''വാര്‍' ഉള്ളതാ... ഇങ്ങനെ അഭിനയിച്ചാല്‍ പണി കിട്ടും'; നെയ്മറെ ട്രോളി മറഡോണ; പ്രതിഫലമില്ലാതെ അര്‍ജന്റീനയെ പരിശീലിപ്പിക്കാമെന്നും സൂപ്പര്‍ താരം

മെക്‌സിക്കോയ്ക്ക് എതിരായ മത്സരത്തില്‍ ചവിട്ടേറ്റ് പുളഞ്ഞ ദൃശ്യങ്ങളെ എടുത്തുപറഞ്ഞുകൊണ്ടാണ് മറഡോണയുടെ പരിഹാസം
''വാര്‍' ഉള്ളതാ... ഇങ്ങനെ അഭിനയിച്ചാല്‍ പണി കിട്ടും'; നെയ്മറെ ട്രോളി മറഡോണ; പ്രതിഫലമില്ലാതെ അര്‍ജന്റീനയെ പരിശീലിപ്പിക്കാമെന്നും സൂപ്പര്‍ താരം

ര്‍ജന്റീനയുടെ എല്ലാ മത്സരങ്ങളിലും ടീമിലെ 12 ാമനായി ഒരു ഫുട്‌ബോള്‍ അതിഹാസം പുറത്തുണ്ടായിരുന്നു. അര്‍ജന്റീന ഗോള്‍ അടിക്കുമ്പോള്‍ ആഘോഷിക്കുകയും അവസരങ്ങള്‍ പാഴാക്കുമ്പോള്‍ രൂക്ഷമായി പ്രതികരിക്കുകയും ചെയ്ത് മുന്‍ സൂപ്പര്‍ താരം ഡിയഗോ മറഡോണ വാര്‍ത്തകളില്‍ നിറഞ്ഞു. ടീമിന്റെ പ്രകടനത്തെ കുറ്റപ്പെടുത്തിയപ്പോഴും മെസിയെ വിമര്‍ശനങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താനും അദ്ദേഹം ശ്രമിച്ചിരുന്നു. എന്നാല്‍ മെസിയോട് കാണിക്കുന്ന മയമൊന്നും മറഡോണ മറ്റാരോടും കാണിക്കില്ല. ബ്രസീല്‍ നായകന്‍ നെയ്മറിന്റെ വീഴ്്ചയെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് താരം. കൂടാതെ അര്‍ജന്റീനന്‍ ടീമിന്റെ പരിശാലകനാകാന്‍ തനിക്ക് താല്‍പ്പര്യമുണ്ടെന്നും മറഡോണ പറഞ്ഞു.

മെക്‌സിക്കോയ്ക്ക് എതിരായ മത്സരത്തില്‍ ചവിട്ടേറ്റ് പുളഞ്ഞ ദൃശ്യങ്ങളെ എടുത്തുപറഞ്ഞുകൊണ്ടാണ് മറഡോണയുടെ പരിഹാസം. ഇത്തരം അഭിനയം പുറത്തെടുത്താല്‍ മഞ്ഞക്കാര്‍ഡ് കിട്ടുമെന്നാണ് നെയ്മറിന് മറഡോണ നല്‍കുന്ന ഉപദേശം. നെയ്മര്‍ ഒരു മികച്ച കളിക്കാരന്‍ തന്നെയാണ്. എന്നാല്‍ ഇത്തരം'പ്രകടനങ്ങള്‍' പുറത്തെടുക്കുമ്പോള്‍ വാര്‍ എന്ന ടെക്‌നോളജി നിലവിലുള്ളതും റഫറിയ്ക്കു ബോധ്യപ്പെട്ടാല്‍ മഞ്ഞക്കാര്‍ഡ് കിട്ടുമെന്നും നെയ്മറിനു ഇനിയും അറിയില്ലേ എന്നാണ് മറഡോണ ചോദിക്കുന്നത്. 

