പൊന്മുടിയില്‍ സ്‌പേസ്‌ ഇന്‍സ്റ്റിറ്റിയൂട്ട് തടഞ്ഞത്‌ ബിനോയ് വിശ്വം, ആന്‍ഡ്രിക്‌സ ദേവാസ് കേസിന് പിന്നില്‍ കെ.രാധാകൃഷ്ണനെന്നും മാധവന്‍ നായര്‍

തനിക്കെതിരെ ഉയര്‍ന്ന ആന്‍ഡ്രിക്‌സ് ദേവാസ് കേസിന് പിന്നില്‍ കെ.രാധാകൃഷ്ണന്‍ ആണെന്നും അഗ്നിപരീക്ഷകള്‍ എന്ന ആത്മകഥയില്‍ ആരോപണം
പൊന്മുടിയില്‍ സ്‌പേസ്‌ ഇന്‍സ്റ്റിറ്റിയൂട്ട് തടഞ്ഞത്‌ ബിനോയ് വിശ്വം, ആന്‍ഡ്രിക്‌സ ദേവാസ് കേസിന് പിന്നില്‍ കെ.രാധാകൃഷ്ണനെന്നും മാധവന്‍ നായര്‍

തിരുവനന്തപുരം: മന്ത്രിയായിരുന്ന ബിനോയ് വിശ്വത്തിന്റെ അനാവശ്യ പരിസ്ഥിതി പ്രേമമാണ് പൊന്മുടിയില്‍ ഐഎസ്ആര്‍ഒ സ്‌പേസ് ഇന്‍സ്റ്റിറ്റിയൂട്ട്‌
വരുന്നത് തടഞ്ഞതെന്ന് ജി.മാധവന്‍ നായര്‍. അഗ്നിപരീക്ഷകള്‍ എന്ന പേരില്‍ പുറത്തിറക്കിയ ആത്മകഥയിലാണ് മാധവന്‍ നായരുടെ വെളിപ്പെടുത്തല്‍. 

എന്നാല്‍ മാധവന്‍ നായരുടെ ആരോപണങ്ങള്‍ ബിനോയ് വിശ്വം തള്ളി. പൊന്മുടിയില്‍ ഐഎസ്ആര്‍ഒ ഇന്‍സ്റ്റിറ്റിയൂട്ട് നിര്‍മിക്കുന്നതിനായി കണ്ടെത്തിയ ഭൂമി ഇഎസ്എല്‍ പരിധിയില്‍ വരുന്നതാണ്. നിയമപരമായി റിസര്‍വ് വനമായ ഈ ഭൂമി വില്‍ക്കുവാനും വാങ്ങുവാനും പാടില്ല. ഐഎസ്ആര്‍ഒയെ പോലെ മഹത്തായ ഒരു സ്ഥാപനം ഈ ഭൂമിക്കായി ഇടപെടുന്നത് എന്തിനെന്നായിരുന്നു എന്റെ ചോദ്യമെന്ന് ബിനോയ് വിശ്വം പറയുന്നു. 

പൊന്മുടിയിലെ ഭൂമിക്ക് പകരം വിതുരയില്‍ സൗജന്യമായി സര്‍ക്കാര്‍ ഭൂമി നല്‍കുകയും അവിടെ സ്ഥാപനം ഉയരുകയും ചെയ്തതായി ബിനോയ് വിശ്വം ചൂണ്ടിക്കാട്ടുന്നു. പൊന്മുടിയിലെ ഭൂമിക്കായി നാല് കോടി രൂപ ഐഎസ്ആര്‍ഒ കൈമാറിയിരുന്നു. എ്ന്നാല്‍ ഇത് ഐഎസ്ആര്‍ഒ തിരിച്ചു വാങ്ങിയില്ല. ഈ പണം ഐഎസ്ആര്‍ഒ തിരിച്ചുവാങ്ങാത്തത് എന്താണെന്ന് മാധവന്‍ നായര്‍ വ്യക്തമാക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു. 

ബിനോയ് വിശ്വത്തിന് എതിരായ ആരോപണത്തിന് പുറമെ ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ.കെ.രാധാകൃഷ്ണനേയും ആത്മകഥയില്‍ മാധവന്‍ നായര്‍ വിമര്‍ശിക്കുന്നു. തനിക്കെതിരെ ഉയര്‍ന്ന ആന്‍ഡ്രിക്‌സ് ദേവാസ് കേസിന് പിന്നില്‍ കെ.രാധാകൃഷ്ണന്‍ ആണെന്നാണ് പുസ്‌കത്തില്‍ ആരോപിക്കുന്നത്. 

ആന്‍ഡ്രിക്‌സ് ദേവാസ് കേസിന് പിന്നില്‍ വ്യക്തി വിരോധമാണ്. രാധാകൃഷ്ണന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ആയിരിക്കുന്ന സമയത്ത് ജിഎസ്എല്‍വി വിക്ഷേപണം പരാജയപ്പെട്ടു. ഇതിനെകുറിച്ച് അന്വേഷിക്കാന്‍ തന്നെയാണ് അന്വേഷണ കമ്മിഷനായി ചുമതലപ്പെടുത്തിയത്. അന്വേഷണം പുരോഗമിക്കുന്നതിന് ഇടയിലായിരുന്നു ആന്‍ഡ്രിക്‌സ് ദേവാസ് കേസ് ഉയര്‍ന്ന് വന്നതെന്നും മാധവന്‍ നായര്‍ ആത്മകഥയില്‍ പറയുന്നു. 

എന്നാല്‍ മാധവന്‍ നായരെ ഗുരുസ്ഥാനീയനായി വിശേഷിക്കുന്നതാണ് കെ.രാധാകൃഷ്ണന്റെ ആത്മകഥയായ മൈ ഒഡിസി. ഇതില്‍ പലവട്ടം മാധവന്‍ നായരുടെ പേരെടുത്ത് പറയുന്നുണ്ടെങ്കിലും അത് നിഷ്പക്ഷമായോ അനുകൂലമായോ ആണ്. അതുകൂടാതെ, താന്‍ എപ്പോഴും കൂടിയാലോചനകളിലൂടെയാണ് തീരുമാനങ്ങള്‍ എടുത്തിരുന്നതെന്നും, അന്നത്തെ സാഹചര്യത്തില്‍ ഏറ്റവും ഉചിതമായ തീരുമാനമാണ് എടുത്തതെന്നും കെ.രാധാകൃഷ്ണന്‍ ആത്മകഥയില്‍ പറയുന്നുണ്ട്. 

മാധ്യമങ്ങളില്‍ പ്രതികൂല റിപ്പോര്‍ട്ടുകള്‍ വന്ന കാലത്ത് തന്റെ തീരുമാനങ്ങളോട് എതിര്‍പ്പ് ഉയരുകയും, ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസം നഷ്ടപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ചെയര്‍മാന്‍ എന്ന നിലയില്‍ താനെടുത്ത തീരുമാനങ്ങളില്‍ എല്ലാം ഉറച്ചു നില്‍ക്കുന്നതായും മൈ ഒഡിസിയില്‍ കെ.രാധാകൃഷ്ണന്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com