തീക്കൂനയില്‍ തൊട്ട് തീക്കുനി; സോഷ്യല്‍ മീഡിയയില്‍ 'പര്‍ദ്ദ'യ്ക്ക് വിമര്‍ശനവര്‍ഷം 

പ്രസിദ്ധീകരിച്ചയുടന്‍ വിമര്‍ശനശരങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന പവിത്രന്‍ സ്വയം തന്റെ കവിത പിന്‍വലിക്കുകയായിരുന്നു. കവിത പിന്‍വലിച്ച വിവരം അദ്ദേഹം തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. 
തീക്കൂനയില്‍ തൊട്ട് തീക്കുനി; സോഷ്യല്‍ മീഡിയയില്‍ 'പര്‍ദ്ദ'യ്ക്ക് വിമര്‍ശനവര്‍ഷം 

പര്‍ദ്ദ ഒരു ആഫ്രിക്കന്‍ രാജ്യമാണ്... എന്നുതുടങ്ങുന്ന, പവിത്രന്‍ തീക്കുനി ഫേസ്ബുക്ക് പേജില്‍ കുറിച്ച പര്‍ദ്ദ എന്ന കവിതയുടെ ആയുസ്സ് വെറും മണിക്കൂറുകള്‍ മാത്രമായിരുന്നു. പ്രസിദ്ധീകരിച്ചയുടന്‍ വിമര്‍ശനശരങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന പവിത്രന്‍ സ്വയം തന്റെ കവിത പിന്‍വലിക്കുകയായിരുന്നു. കവിത പിന്‍വലിച്ച വിവരം അദ്ദേഹം തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. 

'ഇന്നലെ രാത്രി ഞാന്‍ പോസ്റ്റ് ചെയ്ത പര്‍ദ്ദ എന്ന കവിത ചില പ്രിയ മിത്രങ്ങളെ വ്രണപ്പെടുത്തിയെന്ന് ബോധ്യമായതിനാല്‍ രാത്രിയില്‍ തന്നെ പ്രസ്തുത കവിത ഞാന്‍ പിന്‍വലിച്ചിരുന്നു. ആരെയും വ്രണപ്പെടുത്താന്‍ ആഗ്രഹിച്ചായിരുന്നില്ല പോസ്റ്റ്', കവിത പിന്‍വലിച്ചുകൊണ്ട് പവിത്രന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചതിങ്ങനെ. 

പര്‍ദ്ദധരിച്ച സ്ത്രീയുടെ മുഖത്തിനൊപ്പം ചേര്‍ത്തായിരുന്നു പവിത്രന്‍ തന്റെ കവിത കുറിച്ചത്. കവിത പ്രസിദ്ധീകരിച്ചയുടന്‍ തന്നെ പവിത്രന് നേര്‍ക്കുള്ള വിമര്‍ശനങ്ങള്‍ പോസ്റ്റിന് താഴെ ഇടം പിടിക്കുകയായിരുന്നു. വധഭീഷണി മുഴക്കികൊണ്ടുള്ള കമ്മന്റുകള്‍ വരെ ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഇത്തരം വിമര്‍ശനങ്ങളും ഭീഷണികളും നിലയ്ക്കാതെ ഒഴുകികൊണ്ടിരുന്നപ്പോഴാണ് ഇദ്ദേഹം സ്വയം തന്റെ രചന പിന്‍വലിക്കുന്നത്. 

അഞ്ച് വരികളുള്ള പവിത്രന്റെ കവിതയിലെ തലക്കെട്ട് നിലനിര്‍ത്തി വരികള്‍ക്ക് മാറ്റം വരുത്തി പുതിയ രചനകളും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു. പര്‍ദ്ദ ഒരു ആഫ്രിക്കന്‍ രാജ്യമാണെന്ന പവിത്രന്റെ വരികളെ പര്‍ദ്ദ ഒരു ഇസ്ലാമിക രാജ്യമാണെന്ന് ഇവര്‍തിരുത്തുന്നു. 