എതിരാളികളുട നോട്ടപ്പുള്ളിയായ നെയ്മര്‍ പലപ്പോഴും ക്രൂരമായ ടാക്‌ളിങ്ങിനാണ് ഇരയായത്.  ഓരോ കളി കഴിയുമ്പോള്‍ ബ്രസീലിയന്‍ നായകന്റെ പ്രകടനത്തോടൊപ്പം തന്നെ വീഴ്ചകളും സോഷ്യല്‍ മീഡിയയില്‍ നിറയും. മികച്ച പ്രകടനത്തിലൂടെ ടീമിനെ വിജയത്തിലേക്ക് എത്തിച്ചെങ്കിലും കാറ്റടിച്ചാല്‍ വീഴുന്ന സൂപ്പര്‍ താരം എന്ന ചീത്തപ്പേരാണ് ബാക്കി. പ്രീ ക്വാര്‍ട്ടറില്‍ അഞ്ചു തവണയാണ് മെക്‌സിക്കന്‍ താരങ്ങളുടെ കടുത്ത ടാക്ലിങ്ങിന് നെയ്മര്‍ ഇരയായത്. 

രണ്ടാം പകുതിയില്‍ ബ്രസീല്‍ 1- 0നു മുന്നില്‍ നില്‍ക്കെ, മിഗ്വെല്‍ ലയുനിന്റെ ചവിട്ടേറ്റ് താരം പുളയുകയായിരുന്നു. ഫൗളേറ്റ് വീണ ശേഷം മൈതാനത്ത് ഇരിക്കുകയായിരുന്നു നെയ്മര്‍. പന്തെടുക്കാന്‍ ചെന്ന ലയുനിന്റെ ബൂട്ട് നെയ്മറുടെ കണങ്കാലിലാണു പതിച്ചത്. വേദനമൂലം താരം പുളഞ്ഞെങ്കിലും റഫറി ലയുനിനെതിരെ നടപടിയൊന്നും എടുത്തില്ല. എഡ്‌സണ്‍ അല്‍വാരെസും പിന്നീട് ലയുനും സാല്‍സിദോയും നെയ്മര്‍ക്കെതിരേ പരുക്കന്‍ അടവുകള്‍ പ്രയോഗിച്ചിരുന്നു.

അര്‍ജന്റീനയ്ക്ക് സൗജന്യ പരിശീലനം നല്‍കാമെന്നാണ് മറഡോണ പറയുന്നത്. ലോകകപ്പില്‍ ടീമിന്റെ മോശം പ്രകടനത്തെത്തുടര്‍ന്ന് സാംപൊളി രാജിവയ്ക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് മറഡോണയുടെ പ്രതികരണം. ടീമിനെ പരിശീലിപ്പിക്കാന്‍ തയ്യാറാണ്. തിരിച്ച് ഒന്നും ആവശ്യപ്പെടുന്നില്ലെന്നും മറഡോണ പറയുന്നു. പരിശീലന സ്ഥാനത്ത് തുടരാന്‍ താല്‍പ്പര്യമുണ്ടെന്ന് സാംപോളി വ്യക്തമാക്കിയെങ്കിലും അടുത്തു തന്നെ ടീമില്‍ നിന്ന് പുറത്താക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെയാണ് പരിശീലകനാകാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് മറഡോണ രംഗത്തെത്തിയിരിക്കുന്നത്. 

എന്നാല്‍ പരിശീലക സ്ഥാനം മറഡോണയ്ക്ക് കൊടുക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 2010 ലെ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ മറഡോണയായിരുന്നു കോച്ച്. അന്ന് ടീമിനുവേണ്ടി കാര്യമായ നേട്ടങ്ങളുണ്ടാക്കാന്‍ ഇതിഹാസതാരത്തിനായില്ല. ക്വാര്‍ട്ടറില്‍ എതിരില്ലാത്ത നാല് ഗോളിന് ജര്‍മനിയോട് തോറ്റ് ടീം പുറത്തായി. അതിനാല്‍ മറ്റേതെങ്കിലും താരത്തെ പരിഗണിക്കാനാണ് സാധ്യത.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com