സ്വാശ്രയ മാനേജ്‌മെന്റുകളുമായി സര്‍ക്കാര്‍ ഒത്തുകളിക്കുന്നു: കുമ്മനം

പാവപ്പെട്ട സമര്‍ഥരായ വിദ്യാര്‍ഥികളെ, പണമില്ലെന്ന കാരണത്താല്‍ നിരാലംബരാക്കുന്ന ഈ ദുഃസ്ഥിതിക്ക് കാരണം സംസ്ഥാന സര്‍ക്കാരിന്റെ തികഞ്ഞ അനാസ്ഥയും അലംഭാവവുമാണെന്ന് കുമ്മനം പറഞ്ഞു.
സ്വാശ്രയ മാനേജ്‌മെന്റുകളുമായി സര്‍ക്കാര്‍ ഒത്തുകളിക്കുന്നു: കുമ്മനം

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ വിദ്യാഭ്യാസത്തിന് യോഗ്യരായ നൂറുകണക്കിന് വിദ്യാര്‍ഥികളെ സുപ്രീംകോടതി വിധിയിലൂടെ വഴിയാധാരമാക്കിയ ഉത്തരവാദിത്തത്തില്‍ നിന്നും പിണറായി സര്‍ക്കാരിന്, പ്രത്യേകിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്ക് ഒഴിഞ്ഞു മാറാനാവില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

പാവപ്പെട്ട സമര്‍ഥരായ വിദ്യാര്‍ഥികളെ, പണമില്ലെന്ന കാരണത്താല്‍ നിരാലംബരാക്കുന്ന ഈ ദുഃസ്ഥിതിക്ക് കാരണം സംസ്ഥാന സര്‍ക്കാരിന്റെ തികഞ്ഞ അനാസ്ഥയും അലംഭാവവുമാണ്. സ്വാശ്രയ മാനേജ്‌മെന്റുകളുമായി സംസ്ഥാന സര്‍ക്കാര്‍ ഒത്തുകളിക്കുകയും നീക്കുപോക്കുകളില്‍ എത്തുകയും ചെയ്‌തോ എന്ന സംശയം ഉണര്‍ത്തുന്നതാണ് സര്‍ക്കാരിന്റെ നിലപാടും, സുപ്രീംകോടതി വിധിയും. ഒട്ടേറെ വിദ്യാര്‍ഥികളുടെയും, അവരുടെ രക്ഷിതാക്കളുടെയും ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചുള്ള സ്വപ്നങ്ങളും, മോഹങ്ങളും ആണ് സര്‍ക്കാര്‍ അലംഭാവം മൂലം തകര്‍ക്കപ്പെട്ടതെന്നും കുമ്മനം പറഞ്ഞു.

സര്‍ക്കാര്‍ ഒപ്പമുണ്ട് എന്ന ഇടതുമുന്നണി മുദ്രാവാക്യത്തിന്റെ പൊള്ളത്തരം ഒരിക്കല്‍ കൂടി വിളിച്ചറിയിക്കുന്നതാണ് ആരോഗ്യമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഇക്കാര്യത്തിലുള്ള നിസ്സംഗത. ഇതിനെതിരെ പ്രതികരിക്കാന്‍ മൊത്തം വിദ്യാര്‍ഥികളും രക്ഷാകര്‍തൃസമൂഹവും തയാറാകണമെന്നും കുമ്മനം രാജശേഖരന്‍ ആഹ്വാനം ചെയ്തു. ഇക്കാര്യത്തില്‍ ബിജെപി പിന്തുണയും  വാഗ്ദാനം ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com