കടലിലുള്ളത് 300 ഓളം ബോട്ടുകള്‍ ; വിഴിഞ്ഞത്ത് ജീവനക്കാരുമായി രണ്ട് ഉരു നിയന്ത്രണം വിട്ട് ഒഴുകി നടക്കുന്നു

ചുഴലിക്കാറ്റ് ലക്ഷദ്വീപ് ഭാഗത്തേക്ക് നീങ്ങിയതോടെ, കല്‍പ്പേനി, മിനിക്കോയ് ദ്വീപുകളില്‍ കടല്‍ക്ഷോഭം ശക്തമായി. 160 ഓളം പേരെ മാറ്റിപാര്‍പ്പിച്ചു.
കടലിലുള്ളത് 300 ഓളം ബോട്ടുകള്‍ ; വിഴിഞ്ഞത്ത് ജീവനക്കാരുമായി രണ്ട് ഉരു നിയന്ത്രണം വിട്ട് ഒഴുകി നടക്കുന്നു

തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടല്‍ പ്രക്ഷുബ്ധമായതോടെ തീരദേശം കനത്ത ആശങ്കയില്‍ കടലില്‍ പോയ 300 ലേറെ ബോട്ടുകളെക്കുറിച്ച് വിവരമൊന്നുമില്ലാത്തതാണ് ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തിയത്. കൊച്ചിയില്‍ നിന്ന് പോയ 200 ഓളം ബോട്ടുകളെക്കുറിച്ച് യാതൊരു വിവരവുമില്ല. തിരുവനന്തപുരം പൂന്തുറയില്‍ നിന്ന് പോയ 80 വള്ളങ്ങളും അതിലുള്ള 150 ഓളം പേരും എവിടെയാണെന്ന് പോലും അറിവില്ല. 9 പേര്‍ ഇന്നലെ രാത്രിയും ഇന്നു പുലര്‍ച്ചെയുമായി മടങ്ങിയെത്തിയിരുന്നു. മറ്റുള്ളവരെക്കുറിച്ച് യാതൊരു വിവരമില്ല. 

വിഴിഞ്ഞത്തുനിന്ന് 20 ബോട്ടുകളിലായി 60 ഓളം പേര്‍, അടിമലത്തുറയില്‍നിന്ന് എട്ടുബോട്ടുകളിലായി 32 പേര്‍, പൂവാറില്‍ നാലു ബോട്ടുകളിലായി 20 പേര്‍, പൊഴിയൂരില്‍ ഒരു കട്ടമരത്തില്‍ പോയ അഞ്ചുപേര്‍, തുമ്പ, പെരിയതുറ എന്നിവിടങ്ങലില്‍ നിന്ന് ഓരോ ബോട്ടുകളിലായി എട്ടോളം തൊഴിലാളികള്‍ എന്നിവരാണ് മടങ്ങിയെത്താനുള്ളതെന്നാണ് സെന്റര്‍ ഫോര്‍ ഫിഷറീസ് സ്റ്റഡീസ് അറിയിച്ചിട്ടുള്ളത്. പൂന്തുറയില്‍ കടലില്‍ കാണാതായവരുടെ ബന്ധുക്കള്‍ തീരത്ത് ടെന്റ് കെട്ടിയിരുന്ന് പ്രതിഷേധിക്കുകയാണ്. സര്‍ക്കാര്‍ ഇവരെ കണ്ടെത്താന്‍ തീവ്രനടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് ഇവരുടെ ആക്ഷേപം. 

അതിനിടെ വിഴിഞ്ഞത്ത് രണ്ട് ഉരുക്കള്‍ നിയന്ത്രണം വിട്ട് പുറം കടലില്‍ ഒഴുകി നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.  ഹെര്‍മന്‍ മേരി എന്ന ചരക്കുകപ്പലുകളാണ് നങ്കൂരം പൊട്ടി കടലില്‍ ഒഴുകി നടക്കുന്നത്. മറ്റൊന്ന് മാലിയില്‍ നിന്ന് തൂത്തുക്കുടിയിലേക്ക് ആക്രി സാധനങ്ങളുമായി പോയ ആരോഗ്യമേരി എന്ന ഉരുവാണ്. രണ്ട് ഉരുക്കളിലുമായി 16 ജീവനക്കാര്‍ ഉള്ളതായാണ് വിവരം. ഇവരെ രക്ഷപ്പെടുത്താന്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ശ്രമം നടത്തുന്നുണ്ടെങ്കിലും, പ്രതികൂല കാലാവസ്ഥയും കടല്‍ പ്രക്ഷുബ്ധമായതും രക്ഷാപ്രവര്‍ത്തനം സങ്കീര്‍ണ്ണമാക്കുകയാണ്. 

ഓഖി ചുഴലിക്കാറ്റ് കേരള തീരം വിട്ട് ലക്ഷദ്വീപ് ഭാഗത്തേക്ക് നീങ്ങിയതോടെ, കല്‍പ്പേനി, മിനിക്കോയ് ദ്വീപുകളില്‍ കടല്‍ക്ഷോഭം ശക്തമായി. കടല്‍തീരത്ത് താമസിക്കുന്ന 160 ഓളം പേരെ ഇതിനകം മാറ്റിപാര്‍പ്പിച്ചു. കല്‍പ്പേനിയില്‍ ആറുമീറ്റര്‍ ഉയരത്തില്‍ വരെ തിരമാലകള്‍ ഉയര്‍ന്നു. കവരത്തിയില്‍ അഞ്ചുബോട്ടുകള്‍ മുങ്ങി. ഹെലിപാഡിലും വെള്ളം കയറിയ അവസ്ഥയിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com