ഇംഗ്ലണ്ടില്‍ പിഴച്ചത് കോഹ് ലിയുടെ നായകത്വത്തിനോ? കാരണങ്ങള്‍ ഇവയാണ്‌

ടീം സെലക്ഷനിലെ പാളിച്ച, മികവിലേക്ക് ഉയരാത്ത ബാറ്റിങ്, വീണുകിട്ടിയ അവസരങ്ങള്‍ മുതലെടുക്കുന്നതിലെ പരാജയം..
ഇംഗ്ലണ്ടില്‍ പിഴച്ചത് കോഹ് ലിയുടെ നായകത്വത്തിനോ? കാരണങ്ങള്‍ ഇവയാണ്‌

ടീം സെലക്ഷനിലെ പാളിച്ച, മികവിലേക്ക് ഉയരാത്ത ബാറ്റിങ്, വീണുകിട്ടിയ അവസരങ്ങള്‍ മുതലെടുക്കുന്നതിലെ പരാജയം...ഇംഗ്ലണ്ടിന് മുന്നില്‍ 4-1ന് ടെസ്റ്റ് പരമ്പര അടിയറവ് വെച്ചു വരുമ്പോള്‍ ഇന്ത്യയ്ക്ക് കഴിഞ്ഞ രണ്ട് മാസത്തിനിടെ പിഴച്ചത് ഇവയൊക്കെയായിരുന്നു. 

നാലാം ടെസ്റ്റില്‍ ടീം ടോട്ടല്‍ നൂറില്‍ എത്തുന്നതിന് മുന്‍പ് ഇംഗ്ലണ്ടിന്റെ ആറ് വിക്കറ്റുള്‍ ഇന്ത്യ വീഴ്ത്തി. എന്നിട്ടും ഇംഗ്ലണ്ടിനെ കുലുക്കാന്‍ സാധിച്ചില്ല എന്നത് തന്നെ ഇന്ത്യയുടെ ഈ പിഴവുകളിലേക്ക് വിരല്‍ ചൂണ്ടുന്നു. ഇന്ത്യ കളിച്ചതിന് സമാനമായിട്ട് തന്നെയായിരുന്നു ഇംഗ്ലണ്ടും കളിച്ചത്. എല്ലാ അര്‍ഥത്തിലും അവര്‍ ഇന്ത്യയെ തകര്‍ത്തത് ലോര്‍ഡ്‌സില്‍ മാത്രമായിരുന്നു. ബാക്കിയെല്ലാം ഇന്ത്യ തോറ്റുകൊടുത്ത കളികള്‍...

ഇന്ത്യയെ കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കാന്‍ അനുവദിക്കാതെ, എന്നാല്‍ തങ്ങളുടെ ബാറ്റിങ്ങിലേക്ക് വരുമ്പോള്‍ ലോവര്‍ ഓര്‍ഡറില്‍ കൂട്ടുകെട്ടുകള്‍ സൃഷ്ടിച്ചുമായിരുന്നു ഇംഗ്ലണ്ട് കളികള്‍ പിടിച്ചത്. ഇംഗ്ലണ്ടില്‍ കോഹ് ലിക്കും സംഘത്തിനും പിഴച്ചത് ഇവിടെയെല്ലാമായിരുന്നു...

ഓപ്പണിങ് തലവേദന

ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും മികവ് പുലര്‍ത്തുന്ന സ്ഥിരതയാര്‍ന്ന ഒരു ഇന്ത്യന്‍ ടീമാണ് ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്നതെന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ ആകെ തകിടം മറിഞ്ഞാണ് ആ സംഘം നാട്ടിലേക്ക് തിരികെ എത്തുന്നു. അതില്‍ ഏറെ തലവേദന സൃഷ്ടിക്കുന്നത് ഓപ്പണര്‍മാരും. 

ഒരു തരത്തിലും ന്യായീകരിക്കാനാവാത്ത പ്രകടനമായിരുന്നു മുരളി വിജയിയുടേത്. കവറിലൂടെ എല്ലാ ബോളും പായിക്കാനായിരുന്നു ധവാന്റെ ശ്രമം. ഷോട്ട് സെലക്ഷനില്‍ പിഴച്ച ധവാന്‍ ഇന്ത്യയെ ഓരോ വട്ടവും കുഴക്കി. അവസാന ടെസ്റ്റില്‍ സെഞ്ചുറി നേടിയെങ്കിലും തന്റെ ടീം സുരക്ഷിതമായ സ്ഥാനത്താണ് എന്ന് ഉറപ്പു വരുത്തുന്ന പ്രകടനം പരമ്പരയില്‍ രാഹുലിന്റെ ഭാഗത്ത് നിന്നുമുണ്ടായില്ല. പൃഥ്വി ഷാ ഉള്‍പ്പെടെ യുവ താരങ്ങളെ പരീക്ഷിക്കേണ്ടതിന്റെ ആവശ്യകത ഇവിടെ വ്യക്തം. 

