ഈ പെണ്ണിങ്ങനെ കളിക്കുമ്പോ പിന്നെ ചുറ്റുമുള്ളതുമൊന്നും കാണാന്‍ പറ്റൂല, ഇതുവരെ കണ്ടതൊന്നുമല്ല കളി

ക്രീസില്‍ ഹര്‍മന്‍ നൃത്തം വെച്ചു, പന്ത് നാലു പാടും പാഞ്ഞു
ഈ പെണ്ണിങ്ങനെ കളിക്കുമ്പോ പിന്നെ ചുറ്റുമുള്ളതുമൊന്നും കാണാന്‍ പറ്റൂല, ഇതുവരെ കണ്ടതൊന്നുമല്ല കളി

ബിസിസിഐ ഹര്‍മന്‍പ്രീത് കൗറിന് നല്‍കുന്ന ഒരു വര്‍ഷത്തെ മാച്ച് ഫീ 50 ലക്ഷം രൂപയാണ്. ബിസിസിഐ നല്‍കുന്നതിന്റെ ഇരുപതിരട്ടിയെങ്കിലും പ്രതിഫലം ഐസിസി ഹര്‍മന് നല്‍കിയേ മതിയാവു, സ്വീകരണ മുറികളിലേക്ക് വനിതാ ക്രിക്കറ്റിനെ അടിച്ചു കയറ്റുന്നതിന്....2017 ജൂലൈ 21ന് ഇംഗ്ലണ്ടില്‍ പടുത്തുയര്‍ത്തിയ 171 റണ്‍സിന്റെ ഇതിഹാസ ഇന്നിങ്‌സ് ഓര്‍മയില്ലേ? അന്ന് നിര്‍ത്തിയിടത്ത് നിന്ന് തുടങ്ങുകയാണ്, അന്ന് കൈവിട്ട ലോക കിരീടം കൈകളില്‍ ഉയര്‍ത്താനുള്ള വെടിക്കെട്ടിന്റെ തുടക്കമായിരുന്നു ട്വന്റി20 ലോക കപ്പിലെ ഉദ്ഘാടന മത്സരത്തില്‍ കണ്ടത്. 

ഇത് നിങ്ങള്‍ക്കുള്ള മറുപടി

വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് എന്ന ആരോപണവുമായി ഹര്‍മന്‍പ്രീതിനെ വളഞ്ഞിട്ട് ആക്രമിച്ചവര്‍ക്ക് കൂടിയുള്ള മറുപടിയായിരുന്നു ഗയാനയില്‍ കീവീസിനെതിരെ കണ്ടത്. പഞ്ചാബ് സര്‍ക്കാര്‍ ഹര്‍മന് മുന്നില്‍ വെച്ച ഡിസിപി പദവി വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് എന്ന ആരോപണം ഉയര്‍ത്തി എടുത്തു കളഞ്ഞത് ഹര്‍മന്‍പ്രീതിനെ മാനസികമായി തളര്‍ത്തിയിരുന്നു. എന്നാല്‍ ബാറ്റുകൊണ്ട് ഹര്‍മന്‍ പകരം വീട്ടി. മറ്റൊരു ഇന്ത്യന്‍ വനിതാ താരത്തിനും എത്തിപ്പിടിക്കാനാവാത്ത നേട്ടം തന്റെ പേരിലാക്കി. 

പിഴയ്ക്കാത്ത കണക്കു കൂട്ടലുകള്‍

വിന്‍ഡിസിലേക്ക് ഹര്‍മന്‍ പറന്നത് വ്യക്തമായ കണക്കുകൂട്ടലോടെയായിരുന്നു. പേസ് ബൗളിങ്ങിനെ കീഴടക്കുകയായിരുന്നു ഹര്‍മന്റെ ലക്ഷ്യം. ട്വന്റി20 ലോക കപ്പിനായി പറക്കുന്നതിന് മുന്‍പ് ഇന്ത്യന്‍ അണ്ടര്‍ 19 പേസര്‍മാരെ കൊണ്ട് ഹര്‍മന്‍ തനിക്ക്‌ ബോള്‍ ചെയ്യിച്ചു. 

