എസ് ദുര്‍ഗയുടെ സെന്‍സര്‍ഷിപ്പ് റദ്ദാക്കല്‍; കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി 

സെന്‍സര്‍ഷിപ്പ് റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സനല്‍കുമാര്‍ ശശിധരന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നടപടി
എസ് ദുര്‍ഗയുടെ സെന്‍സര്‍ഷിപ്പ് റദ്ദാക്കല്‍; കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി 

കൊച്ചി: സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത എസ് ദുര്‍ഗയുടെ സെന്‍സര്‍ഷിപ്പ് റദ്ദാക്കിയ നടപടിയില്‍ കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. സെന്‍സര്‍ഷിപ്പ് റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സനല്‍കുമാര്‍ ശശിധരന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നടപടി. 

ഗോവയില്‍ നടന്ന രാജ്യാന്തര ചലചിത്രമേളയ്ക്കിടെയാണ് സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത മലയാള ചിത്രം എസ് ദുര്‍ഗയുടെ സെന്‍സര്‍ഷിപ്പ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത്. ചിത്രം ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെയാണ് കേന്ദ്ര നടപടി. ചിത്രത്തിന്റെ പേരിനെതിരെ വീണ്ടും പരാതി ലഭിച്ചതിനാലാണ് സെന്‍സര്‍ഷിപ്പ് റദ്ദാക്കുന്നതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ വിശദീകരണം. സെന്‍സര്‍ഷിപ്പ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് സംവിധായകനു കൈമാറുകയും ചെയ്തു

ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ പനോരമയിലേക്കു ജൂറി തെരഞ്ഞടുത്ത എസ് ദുര്‍ഗ പ്രദര്‍ശിപ്പിക്കുന്നത് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം ഒഴിവാക്കിയിരുന്നു. ജൂറി നല്‍കിയ പട്ടികയില്‍നിന്ന് എസ് ദുര്‍ഗ ഒഴിവാക്കിയയാണ് കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്. ഇതിനെതിരെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ നല്‍കിയ ഹര്‍ജിയിലാണ് ചിത്രം പ്രദര്‍ശിപ്പിക്കാന്‍ കേരള ഹൈക്കോടതി ഉത്തരവിട്ടത്. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നേടിയ ചിത്രം പ്രദര്‍ശിപ്പിക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.

സിംഗിള്‍ ബെഞ്ച് ഉത്തവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയെങ്കിലും ഉത്തരവ് സ്‌റ്റേ ചെയ്തിരുന്നില്ല. ഇതിനെത്തുടര്‍ന്ന് പുതുതായി രൂപീകരിച്ച ജൂറി മുമ്പാകെ ചിത്രം പ്രദര്‍ശിപ്പിച്ചു. എന്നാല്‍ പനോരമയില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതു സംബന്ധിച്ച് ജൂറി തീരുമാനമെടുത്തില്ല. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കും എന്ന വിചിത്ര നിലപാടിലായിരുന്നു ജൂറി. ഇതിനു പിന്നാലെയാണ് സെന്‍സര്‍ഷിപ്പ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ സംവിധായകനു കൈമാറിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com