പ്രചാരണത്തിന് 8000 പേര്‍ വേണമെന്ന് അമിത് ഷാ, എത്തിയത് 500 പേര്‍; കേരള രക്ഷാ യാത്ര മാറ്റിയത് ഒരുക്കങ്ങളിലുള്ള കേന്ദ്ര നേതൃത്വത്തിന്റെ അതൃപ്തി മൂലം

യാത്രയ്ക്കു മുന്നോടിയായുള്ള തയാറെടുപ്പുകള്‍ക്ക് അമിത് ഷാ മാര്‍ഗരേഖ മുന്നോട്ടുവച്ചിരുന്നു. ജനങ്ങളുമായി നേരിട്ടു ബന്ധപ്പെടുന്ന കാര്യവിസ്താര്‍ യോജനയായിരുന്നു ഇതില്‍ പ്രധാനപ്പെട്ടത്
പ്രചാരണത്തിന് 8000 പേര്‍ വേണമെന്ന് അമിത് ഷാ, എത്തിയത് 500 പേര്‍; കേരള രക്ഷാ യാത്ര മാറ്റിയത് ഒരുക്കങ്ങളിലുള്ള കേന്ദ്ര നേതൃത്വത്തിന്റെ അതൃപ്തി മൂലം

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ കേരള രക്ഷായാത്ര മാറ്റിവച്ചത് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ കടുത്ത അതൃപ്തിയെത്തുടര്‍ന്ന്. യാത്രയ്ക്കായി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിര്‍ദേശിച്ച തയാറെടുപ്പുകള്‍ പാതി പോലും പൂര്‍ത്തിയാക്കാന്‍ കേരള ഘടകത്തിന് ആയില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിലുത്തല്‍. അമിത് ഷായ്ക്ക് മറ്റു പരിപാടികള്‍ ഉള്ളതിനാല്‍ യാത്ര മാറ്റിവയ്ക്കുന്നുവെന്നാണ് ബിജെപി ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്.

ലോക്‌സഭാ തെരഞ്ഞെടുപ്പുവരെ സിപിഎമ്മിനുമേല്‍ പ്രചാരണത്തിന്റെ സമ്മര്‍ദം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ അമിത് ഷായാണ് കേരള രക്ഷായാത്രയെന്ന ആശയം മുന്നോട്ടുവച്ചത്. കാല്‍നടയായും വാഹനത്തിലും സംസ്ഥാനത്തുടനീളം സഞ്ചരിക്കുകയാണ് യാത്രയില്‍ ഉദ്ദേശിച്ചിട്ടുള്ളത്. അമിത് ഷാ ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ യാത്രയില്‍ പങ്കെടുക്കുമെന്നും തീരുമാനിച്ചിരുന്നു.

യാത്രയ്ക്കു മുന്നോടിയായുള്ള തയാറെടുപ്പുകള്‍ക്ക് അമിത് ഷാ മാര്‍ഗരേഖ മുന്നോട്ടുവച്ചിരുന്നു. ജനങ്ങളുമായി നേരിട്ടു ബന്ധപ്പെടുന്ന കാര്യവിസ്താര്‍ യോജനയായിരുന്നു ഇതില്‍ പ്രധാനപ്പെട്ടത്. മറ്റു സംസ്ഥാനങ്ങളില്‍ പരീക്ഷിച്ച രീതിയില്‍ തന്നെ കേരത്തിലും കാര്യവിസ്താര്‍ യോജന സംഘടിപ്പിക്കാനായിരുന്നു നിര്‍ദേശം. ബൂത്തു തലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ എണ്ണായിരം സജീവ പ്രവര്‍ത്തകരെ രംഗത്തിറക്കാനായിരുന്നു അമിത് ഷാ ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിന്റെ അടുത്തൊന്നും എത്താന്‍ പോലും കേരള ഘടകത്തിന് ആയില്ല. സംസ്ഥാനത്ത് ആകെയുള്ള ബൂത്തുകളില്‍ മൂന്നിലൊന്നില്‍ മാത്രമാണ് പാര്‍ട്ടിക്കു സജീവ കമ്മിറ്റികളുള്ളത് എന്ന വിലയിരുത്തലിലാണ് കേന്ദ്ര നേതൃത്വം. അമിത് ഷാ എണ്ണായിരം പേരെ നിര്‍ദേശിച്ചിടത്ത് അഞ്ഞൂറു പ്രവര്‍ത്തകരെ മാത്രമാണ് സംസ്ഥാന ഘടകത്തിന് രംഗത്തിറക്കാനായത്. ഇങ്ങനെയൊരു സാഹചര്യത്തില്‍ യാത്ര നടത്തേണ്ടെന്ന് അമിത ഷാ തന്നെ നിര്‍ദേശിക്കുകയായിരുന്നുവെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ഒരു മണ്ഡലത്തിലുള്ളയാളുകള്‍ സമീപ മണ്ഡലങ്ങളിലെത്തി രണ്ടാഴ്ചയോളം താമസിച്ച് സജീവമായി ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടുകയെന്നത് യോജനയില്‍ നിര്‍ദേശിച്ചിരുന്നു. പ്രാദേശിക പ്രശ്‌നങ്ങള്‍ മനസിലാക്കുക, മതേ നേതാക്കളുമായും ജനങ്ങളെ സ്വാധീനിക്കാന്‍ ശേഷിയുള്ള മറ്റുള്ളവരുമായും ആശയ വിനിമയം നടത്തുക, അതുവഴി പാര്‍ട്ടിയോടുള്ള ജനങ്ങളുടെ അനുഭാവം വളര്‍ത്തുക എന്നതാണ് ഇതിലൂടെ ഉദ്ദേശിച്ചത്. ഇതിനു പിന്നാലെ യാത്ര കൂടിയെത്തുമ്പോള്‍ അത് തെരഞ്ഞെടുപ്പില്‍ ഗുണകരമായി ഭവിക്കും എന്നതാണ്, മറ്റു സംസ്ഥാനങ്ങളിലെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ അമിത് ഷാ കണക്കുകൂട്ടിയത്. എന്നാല്‍ സംസ്ഥാന ഘടകത്തിന്റെ പങ്കാളിത്തം നാമമാത്രമായതോടെ ഇതെല്ലാം പാളുകയായിരുന്നു.

അടുത്തിടെയുണ്ടായ മെഡിക്കല്‍ കോളജ് കോഴ വിവാദത്തില്‍ സംസ്ഥാന ഘടകത്തിനെതിരെ അമിത് ഷാ കടുത്ത നിലപാടാണ് സ്വീകരിച്ചത്. നേതാക്കള്‍ക്കെതിരായ നടപടി ഷായുടെ ഈ കടുത്ത നിലപാടിന്റെ തുടര്‍ച്ചയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിലുള്ള അതൃപ്തി കാര്യവിസ്താര്‍ യോജനയില്‍ സംസ്ഥാന ഘടകത്തിന്റെ പങ്കാളിത്തം കുറയ്ക്കാന്‍ കാരണമായിട്ടുണ്ടോയെന്ന് കേന്ദ്ര നേതൃത്വം പരിശോധിക്കുന്നുണ്ട്. കേരളത്തില്‍ ബിജെപിയെ ശക്തിപ്പെടുത്താന്‍ സംസ്ഥാന ഘടകത്തെ നേരിട്ട് ആശ്രയിക്കാതെയുള്ള പുതിയ തന്ത്രങ്ങള്‍ അമിത് ഷാ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com