതുന്നു എന്നായിരുന്നു ഗംഭീറിന്റെ വാക്കുകള്‍. 

ഇന്ത്യയ്ക്ക് വേണ്ടി 99 ടെസ്റ്റും 334 ഏകദിനങ്ങളും കളിച്ച അസ്ഹറുദ്ദീനെ ഒത്തുകളിയുടെ പേരില്‍ 2000ലാണ് ക്രിക്കറ്റില്‍ നിന്നും വിലക്കുന്നത്. 2012ല്‍ ആന്ധ്രാപ്രദേശ് ഹൈക്കോടതി വിലക്ക് പിന്‍വലിച്ചു. വിലക്ക് പിന്‍വലിക്കപ്പെട്ടതിന് പിന്നാലെ ക്രിക്കറ്റ് അഡ്മിനിസ്‌ട്രേറ്റീവ് റോളിലേക്കെത്താനായിരുന്നു അസ്ഹറുദ്ദീന്റെ ശ്രമം.

ഹൈദരാഹാദ് ക്രിക്കറ്റ് അസോസിയേഷനിലേക്ക് തിരഞ്ഞെടുപ്പിന് നിന്നുവെങ്കിലും, വിലക്ക് സംബന്ധിച്ച രേഖകളില്‍ വ്യക്തത ഇല്ലാത്തതിനാല്‍ അസോസിയേഷന്‍ മത്സരിക്കാന്‍ അനുവദിച്ചില്ല. ഈഡന്‍ ഗാര്‍ഡനുമായി അസ്ഹറുദ്ദീന് അടുത്ത ബന്ധമുണ്ട്. 1993ലെ ഹീറോ കപ്പ് ജയത്തിലേക്ക് ഇന്ത്യയെ എത്തിച്ചത് അദ്ദേഹമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com