മുഖ്യമന്ത്രിക്ക് മുതലാളിമാരുടെ ഭാഷ: കാനം രാജേന്ദ്രന്‍

രമണ്‍ ശ്രീവാസ്തവ എന്നു കേള്‍ക്കുമ്പോള്‍ ഓര്‍മ വരുന്നത് കെ കരുണാകരന്‍, സിറാജുന്നീസ എന്നീ പേരുകള്‍ - ജിഷ്ണുവിന്റെ കുടുംബവുമായുള്ള ചര്‍ച്ച മുഖ്യമന്ത്രിയോടു പറയേണ്ട കാര്യമില്ല - ഇപി ജയരാജന്‍ വലിയ ആള്‍, മേ
മുഖ്യമന്ത്രിക്ക് മുതലാളിമാരുടെ ഭാഷ: കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: ഒരു സമരം നടന്ന ശേഷം അതുകൊണ്ട് എന്തുനേടിയെന്ന് ചോദിച്ചിരുന്നത് പണ്ടെല്ലാം മുതലാളിമാര്‍ ആയിരുന്നെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മുതലാളിമാര്‍ സമരം ചെയ്ത തൊഴിലാളിയോട് ചോദിച്ചിരുന്ന ഭാഷയാണ് ഇതെന്ന് കാനം പറഞ്ഞു. ജിഷ്ണു പ്രണോയിയുടെ കുടുംബം സമരത്തിലൂടെ എന്തു നേടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചതു ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു കാനത്തിന്റെ പ്രതികരണം.

ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന്റെ സമരം അവസാനിപ്പിച്ചത് താന്‍ ആണെന്ന് അവകാശപ്പെട്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോടല്ല, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോടാണ് ആശയവിനിമയം നടത്തിയത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജനുമായും സംസാരിച്ചിരുന്നു. ഇവരുടെയെല്ലാം അറിവോടെയും സമ്മതത്തോടെയുമാണ് ആശുപത്രിയിലേക്കു പോയതും ചര്‍ച്ച നടത്തിയും. മുഖ്യമന്ത്രിയോട് ഇതൊന്നും പറയേണ്ട കാര്യം തനിക്കില്ലെന്നും കാനം പറഞ്ഞു.

രമണ്‍ ശ്രീവാസ്തവ എന്നു കേള്‍ക്കുമ്പോള്‍ കെ കരുണാകരന്‍, സിറാജുന്നിസ എന്നീ പേരുകളാണ് ഓര്‍മ വരുന്നതെന്ന് കാനം പറഞ്ഞു. എങ്കിലും പൊലീസ് കാര്യങ്ങളില്‍ ശ്രീവാസ്തവ തന്നെ ഉപദേശിക്കട്ടെ എന്നാണ് മുഖ്യമന്ത്രി തീരുമാനിക്കുന്നതെങ്കില്‍ അതില്‍ അഭിപ്രായം പറയുന്നില്ല. സ്വന്തം ഉപദേശകരെ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമെങ്കിലും മുഖ്യമന്ത്രിക്കു നല്‍കേണ്ടേയെന്ന് കാനം ചോദിച്ചു.

എല്‍ഡിഎഫ് നയത്തിനു വിരുദ്ധമായി ഒരു മന്ത്രി പ്രസംഗിച്ചു നടന്നാല്‍ അതിനെ നിയന്ത്രിക്കേണ്ടത് മുഖ്യമന്ത്രിയാണെന്ന് എംഎം മണിയുടെ പ്രസംഗങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ കാനം പറഞ്ഞു. മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുകയെന്നത് എല്‍ഡിഎഫ് നിലപാടാണ്. മുഖ്യമന്ത്രി തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ നിയമസഭയിലും അതു പറഞ്ഞിട്ടുണ്ട്. അതിനെതിരെ ഒരു മന്ത്രി തന്നെ പ്രസംഗിച്ചു നടക്കുന്നതിനെതിരെ മുഖ്യമന്ത്രി നടപടിയെടുക്കണം. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.

ഇപി ജയരാജന്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അദ്ദേഹം വലിയ ആളല്ലേ എന്നായിരുന്നു കാനത്തിന്റെ പ്രതികരണം. മേലാവി എന്ന വാക്കാണ് ജയരാജന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഉപയോഗിച്ചത്. മലയാള ഭാഷയ്ക്ക് ഇപി ജയരാജന്റെ സംഭാവനയാണ് ഇതെന്ന് കാനം പരിഹസിച്ചു. ഇപി ജയരാജനെപ്പോലുള്ളവര്‍ സംസ്ഥാനത്തെ ഇടതു മുന്നണിക്കു നല്‍കിയ സംഭാവനകള്‍ വിലയിരുത്താന്‍ താന്‍ ആളല്ലെന്നും കാനം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com