ലീഗ് നോമിനിയായ എംജി പിവിസിയെ കുസാറ്റില്‍ പ്രൊഫസറായി നിയമിക്കാന്‍ നീക്കം; പരാതിയുമായി സിപിഎം സംഘടന

ലീഗ് നോമിനിയായ എംജി പിവിസിയെ കുസാറ്റില്‍ പ്രൊഫസറായി നിയമിക്കാന്‍ നീക്കം; പരാതിയുമായി സിപിഎം സംഘടന

കൊച്ചി: മുസ്‌ലിം ലീഗ് നോമിനിയെന്ന് ആക്ഷേപിക്കപ്പെട്ട എംജി വാഴ്‌സിറ്റി പ്രൊ വൈസ് ചാന്‍സലറെ ഇടതുഭരണത്തില്‍ കുസാറ്റില്‍ പ്രൊഫസറായി നിയമിക്കാന്‍ വഴിവിട്ട നീക്കം നടക്കുന്നതായി സിപിഎം സംഘടനയുടെ പരാതി. എംജി യൂണിവേഴ്‌സിറ്റി പ്രൊ വിസി ഷീനാ ഷുക്കൂറിനെ കൊച്ചി സര്‍വകലാശാല സ്‌കൂള്‍ ഒഫ് ലീഗല്‍ സ്റ്റഡീസില്‍ പ്രൊഫസര്‍ തസ്തികയില്‍ നിയമിക്കാന്‍ നീക്കം നടക്കുന്നതായാണ് സംഘടന പറയുന്നത്. ഷീനാ ഷുക്കൂറിന് പ്രൊഫസര്‍ തസ്തികയില്‍ നിയമിക്കപ്പെടാന്‍ യോഗ്യതയില്ലെന്നു കാണിച്ച് കൊച്ചിന്‍ യൂണിവേഴ്‌സിറ്റി എംപ്ലോയീസ് അസോസിയേഷന്‍ കുസാറ്റ് വൈസ് ചാന്‍സലര്‍ക്കും സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കും പരാതി നല്‍കി.

പ്രൊഫസര്‍ തസ്തികയിലേക്ക് മുസ്്‌ലിം വിഭാഗത്തില്‍നിന്ന് അപേക്ഷ ക്ഷണിച്ചുകൊണ്ട് 2015ല്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നിയമന നീക്കം നടക്കുന്നത്. ഇതേ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച അപേക്ഷയില്‍ ഇവര്‍ക്കു യോഗ്യതയില്ലെന്നു നേരത്തെ കണ്ടെത്തിയതാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഡീനിന്റെ നേതൃത്വത്തിലുള്ള സ്‌കൂട്ടിനിങ് കമ്മിറ്റിയാണ് അപേക്ഷകളില്‍ പരിശോധന നടത്തുന്നത്. ഇങ്ങനെ നടത്തിയ പരിശോധനയില്‍ ഇവര്‍ക്കു യോഗ്യതയില്ലെന്നു കണ്ടെത്തിയതാണ്. എന്നാല്‍ പുതിയ സ്‌ക്രൂട്ടിനിങ് കമ്മിറ്റി രൂപീകരിച്ച് ഇവര്‍ക്കു വീണ്ടും അവസരം നല്‍കുകയായിരുന്നു. ഇത് യൂണിവേഴ്‌സിറ്റിയില്‍ പതിവില്ലാത്തതാണെന്ന് അസോസിയേഷന്‍ പറയുന്നു.

വീണ്ടും അവസരം നല്‍കിയത് അനുസരിച്ച കഴിഞ്ഞ ദിവസം ഷീന ഷുക്കൂര്‍ യൂണിവേഴ്‌സിറ്റിയില്‍ എത്തി സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ നടത്തി. വെരിഫിക്കേഷന്‍ പൂര്‍ത്തിയായാല്‍ ഇന്റര്‍വ്യൂ നടത്തുകയും തുടര്‍ന്ന് നിയമനം നല്‍കുകയെന്നതാണ് യൂണിവേഴ്‌സിറ്റിയിലെ കീഴ്‌വഴക്കമെന്ന് സംഘടനാ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് അസോസിയേഷന്‍ വൈസ് ചാന്‍സലര്‍ക്കും സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കും പരാതി നല്‍കിയിരിക്കുന്നത്. 

യുജിസി നിബന്ധന അനുസരിച്ച് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് പത്തു വര്‍ഷത്തെ തുടര്‍ച്ചയായ അധ്യാപന പരിചയം വേണം. പത്തു ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കണമെന്നും നിബന്ധനയുണ്ട്. ഈ രണ്ടു യോഗ്യതാ മാനദണ്ഡങ്ങളും അനുസരിച്ച് ഷീന ഷുക്കൂറിന്റെ അപേക്ഷ പരിഗണിക്കാനാവില്ലെന്നാണ് പരാതിയില്‍ പറയുന്നത്. കണ്ണൂര്‍ സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആയിരിക്കെയാണ് ഇവര്‍ ഡെപ്യൂട്ടേഷനില്‍ ഭോപ്പാലിലെ ജൂഡീഷ്യല്‍ അക്കാദമിയില്‍ നിയമിക്കപ്പെട്ടത്. അഅവിടെ അസി. പ്രൈാഫസര്‍ ആയിരിക്കെ എംജി സര്‍വകലാശാലയില്‍ പ്രൊ വൈസ് ചാന്‍സലറായി. രണ്ടു വര്‍ഷം കൊണ്ട ഇവര്‍ അമിറ്റി യൂണിവേഴ്‌സിറ്റിയില്‍നിന്ന് പിഎച്ച്ഡി പൂര്‍ത്തിയാക്കി എന്നു പറയുന്നത് സംശയാസ്പദമാണെന്നും അസോസിയേഷന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

സര്‍വകലാശാലാ നിയമനങ്ങളില്‍ നിര്‍ണായക പങ്കു വഹിക്കുന്ന സ്‌ക്രൂട്ടിനിങ് കമ്മിറ്റിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച അന്വേഷണം വേണമെന്നും അസോസിയേഷന്‍ ആവശ്യപ്പെടുന്നുണ്ട്. അയോഗ്യരായവരെ നിയമിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്മിറ്റിയില്‍ പുനസംഘടന നടത്തിയത്. ലീഗ് നോമിനി എന്ന നിലയില്‍ പ്രൊ വൈസ് ചാന്‍സലര്‍ ആയ കാലത്തുതന്നെ ഷീനാ ഷുക്കൂറിന്റെ നിയമനം വിവാദത്തില്‍ പെട്ടിരുന്നു. കുസാറ്റില്‍ ഒരിക്കല്‍ തള്ളിയ അപേക്ഷയില്‍ വീണ്ടും അവസരം കൊടുത്ത് അവരെ നിയമിക്കാനുളള നീക്കത്തിനു പിന്നില്‍ രാഷ്ട്രീയക്കളികളുണ്ടെന്ന് സംശയിക്കുന്നതായും അസോസിയേഷന്‍ നേതാക്കള്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com