അമീറുളിന് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍; ശിക്ഷാവിധി നാളെ

പ്രതി സഹതാപം അര്‍ഹിക്കുന്നില്ല. പ്രതിയെ സമൂഹത്തിലേക്ക് തിരിച്ച് അയക്കാനാകില്ല. അത്രമേല്‍ ക്രൂരമായാണ് പ്രതി ചെയ്ത കുറ്റമെന്നും പ്രോസിക്യൂഷന്‍
അമീറുളിന് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍; ശിക്ഷാവിധി നാളെ

കൊച്ചി:  ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന്റെ ശിക്ഷ നാളെ പ്രസ്താവിക്കും. കേസില്‍ തുടരന്വേഷണം നടത്തണമെന്ന് പ്രതിയുടെ ആവശ്യം കോടതി തള്ളി.കേസില്‍  തുടരന്വേഷണം നടത്തണമെന്ന പ്രതിയുടെ ആവശ്യം കോടതി തള്ളി. കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന പ്രതിയുടെ ആവശ്യം വിധി പ്രസ്താവത്തിന് ശേഷം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.  

പ്രതിക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസികൂഷന്റെ ആവശ്യം. കേസ് നിര്‍ഭയകേസിന് സമാനമാണെന്നം സംഭവം ക്രൂരമായ കൊലപാതകമാണെന്നും ജിഷയുടെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. പ്രതി സഹതാപം അര്‍ഹിക്കുന്നില്ല. പ്രതിയെ സമൂഹത്തിലേക്ക് തിരിച്ച് അയക്കാനാകില്ല. അത്രമേല്‍ ക്രൂരമായാണ് പ്രതി ചെയ്ത കുറ്റമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു

എന്നാല്‍ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ജിഷയെ അറിയില്ലെന്നുമായിരുന്നു അ്മീറിന്റെ വാദം.  കേസിനുപിന്നില്‍ ഭരണകൂട താല്‍പര്യമാണ്. പൊലീസ് അതിനൊത്തു പ്രവര്‍ത്തിച്ചു. മാതാപിതാക്കളെ കാണാന്‍ അനുവദിക്കണമെന്നും അമീറുല്‍ കോടതിയോട് ആവശ്യപ്പെട്ടു.ഭാര്യയും മക്കളും ഉണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് ഒരു കുട്ടിയുണ്ടെന്നായിരുന്നു അമീറിന്റെ മറുപടി.

സംഭവത്തില്‍ അമീറുല്‍ കുറ്റക്കാരനാണെന്നു വിചാരണ കോടതി ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു. മരണംവരെ ജീവപര്യന്തമോ വധശിക്ഷയോ ലഭിക്കാവുന്ന കുറ്റങ്ങളാണു പ്രതിക്കെതിരെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തിയത്.

2016ഏപ്രില്‍ 28നാണ് കുറുപ്പുംപടി വട്ടോളി കനാലിനുസമീപമുളള പുറമ്പോക്ക് ഭൂമിയിലെ വീട്ടില്‍ വച്ച് നിയമവിദ്യാര്‍ഥിനിയായിരുന്ന ജിഷ അതിക്രൂരമായി കൊല്ലപ്പെടുന്നത്. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനിടൊവിലാണ് പ്രതിയായ അമീര്‍ പോലീസ് പിടിയിലാവുന്നത്. അമീര്‍ അറസ്റ്റിലായി ഒന്നരവര്‍ഷത്തിനുശേഷമാണ് ശിക്ഷാ പ്രഖ്യാപനം ഉണ്ടാകുന്നത്.

മാര്‍ച്ച് 13 നാണു കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചത്. പ്രോസിക്യൂഷന്‍ സാക്ഷികളായി 100 പേരെയും പ്രതിഭാഗം സാക്ഷികളായി ആറു പേരെയും കോടതി വിസ്തരിച്ചിരുന്നു. കുറുപ്പംപടി പൊലീസ് രജിസ്റ്റര്‍ചെയ്ത 909/16 നമ്പര്‍ കേസില്‍ അമീറുളിനെതിരെ ഐപിസി 449, 376, 302 എന്നീ വകുപ്പുകളും പട്ടികജാതി/പട്ടികവര്‍ഗ പീഡനം തുടങ്ങിയ വകുപ്പുകളും ചേര്‍ത്താണ് കുറ്റപത്രം തയ്യാറാക്കിയത്. 

