കേരളത്തില്‍ ജനപ്രതിനിധികള്‍ പ്രതികളായ 87 ക്രിമിനല്‍ കേസുകള്‍ ;  വിചാരണയ്ക്ക് അതിവേഗ കോടതി

ജനപ്രതിനിധികള്‍ പ്രതികളായ കേസുകളുടെ വിചാരണയ്ക്ക് രാജ്യത്ത് 12 കോടതികള്‍ സ്ഥാപിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം
കേരളത്തില്‍ ജനപ്രതിനിധികള്‍ പ്രതികളായ 87 ക്രിമിനല്‍ കേസുകള്‍ ;  വിചാരണയ്ക്ക് അതിവേഗ കോടതി

ന്യൂഡല്‍ഹി : ജനപ്രതിനിധികള്‍ പ്രതികളായ കേസുകളുടെ വിചാരണയ്ക്ക് കേരളത്തില്‍ അതിവേഗ കോടതി സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. രാജ്യത്ത് 12 കോടതികള്‍ സ്ഥാപിക്കാനാണ് തീരുമാനം. ഇതിലൊന്നാണ് കേരളത്തില്‍ ആരംഭിക്കുന്നത്. ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് മുമ്പാകെ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 

സന്നദ്ധ സംഘടനയായ അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രം സത്യവാങ്മൂലം സമര്‍പ്പിച്ചത്. രാജ്യത്ത് ജനപ്രതിനിധികള്‍ പ്രതിയായ 1571 കേസുകളാണ് കോടതിയുടെ പരിഗണനയില്‍ കിടക്കുന്നത്. 2014 ലെ പൊതുതെരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക പ്രകാരം 1581 ജനപ്രതിനിധികള്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്. ഇതില്‍ പത്ത് പേര്‍ ഇതിനകം മരിച്ചുപോയതായും അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ചൂണ്ടിക്കാട്ടിയിരുന്നു. 

രാഷ്ട്രീയത്തിലെ ക്രിമിനല്‍ വല്‍ക്കരണം തടയണമെന്നും, ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ തെരഞ്ഞെടുപ്പുകലില്‍ മല്‍സരിക്കുന്നത് വിലക്കണമെന്നും അഭിഭാഷകനായ അശ്വനികുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ഹര്‍ജി പരിഗണിക്കവെയാണ് രാഷ്ട്രീയക്കാര്‍ ഉള്‍പ്പെട്ട കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് അതിവേഗ കോടതികള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് നിലപാട് അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടത്. 

ഇതിന് മറുപടിയായി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ്, എം.പിമാരും എം.എല്‍.എ മാരും ഉള്‍പ്പെട്ട കേസുകളുടെ വിചാരണയ്ക്കായി രാജ്യത്ത് 12 അതിവേഗ കോടതികള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചതായി കേന്ദ്രം അറിയിച്ചത്. ഇതിലൊന്നാണ് കേരളത്തില്‍ ആരംഭിക്കുന്നത്. അതിവേഗ കോടതികള്‍ സ്ഥാപിക്കുന്നതിനായി 7.80 കോടി വകയിരുത്തിയതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കൂടുതല്‍ കോടതികള്‍ സ്ഥാപിക്കണോ എന്നതുസംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കും. ജനപ്രതിനിധികള്‍  ഉള്‍പ്പെട്ട കേസുകളുടെ വിചാരണ പ്രത്യേക കോടതിയില്‍ നടക്കും. വിചാരണ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കും. കേരളത്തില്‍ എം.പി മാര്‍ക്കും എം.എല്‍.എമാര്‍ക്കും എതിരെ 87 ക്രിമിനല്‍ കേസുകളാണ് കോടതികളിലുള്ളത്. കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com