മെക്‌സിക്കന്‍ അപാരത!; ചാമ്പ്യന്‍മാരെ തോല്‍പ്പിച്ചു: ജര്‍മനിയുടെ തോല്‍വി 1-0ന്

ലോകകപ്പില്‍ നിലവിലെ കിരീട ജേതാക്കളായ ജര്‍മനിയെ തോല്‍പ്പിച്ച് മെക്‌സിക്കോ 
മെക്‌സിക്കന്‍ അപാരത!; ചാമ്പ്യന്‍മാരെ തോല്‍പ്പിച്ചു: ജര്‍മനിയുടെ തോല്‍വി 1-0ന്

ലോകകപ്പില്‍ നിലവിലെ കിരീട ജേതാക്കളായ ജര്‍മനിയെ തോല്‍പ്പിച്ച് മെക്‌സിക്കോ. 35ാം മിനിറ്റില്‍ ഹാവിയര്‍ ഹെര്‍ണാണ്ടസിന്റെ പാസില്‍ ഹിര്‍വിങ് ലൊസാനോയാണ് മെക്‌സിക്കോയ്ക്ക് വേണ്ടി വിജയ ഗോള്‍ നേടിയത്. ഇതോടെ മൂന്ന് പൊയിന്റുകളോടെ മെക്‌സിക്കോ ഗ്രൂപ്പ് എഫില്‍ ഒന്നാമതെത്തി. മികച്ച ആക്രമണവും പ്രതിരോധവും തീര്‍ത്ത മെക്‌സിക്കോയ്ക്ക് മുന്നില്‍ ജര്‍മനിയുടെ മുന്‍നിര താരങ്ങള്‍ വിയര്‍ത്തു. 

ഒന്നാന്തരമായിരുന്നു ലൊസാനോയുടെ ഗോള്‍. ഒരു പ്രത്യാക്രമണത്തില്‍ നിന്നാണ് ലൊസാനോ ഗോള്‍ നേടിയത്. ജര്‍മന്‍ പ്രതിരോധത്തില്‍ ആശയക്കുഴപ്പമുണ്ടാക്കിയാണ് ഇരുപത്തിരണ്ടുകാരനായ ലൊസോനേ ജര്‍മനിയുടെ ശവപ്പെട്ടിയില്‍ ആണിയടിച്ചത്. യോഗ്യതാ റൗണ്ടില്‍ നാല് ഗോളുകളടിച്ച ലൊസാനോയുടെ ലോകകപ്പിലെ ആദ്യ ഗോളായിരുന്നു ഇത്.

ആദ്യമിനിറ്റില്‍ തന്നെ ജര്‍മനിയെ വിറപ്പിച്ച് തുടങ്ങിയ മെക്‌സിക്കോ പലതവണ ജര്‍മന്‍ ഗോള്‍മുഖത്ത് പ്രകമ്പനം സൃഷ്ടിച്ചു. പതിനാല് മിനിറ്റുകള്‍ക്കിടയില്‍ മൂന്ന് അറ്റാക്കുകളാണ് മെക്‌സിക്കോ ജര്‍മന്‍ ഗോള്‍മുഖത്ത് നടത്തിയത്. എഴാംമിനിറ്റില്‍ ലഭിച്ച ഫ്രീകിക്ക് പാഴാക്കിയതൊഴിച്ചാല്‍ കളിയുടെ ആദ്യപകുതിയില്‍ കൃത്യമായ ആധിപത്യം പുലര്‍ത്തിയത് മെക്‌സിക്കോയായിരുന്നു.എന്നാല്‍ രണ്ടാംപകുതിയില്‍ ആക്രമണ സ്വഭാം കുറച്ച മെക്‌സിക്കോ പ്രതിരോധത്തിലൂന്നല്‍ നല്‍കി. ആര്‍ത്തലച്ചെത്തിയ ജര്‍മനിയുടെ എല്ലാ ശ്രമങ്ങളും മെക്‌സിക്കന്‍ ഗോളി ഒച്ചാവോ തകര്‍ത്തു തരിപ്പണമാക്കി. അവസാന മിനിറ്റുകളില്‍ രണ്ടുംകല്‍പ്പിച്ച് ആക്രമണം നടത്തിയ ജര്‍മനിയ്ക്ക് മുന്നില്‍ ഉരുക്കുകോട്ടപോലെ ഒച്ചാവോ നിലയുറപ്പിച്ചു.  രണ്ടാംപകുതിയില്‍ താരങ്ങളെ മാറിമാറി പരീക്ഷച്ചെങ്കിലും ജര്‍മനിക്ക് മെക്‌സിക്കോയുടെ പ്രതിരോധ നിര തകര്‍ക്കാന്‍ സാധിച്ചില്ല. 

83ാം മിനിറ്റില്‍ തോമസ് മുള്ളറിനും മാറ്റ് ഹമ്മല്‍സിനും മഞ്ഞക്കാര്‍ഡ് ലഭിച്ചു. വിജയം മാത്രം ലക്ഷ്യമിട്ടിറങ്ങിയ മെക്‌സിക്കോ ക്യാപ്റ്റന്‍ ഗുര്‍ദോവിനെ തന്നെ മാറ്റി റാഫേല്‍ മാര്‍ക്വസിനെ ഗ്രൗണ്ടിലിറക്കാനും മടിച്ചില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com