കവിത പിന്‍വലിച്ചതിനെതിരെയാണ് ഇപ്പോള്‍ പവിത്രന്‍ വിമര്‍ശിക്കപ്പെടുന്നത്. നട്ടെല്ലില്ലാത്ത കമ്മി, രാജ്യത്തിന് മാനക്കേട്, പവിത്രന്‍ ആര്‍ ജെ സൂരജിന്റെ സ്‌കൂളില്‍ ചേര്‍ന്നു എന്നുതുടങ്ങി പെരുമാള്‍ മുരുഗനെ ഓര്‍മ്മപ്പെടുത്തിയുള്ള കമന്റുകള്‍ വരെ ഇക്കൂട്ടത്തില്‍ കാണാം. നേരിടേണ്ടിവന്ന വിമര്‍ശനങ്ങളോടുള്ള മറുപടി തേടി പവിത്രനെ സമീപിച്ചെങ്കിലും അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായില്ല. 

പവിത്രന് ഇനിയും കവിതയെഴുതാന്‍ മോഹമുണ്ടാകില്ലെ, അങ്ങനെ എഴുതണമെങ്കില്‍ കൈയ്യും തലയും സംരക്ഷിക്കേണ്ടെ എന്ന് വിശദീകരിക്കുന്നവരും നിരവധി. പവിത്രന്‍ കവിത പിന്‍വലിച്ചുകൊണ്ട് കുറിച്ച പോസ്റ്റും ഇപ്പോള്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ കാണാന്‍ കഴിയില്ല. ഇതേകുറിച്ചുള്ള അന്വേഷണവും അദ്ദേഹത്തിന്റെ മറ്റ് പോസ്റ്റുകള്‍ക്ക് ചുവട്ടില്‍ കാണാം. പവിത്രനെതിരെയുള്ള നിരവധി ട്രോളുകളും ഇതിനകം വ്യാപിച്ചുകഴിഞ്ഞു. 

ഇടതുപക്ഷ സഹയാത്രികനായ പവിത്രന്‍ തീക്കുനിയുടെ കവിതകളും പ്രസ്താവനകളും ഇടതുപക്ഷ ചിന്താഗതികള്‍ക്കൊപ്പം നില്‍ക്കുന്നവയായിരുന്നു. സിപിഎം വേദികളിലെ സ്ഥിരം സാനിധ്യമായ പവിത്രന്‍ ഇതിനുമുന്‍പും മതവികാരങ്ങള്‍ ഉണര്‍ത്തുന്ന കവിതകള്‍ എഴുതിയിട്ടുണ്ട്. ശ്രീരാമനെ വിമര്‍ശിച്ചുകൊണ്ട് ഇദ്ദേഹമെഴുതിയ സീത എന്ന കവിത ഇപ്പോഴും ലഭ്യമാണ്. എന്നാല്‍ പവിത്രന്‍ പര്‍ദ്ദ എന്ന കവിത പിന്‍വലിച്ചതോടെ ഫാസിസം എന്ന വാക്കിന്റെ അര്‍ത്ഥം ഇദ്ദേഹത്തിന് അറിയില്ലെന്ന് ആരോപിക്കുന്നവര്‍ നിരവധി. 

എഴുത്തുകാരന് തന്റെ കലാസൃഷ്ടിക്ക് മേലുള്ള അവകാശത്തെകുറിച്ച് വലിയ ചര്‍ച്ചകള്‍ ഉണ്ടാകുമ്പോള്‍ തന്നെയാണ് പവിത്രന് തന്റെ സൃഷ്ടി സ്വയം തിരിച്ചെടുക്കേണ്ട അവസ്ഥ ഉണ്ടായിരിക്കുന്നത്. എസ് ദുര്‍ഗയും പത്മാവതിയും ഈ സ്വാതന്ത്രിയത്തിനായി മുറവിളി കൂട്ടുമ്പോള്‍ തന്നെയാണ് ഇങ്ങനൊരു സംഭവം, മുസ്ലീം പെണ്‍കുട്ടികള്‍ സ്വന്തം അവകാശങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് നിരത്തിലിറങ്ങിയതും ഇക്കാലത്തുതന്നെ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com