'ബ്ലാസ്റ്റേഴ്സ് ടീം അ‌പ്പ് ഫോർ കേരള- ഇനി പന്തുരുളുമ്പോൾ നാടുയരും'; മത്സ്യത്തൊഴിലാളികളെ ആദരിച്ച് മഞ്ഞപ്പട; ടിക്കറ്റ് വിൽപ്പനയ്ക്ക് തുടക്കം

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സീസണിലേക്കുള്ള തുടക്കം പ്രളയദുരിതം നേരിടുന്ന കേരളത്തിന് പിന്തുണ പ്രഖ്യാപിച്ച്
'ബ്ലാസ്റ്റേഴ്സ് ടീം അ‌പ്പ് ഫോർ കേരള- ഇനി പന്തുരുളുമ്പോൾ നാടുയരും'; മത്സ്യത്തൊഴിലാളികളെ ആദരിച്ച് മഞ്ഞപ്പട; ടിക്കറ്റ് വിൽപ്പനയ്ക്ക് തുടക്കം

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സീസണിലേക്കുള്ള തുടക്കം പ്രളയദുരിതം നേരിടുന്ന കേരളത്തിന് പിന്തുണ പ്രഖ്യാപിച്ച്. രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മത്സ്യത്തൊഴിലാളികൾക്ക് ആദ്യ ടിക്കറ്റ് കൈമാറി ബ്ലാസ്റ്റേഴ്സ് 2018 സീസണിന് തുടക്കമിട്ടു. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ കലക്ടർ മുഹമ്മദ് സഫീറുള്ള മത്സ്യത്തൊഴിലാളികൾക്ക് ടിക്കറ്റ് കൈമാറി. മത്സ്യത്തൊഴിലാളികൾക്ക് പുറമേ രക്ഷാപ്രവർത്തനത്തിൽ ഹീറോകളായവർ വേറെയുമുണ്ടെന്നും കൊച്ചിയിൽ നടക്കുന്ന മത്സരങ്ങളിൽ അ‌വരെയും ആദരിക്കുമെന്നും കേരള ബ്ലാസ്റ്റേഴ്സ് സിഇഒ വരുൺ ത്രിപുരനേനി പറഞ്ഞു.

കഴിഞ്ഞ തവണത്തേതിനെ അ‌പേക്ഷിച്ച് ഇത്തവണ കൊച്ചിയിൽ നടക്കുന്ന മത്സരങ്ങളുടെ ടിക്കറ്റ് നിരക്കുകൾ കുറവായിരിക്കുമെന്ന് ബ്ലാസ്റ്റേഴ്സ് അ‌ധികൃതർ വ്യക്തമാക്കി. ഇന്ന് മുതൽ ഈ മാസം 24 വരെ പ്രത്യേക ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. 24 വരെയുള്ള 'ഏർലി ബേർഡ്' ഓഫറിൽ 199 രൂപ മുതൽ 1250 രൂപ വരെയാകും ടിക്കറ്റ് നിരക്കുകൾ. ഇതിനുശേഷമുള്ള നിരക്കുകൾ പ്രഖ്യാപിച്ചിട്ടില്ല. ഏർലി ബേർഡ് ഓഫറിൽ നോർത്ത്, സൗത്ത് ഗാലറി ടിക്കറ്റുകളാകും 199 രൂപയ്ക്ക് ലഭിക്കുക. വെസ്റ്റ്, ഈസ്റ്റ് ഗാലറികൾക്ക് 249 രൂപ. ബി, ഡി ബ്ലോക്കുകൾക്ക് 349 രൂപയും എ, സി, ഇ ബ്ലോക്കുകൾക്ക് 449 രൂപയും നൽകണം. വിഐപി ടിക്കറ്റിനാണ് 1250 രൂപ. 

ഇത്തവണ ഓൺലൈനിൽ ടിക്കറ്റ് എടുക്കുന്നവർക്ക് പിന്നീട് സ്റ്റേഡിയത്തിലെത്തി ഒറിജിനൽ ടിക്കറ്റ് വാങ്ങേണ്ട ആവശ്യമുണ്ടാകില്ല. ബുക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ഇ-ടിക്കറ്റ് ഗേറ്റിൽ സ്കാൻ ചെയ്ത് നേരിട്ട് സ്റ്റേഡിയത്തിനകത്ത് പ്രവേശിക്കാം. 2018 എെഎസ്എല്ലിലെ കേരളത്തിന്റെ ആദ്യ ​ഹോം പോരാട്ടം ഒക്ടോബർ അഞ്ചിന് അരങ്ങേറും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com