വിനായകന്‍ മരിച്ചത് അച്ഛന്‍ മര്‍ദിച്ചതുകൊണ്ടാകാമെന്ന് പൊലീസ്, കസ്റ്റഡിയില്‍ മര്‍ദനമേറ്റിട്ടില്ലെന്നും വാദം

പൊലീസ് സ്റ്റേഷനില്‍ വിനായകനെ മര്‍ദിച്ചിട്ടില്ലെന്ന് എസ്‌ഐ ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ മൊഴി നല്‍കി. കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘത്തിനു മുന്നിലാണ് പൊലീസുകാരുടെ മൊഴി
വിനായകന്‍ മരിച്ചത് അച്ഛന്‍ മര്‍ദിച്ചതുകൊണ്ടാകാമെന്ന് പൊലീസ്, കസ്റ്റഡിയില്‍ മര്‍ദനമേറ്റിട്ടില്ലെന്നും വാദം

തൃശൂര്‍: പാവറട്ടിയില്‍ ആത്മഹത്യ ചെയ്ത വിനായകന്‍ മരിച്ചത് അച്ഛന്‍ മര്‍ദിച്ചതുകൊണ്ടാകാമെന്ന് പൊലീസ് വാദം. പൊലീസ് സ്റ്റേഷനില്‍ വിനായകനെ മര്‍ദിച്ചിട്ടില്ലെന്ന് എസ്‌ഐ ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ മൊഴി നല്‍കി. കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘത്തിനു മുന്നിലാണ് പൊലീസുകാരുടെ മൊഴി.

വിനായകനെ കസ്റ്റഡിയില്‍ എടുത്ത സമയത്ത് താന്‍ സ്റ്റേഷനില്‍ ഇല്ലായിരുന്നുവെന്നാണ് പാവറട്ടി എസ്‌ഐ ക്രൈം ബ്രാഞ്ച് സംഘത്തെ അറിയിച്ചിരിക്കുന്നത്. സ്റ്റേഷനില്‍ വിനായകന് മര്‍ദനം ഏറ്റിട്ടില്ലെന്നും പൊലീസുകാര്‍ പറയുന്നു. എസ്‌ഐ ഉള്‍പ്പെടെ അഞ്ചു പൊലീസുകാരുടെ മൊഴിയാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. 

പൊലീസ് കസ്റ്റഡിയില്‍ എടുത്തു വിട്ടയച്ചതിനു പിന്നാലെ ജീവനൊടുക്കിയ വിനായകന്‍ ക്രൂരമര്‍ദ്ദനത്തിനിരയായതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. കാലില്‍
ബൂട്ടിട്ട് ചവിട്ടിയതിന്റെയും നെഞ്ചിലും മറ്റ് ശരീരഭാഗങ്ങളിലും മര്‍ദനമേറ്റതായുമാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍  ചൂണ്ടിക്കാട്ടിയത്. പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നാണ് വിനായകന്‍ ആത്മഹത്യചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. അത് ശരിവെക്കുന്ന വിവരങ്ങളായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലേത്. 

മുടി വളര്‍ത്തി എന്നതായിരുന്നു പൊലീസിന് വിനായകനെ കസ്റ്റഡിയിലെടുക്കാനുണ്ടായ കാരണമെന്നാണ് സുഹൃത്തുക്കള്‍ ആരോപിച്ചത്. സുഹൃത്തായ പെണ്‍കുട്ടിയോടൊപ്പം സംസാരിച്ചു നില്‍ക്കുമ്പോഴാണ് പൊലീസ് വിനായകനെയും കൂട്ടുകാരനെയും സ്‌റ്റേഷനിലേക്ക് കൊണ്ടുപോയത്. ജാതി ചോദിച്ചറിഞ്ഞ ശേഷം മാലമോഷണം, കഞ്ചാവ് ഉപയോഗം തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് മര്‍ദ്ദിക്കുകയായിരുന്നു പൊലീസ് എന്നാണ് ആക്ഷേപം.

വിനായകന്റെ പിതാവിനെ വിളിച്ചു വരുത്തി മകന്‍ മോഷ്ടാവും കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്നും പൊലീസ് പറഞ്ഞു. മുടി വളര്‍ത്തിയതാണ് വിനായകന്‍ കഞ്ചാവ് വലിക്കുന്നതിന് 'തെളിവായി' പൊലീസ് ചൂണ്ടിക്കാട്ടിയത്. പിതാവിനൊപ്പെം വീട്ടിലെത്തിയ വിനായകന്‍ തൊട്ടടുത്ത ദിവസം ആത്മഹത്യ ചെയ്യുകയായിരുന്നു.

വിനായകന്റെ മരണത്തില്‍ പ്രതിഷേധം കനത്തതോടെയാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവായത്. മരണത്തെത്തുടര്‍ന്ന് രണ്ടു സിവില്‍ പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തിരുന്നു. കസ്റ്റഡിയില്‍ പീഡനം ഉണ്ടായോ എന്ന കാര്യമാണ് െ്രെകംബ്രാഞ്ച് അന്വേഷിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com