വിവാദങ്ങള്‍ക്ക് തല്‍ക്കാലം വിട; സുരഭി ഐഎഫ്എഫ്‌കെ ഡെലിഗേറ്റ് പാസ് സ്വീകരിച്ചു

വിവാദങ്ങളുണ്ടായ സാഹചര്യത്തില്‍ തനിയ്ക്കുണ്ടായ മനോവിഷമത്തില്‍ അക്കാദമി ഖേദം പ്രകടിപ്പിക്കുന്നതായി ബീനാ പോള്‍ പറഞ്ഞെന്നും സുരഭി പറഞ്ഞു.
വിവാദങ്ങള്‍ക്ക് തല്‍ക്കാലം വിട; സുരഭി ഐഎഫ്എഫ്‌കെ ഡെലിഗേറ്റ് പാസ് സ്വീകരിച്ചു

തിരുവനന്തപുരം: ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ നടി സുരഭി ലക്ഷ്മി ഐഎഫ്എഫ്‌കെ ഡെലിഗേറ്റ് പാസ് സ്വീകരിച്ചു. വൈകിട്ട് ആറുമണിയോടെ ചലച്ചിത്രോത്സവത്തിന്റെ പ്രധാനവേദിയായ ടാഗോര്‍ തിയേറ്ററില്‍ എത്തി ബീനാ പോളില്‍ നിന്നാണ് സുരഭി പാസ് സ്വീകരിച്ചത്. വിവാദങ്ങളുണ്ടായ സാഹചര്യത്തില്‍ തനിയ്ക്കുണ്ടായ മനോവിഷമത്തില്‍ അക്കാദമി ഖേദം പ്രകടിപ്പിക്കുന്നതായി ബീനാ പോള്‍ പറഞ്ഞെന്നും സുരഭി പറഞ്ഞു.

തനിയ്ക്ക് ആവശ്യമുണ്ടായിട്ടാണ് ചലച്ചിത്രോത്സവത്തിന് പാസ് ആവശ്യപ്പെട്ടതെന്നും അത് എടുത്തുവെച്ചിട്ടുണ്ടെങ്കില്‍ സ്വീകരിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും പാസ് സ്വീകരിച്ച ശേഷം സുരഭി പറഞ്ഞു. ഓണ്‍ലൈനില്‍ ലഭിക്കാതെ വന്നപ്പോഴാണ് കമല്‍ സാറിനെ വിളിച്ച് പാസ് ആവശ്യപ്പെട്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

ദേശീയ പുരസ്‌കാര ജേതാവായ സുരഭിയെ ഐഎഫ്എഫ്‌കെയുടെ ഉദ്ഘാടന ചടങ്ങില്‍ അവഗണിച്ചെന്ന പേരില്‍ വിവാദങ്ങള്‍ ഉണ്ടായിരുന്നു. സുരഭിയെ ക്ഷണിക്കാതിരിക്കുകയും സംസ്ഥാന പുരസ്‌കാരം നേടിയ നടി രജിഷ വിജയന്‍ ഉദ്ഘാടനവേദിയില്‍ എത്തുകയും ചെയ്തതാണ് വിവാദത്തിന് വഴിവച്ചത്. ഉദ്ഘാടന ചടങ്ങില്‍ ക്ഷണിച്ചില്ലെന്ന് സുരഭി തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു.

ലെനിന്‍ ബാലവാടിയില്‍ 'മിന്നാമിനുങ്ങി'ന്റെ പ്രദര്‍ശനത്തിനും സിഡി പ്രകാശനത്തിനും ശേഷമാണ് സുരഭി ഐഎഫ്എഫ്‌കെ വേദിയില്‍ എത്തിയത്. സുരഭിയ്ക്ക് മികച്ച നടിയ്ക്കുള്ള  പുരസ്‌കാരം നേടിക്കൊടുത്ത 'മിന്നാമിനുങ്ങ്' മേളയില്‍ ഇടംനേടാതെ പോയത് മേളയ്ക്ക് മുമ്പേ ചര്‍ച്ചയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com