എല്‍ ക്ലാസിക്കോയ്ക്ക് മുന്‍പ് റയല്‍ കോച്ചിനെ വെട്ടും? പിടിവള്ളിയില്ലാതെ ലോപ്‌റ്റെഗു

മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ തിരിച്ചടികള്‍ നേരിടുന്ന മൗറിഞ്ഞോയെ ബെര്‍ണാബ്യൂവിലേക്കെത്തിക്കുവാനാണ് നീക്കമെന്നാണ് റിപ്പോര്‍ട്ട്
എല്‍ ക്ലാസിക്കോയ്ക്ക് മുന്‍പ് റയല്‍ കോച്ചിനെ വെട്ടും? പിടിവള്ളിയില്ലാതെ ലോപ്‌റ്റെഗു

ശനിയാഴ്ച നടക്കാനിരിക്കുന്ന എല്‍ ക്ലാസിക്കോയ്ക്ക് മുന്‍പ് കോച്ച് ജുലെന്‍ ലോപ്റ്റഗുവിനെ റയല്‍ പുറത്താക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച വിക്തോറിയ പ്ലസെനെതിരായ മത്സരത്തിന് ശേഷം, മത്സര ഫലം എന്തായാലും ലോപ്റ്റഗുവിനെ ടീമില്‍ നിന്നും പുറത്താക്കും എന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

നാല് മാസങ്ങള്‍ക്ക് മുന്‍പ്, റഷ്യയില്‍ ലോക കപ്പ് ആവേശം നിറഞ്ഞു നില്‍ക്കുമ്പോഴായിരുന്നു സ്‌പെയില്‍ ടീമിന്റെ പരിശീലന സ്ഥാനത്ത് നിന്നും ലോപ്റ്റഗു പുറത്താക്കപ്പെടുന്നത്. റയല്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് അണിയറയില്‍ പുരോഗമിച്ച ചര്‍ച്ചകളായിരുന്നു സ്‌പെയിനെ പ്രകോപിപ്പിച്ചത്. ലോപ്‌റ്റെഗുവിനെ മാറ്റി മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ തിരിച്ചടികള്‍ നേരിടുന്ന മൗറിഞ്ഞോയെ ബെര്‍ണാബ്യൂവിലേക്കെത്തിക്കുവാനാണ് നീക്കമെന്നാണ് റിപ്പോര്‍ട്ട്. മൗറിഞ്ഞോ എത്തുന്നത് വരെ റയല്‍ യൂത്ത് ടീമിന്റെ പരിശീലകന്‍ സൊലാരി റയലിന്റെ പരിശീലക സ്ഥാനത്ത് തുടരും. 

റയലിന്റെ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ ബെല്‍ജിയം പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനെസുമുണ്ട്. എന്നാല്‍ മൗറിഞ്ഞോയ്ക്ക് തന്നെയാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. തുടര്‍ച്ചയായി മൂന്ന് കളികളില്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് പരിശീലകനെ മാറ്റാനുള്ള തീരുമാനത്തിലേക്ക് റയല്‍ എത്തുന്നത്. 

സീസണില്‍ 12 കളികളിലാണ് ലോപ്‌റ്റെഗു റയലിനെ നയിച്ചത്. അതില്‍ ജയിച്ചത് അഞ്ചില്‍ മാത്രം. സ്പാനിഷ് സൂപ്പര്‍ കോപ്പയില്‍ 4-2ന് അത്‌ലറ്റിക്കോ മാഡ്രിഡിനോടുള്ള തോല്‍വിയോടെയായിരുന്നു ലോപ്‌റ്റെഗുവിന്റെ റയലിലെ യാത്ര ആരംഭിക്കുന്നത്. നിലവില്‍ ലാലീഗയില്‍ അഞ്ചാം സ്ഥാനത്താണ് റയല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com