വീട്ടില്‍ അതിക്രമിച്ചുകയറല്‍, ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ക്കാണ് കേസ്. ബലാത്സംഗശ്രമത്തെ ചെറുത്ത ജിഷയെ അമീറുള്‍ ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കിയത്. കുറ്റം ചെയ്തതായി അമീറുള്‍ സമ്മതിച്ചതായും തനിക്കൊപ്പം അനാറുള്‍ എന്നയാളും ഉണ്ടായിരുന്നുവെന്ന് അമീറുള്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ സംഭവത്തിനുമുമ്പ് അനാറുള്‍ പെരുമ്പാവൂരില്‍നിന്ന് പോയിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ലൈംഗിക വൈകൃത സ്വഭാവം പ്രകടിപ്പിച്ചിരുന്ന പ്രതി ജിഷയെ മുമ്പേതന്നെ ശ്രദ്ധിച്ചിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സംഭവദിവസം വീട്ടില്‍ ആരുമില്ലെന്ന് മനസ്സിലാക്കി വീട്ടിലേക്ക് ചെന്നു. ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചെങ്കിലും ജിഷ എതിര്‍ത്തു. ക്രുദ്ധനായ പ്രതി ആദ്യം പിന്തിരിഞ്ഞെങ്കിലും പിന്നീട് തിരികെച്ചെന്ന് വീടിനുള്ളില്‍ ജിഷയെ കടന്നുപിടിച്ചു. ജിഷ ചെറുത്തതോടെ കത്തി ഉപയോഗിച്ച് ആദ്യം കഴുത്തിലും പിന്നീട് അടിവയറ്റിലും കുത്തി. മല്‍പ്പിടുത്തത്തില്‍ ജിഷയുടെ വസ്ത്രങ്ങള്‍ പിച്ചിച്ചീന്തി. മരണവെപ്രാളത്തില്‍ വെള്ളം ചോദിച്ചപ്പോള്‍ കൈയില്‍ കരുതിയ മദ്യം വായിലേക്ക് ഒഴിച്ചുകൊടുത്തു. മുറിയില്‍ കുറച്ചുസമയംകൂടിനിന്ന് ജിഷ മരിച്ചെന്ന് ഉറപ്പിച്ചശേഷമാണ് പുറത്തേക്ക് ഇറങ്ങിയത്. കുത്താന്‍ ഉപയോഗിച്ച കത്തി വീടിന്റെ പിന്നാമ്പുറത്തേക്ക് എറിഞ്ഞു. തിരിച്ചിറങ്ങുമ്പോള്‍ സമീപത്തെ കനാലില്‍ ചെരുപ്പ് പുതഞ്ഞു. അമീറുള്‍ ഒറ്റയ്ക്കാണ് കൃത്യം നത്തിയതെന്നും സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും പ്രതിക്ക് എതിരാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പുതിയ അന്വേഷണസംഘം ജൂണ്‍ 16ന് അമീറുളിനെ കാഞ്ചിപുരത്തുനിന്ന് പിടികൂടി. ഡിഎന്‍എ പരിശോധനയും സാഹചര്യത്തെളിവുകളും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള ശാസ്ത്രീയ പരിശോധനാ ഫലങ്ങളുടെയും അടിസ്ഥാനത്തിലാണ് അമീറുളിനെ പ്രതിയാക്കി കേസെടുത്തത്. കൊലയ്ക്ക് ഉപയോഗിച്ച കത്തിയും അമീറുള്‍ ഉപയോഗിച്ച ചെരിപ്പും അന്വേഷണസംഘം കണ്ടെത്തി. ഡിഎന്‍എ പരിശോധനയും അയല്‍വാസിയുടെ മൊഴിയും ചെരിപ്പും കേസില്‍ നിര്‍ണായക തെളിവായി. രണ്ടുലക്ഷത്തോളം ഫോണ്‍കോളുകള്‍ പൊലീസ് പരിശോധിച്ചു. അയല്‍വാസികള്‍ ഉള്‍പ്പെടെ 5000 പേരുടെ വിരലടയാളം ശേഖരിച്ചു. 23 പേരുടെ ഡിഎന്‍എയും പരിശോധിച്ചു. പല്ല്, രക്തം എന്നിവയും പരിശോധിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com