കണക്ക് തീര്‍ക്കാന്‍ ഇന്ത്യയ്ക്ക് മുന്നില്‍ പാക്കിസ്ഥാന്‍, ധോനി-മാലിക്ക് പോര് കൂടിയാണ്

ഇന്ത്യ പകരം വീട്ടുമെന്ന പ്രതീക്ഷ കൂടിയാകുമ്പോള്‍ ചിരവൈരികള്‍ തമ്മിലുള്ള പോരിന്റെ ആവേശം കൂടുന്നു
കണക്ക് തീര്‍ക്കാന്‍ ഇന്ത്യയ്ക്ക് മുന്നില്‍ പാക്കിസ്ഥാന്‍, ധോനി-മാലിക്ക് പോര് കൂടിയാണ്

ജൂണ്‍ 18, 2017,  ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളെ നിരാശയിലേക്ക് തള്ളിവിട്ട ദിനമായിരുന്നു അത്. ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ തകര്‍ത്ത് കിരീടം ഉയര്‍ത്തിയ പാക്കിസ്ഥാന്‍. ഒരു വര്‍ഷത്തിന് ഇപ്പുറം ഇരുവരും വീണ്ടും നേര്‍ക്കു നേര്‍ വരുന്നു. ഇന്ത്യ പകരം വീട്ടുമെന്ന പ്രതീക്ഷ കൂടിയാകുമ്പോള്‍ ചിരവൈരികള്‍ തമ്മിലുള്ള പോരിന്റെ ആവേശം കൂടുന്നു. 

ഇന്ന്, ഏഷ്യാ കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുവരും നേര്‍ക്കു നേര്‍ വരുമ്പോള്‍ ഷുഐബ് മാലിക്ക്, മഹേന്ദ്ര സിങ് ധോനി എന്നിവരില്‍ ആരാകും ജയിച്ചു കയറുക എന്നത് കൂടി ആരാധകരുടെ ആകാംക്ഷ വര്‍ധിപ്പിക്കുന്നു. 1999 മുതല്‍ പാക്കിസ്ഥാന്‍ കുപ്പായം അണിയുന്ന ഷുഐബ് മാലിക്ക് 39 ഏകദിനങ്ങളാണ് ഇന്ത്യക്കെതിരെ കളിച്ചിരിക്കുന്നത്. 

ഇന്ത്യക്കെതിരെ മാലിക്കിന്റെ ബാറ്റിങ് ശരാശരി 47.45 ആണ്. ഇരുപത് വട്ടം ഇന്ത്യയെ മാലിക്കുമായി ഇറങ്ങിയ പാക്കിസ്ഥാന്‍ തോല്‍പ്പിച്ചു വിട്ടു. മാലിക്കിന്റെ പരിചയ സമ്പത്തിന് ഇന്ത്യയുടെ മറുപടിയാണ് ധോനി. 2004ല്‍ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചു തുടങ്ങിയ ധോനി 33 വട്ടമാണ് പാക്കിസ്ഥാനെതിരെ കളത്തിലിറങ്ങിയത്. 

ഏകദിനത്തിലെ തന്റെ 51.25 എന്ന ബാറ്റിങ് ശരാശരിയേക്കാള്‍ കൂടുതലാണ് ധോനിയുടെ പാക്കിസ്ഥാനെതിരായ ബാറ്റിങ് ബാറ്റിങ് ആവറേജ്, 55.90. പാക്കിസ്ഥാനെതിരെ തകര്‍ത്തടിച്ച് ധോനി നേടിയ രണ്ട് സെഞ്ചുറികളും ആരാധകരുടെ ഓര്‍മയിലുണ്ടാകും. വിശാഖപട്ടണത്ത് 2005ല്‍ 123 പന്തില്‍ അടിച്ചെടുത്ത 148 റണ്‍സായിരുന്നു ഒന്നാമത്തേത്. 2012ല്‍ ചെപ്പോക്കില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞപ്പോള്‍ പിറന്ന ധോനിയുടെ സെഞ്ചുറിയാണ് രണ്ടാമത്തേത്. 

ചിരവൈരികള്‍ തമ്മിലുള്ള പോരാട്ടത്തില്‍ പരിചയസമ്പത്തുള്ള താരങ്ങള്‍ വിജയം നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമായിരുന്നു. 1986ല്‍ ഷാര്‍ജയില്‍ അവസാന ബോളില്‍ സിക്‌സ് പറത്തി ജയം നേടിയ ജാവേദ് മിയാന്‍ദാദിന്റെ ഇന്നിങ്‌സ്. 2003 ലോക കപ്പില്‍ സെഞ്ചുറിയനില്‍ സച്ചിന്റെ ബാറ്റില്‍ നിന്നും പിറന്ന 98 റണ്‍സ്...നീണ്ട ഇടവേളയ്ക്ക് ശേഷം ഇരുവരും വീണ്ടും നേര്‍ക്കുനേര്‍ വരുമ്പോള്‍ ഒരു ഹീറോ പെര്‍ഫോമന്‍സാണ് ഇരുടീമിലേയും കളിക്കാരില്‍ നിന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com