തകര്‍ന്നടിഞ്ഞ മധ്യനിര

2014ല്‍ ഓര്‍മകള്‍ മായ്ച്ചു കളയാന്‍ കോഹ് ലിക്ക് സാധിച്ചു എന്നതാണ് ഈ പരമ്പര കൊണ്ട് ഇന്ത്യയ്ക്കുണ്ടായ നേട്ടങ്ങളില്‍ ഒന്ന്. ബിര്‍മിങ്ഹാമിലെ 149 റണ്‍സ് കോഹ് ലിയുടെ മികച്ച ഇന്നിങ്‌സുകളുടെ കൂട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്നതാണ്. സെഞ്ചുറി നേടിയെങ്കിലും ടീമിന് തുണയാവാതെ ഇരുന്ന പൂജാര. 

ഇംഗ്ലണ്ടില്‍ ഇന്ത്യയെ ഏറ്റവും കൂടുതല്‍ നിരാശപ്പെടുത്തിയത് രഹാനെയായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ വെച്ച് തന്നെ രഹാനേയില്‍ ആത്മവിശ്വാസമില്ലായ്മ വ്യക്തമായിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിലേക്കെത്തിയപ്പോള്‍ താളപ്പിഴകള്‍ രഹാനേയെ വളഞ്ഞു. 

കുത്തി തിരിയാഞ്ഞ സ്പിന്‍

പരമ്പരയില്‍ നല്ല തുടക്കമായിരുന്നു അശ്വിന്റേത്. ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സിലും കുക്കിനെ കുടുക്കിയ അശ്വിന്റെ ബോള്‍ മറക്കാന്‍ പറ്റില്ല. എന്നാല്‍ പരിക്ക് അശ്വിന്റെ താളം കളഞ്ഞു. നാലാം ടെസ്റ്റില്‍ പരിക്കിനെ കൂടെ കൂട്ടി കളിക്കേണ്ടി വന്നു. അത് ഇന്ത്യയെ തോല്‍വിയിലേക്കും എത്തിച്ചു. ബോള്‍ ടേണ്‍ ചെയ്യിക്കാനാവാതെ അശ്വിന്‍ വലയുമ്പോള്‍ മറുവശത്ത് മൊയിന്‍ അലി ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ കുഴയ്ക്കുകയായിരുന്നു. 

ലോര്‍ഡ്‌സ് ടെസ്റ്റില്‍ കുല്‍ദീപിനെ ഉള്‍പ്പെടുത്താനുള്ള കോഹ് ലിയുടെ തീരുമാനം ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ലോര്‍ഡ്‌സിലെ മോശം കളി കുല്‍ദീപിന്റെ തന്നെ ആത്മവിശ്വാസം കെടുത്തുന്നതായിരുന്നു. ജഡേജയുടെ മികവ് ഇന്ത്യ തിരിച്ചറിയുക കൂടിയായിരുന്നു ഇംഗ്ലണ്ടില്‍.

ഭുവനേശ്വര്‍ കുമാറിന്റെ അഭാവത്തിലും ഇംഗ്ലണ്ടിനെ കുഴയ്ക്കാന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് സാധിച്ചിട്ടുണ്ട്. പേസും, സ്വിങ്ങും ബൗണ്‍സും നിറഞ്ഞ് കൃത്യതയാര്‍ന്ന ബൗളിങ്. അന്ന് റിക്കി പോണ്ടിങ്ങിനെ പുറത്താക്കിയ പത്തൊന്‍പതുകാരന്റെ ഭാവത്തിലായിരുന്നു ഇഷാന്ത് ശര്‍മ, ഷമിയുടെ കൃത്യതയാര്‍ന്ന ബൗളിങ്. ബാറ്റിങ്ങില്‍ പിഴച്ചുവെങ്കിലും ഹര്‍ദിക്കിന്റെ ട്രെന്‍ഡ് ബ്രിഡ്ജിലെ അഞ്ച് വിക്കറ്റ് നേട്ടം കാണാതെ പോവരുത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com