പൃഥ്വി ഷായുടെ പേരില്‍ കമ്പനികള്‍ തമ്മില്‍ പോര്; സ്വിഗിയും ഫ്രീറീച്ചാര്‍ജും ഒരു കോടി നല്‍കണം

പൃഥ്വി ഷായുടെ പേരില്‍ കമ്പനികള്‍ തമ്മില്‍ പോര്; സ്വിഗിയും ഫ്രീറീച്ചാര്‍ജും ഒരു കോടി നല്‍കണം

അരങ്ങേറ്റക്കാരന്റെ ആകുലതകളില്ലാതെ ബാറ്റ് വീശി മാന്‍ ഓഫ് ദി മാച്ചും, ക്രിക്കറ്റ് ലോകത്തിന്റെ മുഴുവന്‍ അഭിനന്ദനങ്ങളും കൈക്കലാക്കിയാണ് പൃഥ്വി ഷാ തന്റെ ആദ്യ ടെസ്റ്റ് അവസാനിപ്പിച്ചത്. ക്രിക്കറ്റ് ലോകം പൃഥ്വി ഷായില്‍ പ്രതീക്ഷ വയ്ക്കവെ, മാര്‍ക്കറ്റിങ് ലോകത്ത് പൃഥ്വി ഷായുടെ പേരില്‍ പോര് മുറുകുകയാണ്. 

പൃഥ്വി ഷായുടെ പേര് പരസ്യത്തിന് ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി സ്വിഗി, ഫ്രീറീച്ചാര്‍ജ് എന്നീ സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയാണ് പൃഥ്വിയുടെ മാനേജ്‌മെന്റായ ബേസ്ലൈന്‍ വെച്വേഴ്‌സ്. അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ചുറി നേടിയ പതിനെട്ടുകാരനെ അഭിനന്ദിക്കുകയും, പൃഥ്വിയുടെ ആദ്യ സെഞ്ചുറി നേട്ടം തങ്ങളുടെ സേവനവുമായി കൂട്ടിയിണക്കി പരസ്യത്തിന് ഉപയോഗിക്കുകയും ചെയ്ത കമ്പനികള്‍ക്കെതിരെയാണ് നിയമനടപടി. 

പൃഥ്വിയുടെ സെഞ്ചുറി നേട്ടത്തിന് പിന്നാലെ സ്വിഗിയുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു, ആദ്യത്തേത് നാം എന്നും ഓര്‍ക്കും; രസ്മലായി ആദ്യം നുണയുന്നത്, പൃഥ്വി ഷായുടെ ആദ്യ ഇന്നിങ്‌സ്...എന്നാല്‍ പൃഥ്വി ഷായുടെ പേര് ഉപയോഗിച്ചുള്ള ആശയം ബേസ്ലൈനിന്റെ റൈറ്റ് ലംഘിക്കുകയാണെന്നാണ് കമ്പനിയുടെ വാദം. സ്വിഗിയേയും, ഫ്രീറീച്ചാര്‍ജിനേയും കൂടാതെ അമൂലും പൃഥ്വി ഷായുടെ ഫോട്ടോ ഉപയോഗിച്ച് ട്വീറ്റ് ചെയ്തിരുന്നു.  

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ സെഞ്ചുറി നേടി, അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമായി പൃഥ്വി. സച്ചിന് ശേഷം ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ താരവുമാണ് പൃഥ്വി ഷാ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com