ടോസ് നേടി ടീമിനെ ബാറ്റിങ്ങിനയച്ചു. പക്ഷേ തന്റെ ടോപ് 3 ബാറ്റ്‌സ്മാന്‍മാരും പരാജയപ്പെട്ടു പെട്ടെന്നു മടങ്ങിയെത്തി. ഈ സമയം നിങ്ങള്‍ എന്ത് ചെയ്യും? നിങ്ങള്‍ ഹര്‍മന്‍പ്രീത് കൗറാകണം...ഹര്‍മന്‍ ആ സമയം നേരിട്ട സമ്മര്‍ദ്ദം ഊഹിക്കാവുന്നതേയുള്ളു. നിലയുറപ്പിക്കാന്‍ ഉറച്ച് നിന്നു, സിംഗിള്‍സ് എടുത്ത അപകടങ്ങള്‍ ഒഴിവാക്കി. നേരിട്ട ആദ്യ 13 ബോളില്‍ നിന്നും ഹര്‍മന്‍ നേടിയത് 5 റണ്‍സ്. പിന്നെ ആയിരുന്നല്ലോ കളി മുഴുവന്‍. ട്രാക്കില്‍ ഹര്‍മന്‍ നൃത്തം വെച്ചു, പന്ത് നാലു പാടും പാഞ്ഞു. 

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 40 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. ഏഴ് ഫോറും എട്ട് സിക്‌സും പറത്തി ഹര്‍മന്‍ തകര്‍ത്താടിയപ്പോള്‍ അവസാന പത്ത് ഓവറില്‍ ഇന്ത്യ അടിച്ചെടുത്തത് 118 റണ്‍സ്. വനിതാ ട്വന്റി20യില്‍ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ വട്ടം പന്ത് ബൗണ്ടറി ലൈന്‍ തൊടാതെ പറത്തുന്നതിലെ റെക്കോര്‍ഡും ഹര്‍മന്‍ തന്റെ പേരിലാക്കി.

കപിലിന്റെ അതേ വഴിയില്‍

1983ല്‍ നമ്മള്‍ കിരീടം ഉയര്‍ത്തിയ ലോക കപ്പ് ഓര്‍മയില്ലേ? അന്ന് സിംബാബ്വെയ്‌ക്കെതിരെ അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട് തകര്‍ന്നു നില്‍ക്കുകയായിരുന്നു ഇന്ത്യ. അന്ന് നായകന്‍ കപില്‍ ദേവ് തകര്‍ത്തു കളിച്ച് കളിയുടെ ഗതി തന്നെ മാറ്റി. കളിയുടെ ഗതി മാത്രമല്ല, ടൂര്‍ണമെന്റിന്റേയും, ഒടുവില്‍ ലോക കിരീടവും കപില്‍ദേവ് ആ കൈകളാല്‍ ഉയര്‍ത്തി. മറ്റൊരു ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടി അത് ആവര്‍ത്തിക്കുകയാണോ? 

ലോങ് റേഞ്ച് സിക്‌സുകളുടെ തുടക്കം

1989 മാര്‍ച്ച് എട്ടിനായിരുന്നു ഹര്‍മന്റെ ജനനം. വീടിന് എതിര്‍വശത്തുള്ള ഗുരുനാനാക്ക് സ്‌റ്റേഡിയത്തില്‍ ലോക്കല്‍ ബോയ്‌സിനൊപ്പം കളിച്ചായിരുന്നു വലംകയ്യന്‍ ബാറ്റ്‌സ്മാന്റെ തുടക്കം. ക്രിക്കറ്റിന് പുറമെ ഹോക്കി അത്‌ലറ്റഇക്‌സ് മത്സരങ്ങളിലും കൗര്‍ ഒരു കൈ പരീക്ഷിച്ചു. 

ഗുരുനാനാക്ക് സ്റ്റേഡിയത്തിലെ നടന്ന ഒരു കളിക്കിടെ കൗര്‍ പറത്തിയ ഒരു സിക്‌സ് അടുത്തുള്ളൊരു വീടിന്റെ ചില്ല് തകര്‍ത്തായിരുന്നു പതിച്ചത്. ആരാണ് ആ സിക്‌സിന്റെ ഉടമ എന്ന് അന്വേഷിച്ചെത്തിയ ഹര്‍മനെ അനുമോദിച്ചാണ് വീട്ടുടമസ്ഥന്‍ തിരികെ പോയത്. ഇന്ന് ആരാധകരെ ഹരം പിടിപ്പിക്കുന്ന ലോങ് റേഞ്ച് സിക്‌സുകളുടെ തുടക്കം അവിടെ നിന്നായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com