രണ്ടാം റൗണ്ട് കണ്ടില്ലെങ്കില്‍ മെസി വിരമിക്കല്‍ പ്രഖ്യാപിക്കും,  അര്‍ജന്റീനയെ പ്രതിസന്ധിയിലാക്കി ആറ് പേരും ഒപ്പമിറങ്ങും

എയ്ഞ്ചല്‍ ഡി മരിയ, അഗ്യുറോ, മഷെരാനോ, ഹിഗ്വിന്‍, മാര്‍ക്കോസ് റോഹോ, എവര്‍ ബനേഗ എന്നിവര്‍ മെസിക്കൊപ്പം പടിയിറങ്ങും
രണ്ടാം റൗണ്ട് കണ്ടില്ലെങ്കില്‍ മെസി വിരമിക്കല്‍ പ്രഖ്യാപിക്കും,  അര്‍ജന്റീനയെ പ്രതിസന്ധിയിലാക്കി ആറ് പേരും ഒപ്പമിറങ്ങും

മോസ്‌കോ: കിരീടം എടുത്തുയര്‍ത്തി അര്‍ജന്റീനിയന്‍ കുപ്പായത്തില്‍ നിന്നും മെസിയെ യാത്ര അയക്കാമെന്ന ടീം അംഗങ്ങളുടേയും ആരാധകരുടേയും സ്വപ്‌നങ്ങളായിരുന്നു മൂന്ന് തവണ ഗോള്‍വല കുലുക്കി ക്രൊയേഷ്യ തകര്‍ത്തത്. രണ്ടാം റൗണ്ടിലേക്ക് അര്‍ജന്റീന കടന്നില്ലാ എങ്കില്‍ മെസി വിരമിക്കല്‍ പ്രഖ്യാപിക്കും എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ അര്‍ജന്റീനിയന്‍ മാധ്യമങ്ങളില്‍ നിറയുന്നത്. 

കോപ്പ അമേരിക്ക ഫൈനലില്‍ ചിലിക്ക് മുന്നില്‍ മുട്ടുമടക്കേണ്ടി വന്നതിന് പിന്നാലെ കണ്ണീരണിഞ്ഞ് മെസി വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. അന്ന് ആരാധകരുടേയും കളിക്കാരുടേയും ഭാഗത്ത് നിന്നും ശക്തമായി ആവശ്യമുയര്‍ന്നതിനെ തുടര്‍ന്നായിരുന്നു മെസി അര്‍ജന്റീനിയന്‍ കുപ്പായത്തിലേക്ക് തിരികെ എത്തിയത്. 

മെസി ദേശീയ ടീമിലേക്ക് തിരിച്ചു വന്നില്ലായിരുന്നു എങ്കില്‍ അര്‍ജന്റീന ലോക കപ്പ് കളിക്കാന്‍ യോഗ്യത നേടുമായിരുന്നില്ല. പക്ഷേ ടീമിനെ റഷ്യ വരെ എത്തിച്ചെങ്കിലും ഗ്രൂപ്പ് ഘട്ടം പിന്നിടുന്നതില്‍ ടീമിന് രക്ഷകനാവാന്‍ മെസിക്ക് സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ അര്‍ജന്റീനയുടെ കുതിപ്പ് അവസാനിച്ചാല്‍ മെസിയില്‍ നിന്നും പെട്ടെന്ന് വിരമിക്കല്‍ പ്രഖ്യാപനം വരുമെന്നാണ് അര്‍ജന്റീനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

മെസി തനിച്ചായിരിക്കില്ല പടിയിറങ്ങുന്നത്. മെസി ഉള്‍പ്പെടെ ഏഴ് താരങ്ങള്‍ ലോക കപ്പ് കഴിയുന്നതോടെ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. എയ്ഞ്ചല്‍ ഡി മരിയ, അഗ്യുറോ, മഷെരാനോ, ഹിഗ്വിന്‍, മാര്‍ക്കോസ് റോഹോ, എവര്‍ ബനേഗ എന്നിവര്‍ മെസിക്കൊപ്പം പടിയിറങ്ങും. ഒരു തലമുറ ഒന്നാകെ പടിയിറങ്ങുമ്പോള്‍ അര്‍ജന്റീന അത് എങ്ങിനെ അതിജീവിക്കും എന്നതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഫുട്‌ബോള്‍ ലോകം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com