ട്രോളന്മാരുടെ കളി മലയാളി കാണാനിരിക്കുന്നതേയുള്ളൂ! (അപ്പോ ട്രോളികള്‍ ഇല്ലേ? )

ട്രോളന്മാരുടെ കളി മലയാളി കാണാനിരിക്കുന്നതേയുള്ളൂ! (അപ്പോ ട്രോളികള്‍ ഇല്ലേ? )
ട്രോളന്മാരുടെ കളി മലയാളി കാണാനിരിക്കുന്നതേയുള്ളൂ! (അപ്പോ ട്രോളികള്‍ ഇല്ലേ? )

'പണ്ടത്തെപ്പോലെ വാര്‍ത്ത വായിച്ച് അതില്‍ നിന്ന് വിവരങ്ങള്‍ അറിഞ്ഞിരുന്നവരല്ല, ട്രോളുകള്‍ വായിച്ച് കണ്ണ് തള്ളിപ്പോയ അല്‍ ട്രോള്‍ മലയാളീസ്'. അമേരിക്കന്‍ പ്രസിഡന്റ് മുതല്‍ കേരള മുഖ്യമന്ത്രിയെ വരെ ട്രോളി 'കണ്ടം വഴി ഓടിച്ചതിന്റെ' ആത്മസംതൃപ്തിയിലാണ് മലയാളി ട്രോളന്മാര്‍. എന്നാല്‍ ഇതൊരു തുടക്കം മാത്രമാണ്, ട്രോളന്മാരുടെ കളി മലയാളികള്‍ കാണാന്‍ കിടക്കുന്നതേയുള്ളൂ...

ഈ വര്‍ഷം ട്രോളുകള്‍ കാരണം ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിയത് ബിജെപി നേതാക്കളാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ വരെ കടുത്ത ട്രോള്‍ അടികളാണ് നേരിട്ടത്. മലയാളത്തിലേക്ക് 'അര്‍ത്ഥവത്തായ' പുതിയ വാക്കുകള്‍ സംഭാവന ചെയ്യാന്‍ വരെ ഇത് കാരണമായി. ഇതില്‍ ഏറ്റവും പ്രശസ്തമായത് 'കുമ്മനടി'യാണ്. 

കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തില്‍ ഇടിച്ച് കേറിച്ചെന്ന് പ്രധാനമന്ത്രിക്കടുത്ത് സ്ഥാനം പിടിച്ച കുമ്മനം രാജശേഖരനെ ട്രോളിക്കൊണ്ടാണ് 'കുമ്മനടി' എന്ന വാക്ക് പ്രചരിച്ചത്. ആദ്യം ട്രോളുകളില്‍ മാത്രം നിറഞ്ഞു നിന്നിരുന്ന വാക്ക് പിന്നീട് ജനങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു.

കേരളത്തില്‍ സ്വാധീനം വര്‍ധിപ്പിക്കുന്നതിനായി കച്ചമുറുക്കി ഇറങ്ങിയിരിക്കുകയാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ഇതിനായി അദ്ദേഹം ഇടയ്ക്കിടക്ക് കേരള സന്ദര്‍ശനം നടത്തും എന്നാല്‍ അദ്ദേഹത്തിന്റെ വരവെല്ലാം സോഷ്യല്‍ മീഡിയ ട്രോളടിച്ചാണ് ആഘോഷിക്കുന്നത്. തങ്ങളുടെ ഭക്ഷണസ്വാതന്ത്ര്യത്തില്‍ കൈകടത്തി എന്നാരോപിച്ച് ഷായെ 'അലവലാതി ഷാജി'യാക്കിയാണ് ട്രോളുകള്‍ ഇറങ്ങിയത്. 'നീയാണോടാ ഞങ്ങളുടെ ബീഫ് തീറ്റ നിര്‍ത്തിച്ച അലവലാതി ഷാജി' എന്നാണ് ട്രോളുകളിലൂടെ കളിയാക്കുന്നത്.

എന്നാല്‍ ഇതുകൊണ്ടൊന്നും അവസാനിച്ചില്ല. കുമ്മനം രാജശേഖരന്റെ ജനരക്ഷായാത്രയില്‍ നിന്ന് പാതിവഴിയില്‍ മുങ്ങിയതിനും അമിത്ഷായ്ക്ക് വന്‍ ട്രോളാണ് ഏറ്റുവാങ്ങേണ്ടിവന്നത്. ഇതിലൂടെ 'അമിട്ടടി' എന്ന വാക്കും അദ്ദേഹം മലയാളികള്‍ക്ക് സമ്മാനിച്ചു.

കേരളത്തില്‍ നിന്നുള്ള ഏകമന്ത്രിയായി അല്‍ഫോണ്‍സ് കണ്ണന്താനം അധികാരം ഏറ്റതു മുതല്‍ അദ്ദേഹം ട്രോളന്‍മാരുടെ പ്രധാന ഇരയാണ്. അദ്ദേഹത്തിന്റെ ചില തള്ളല്‍ പരാമര്‍ശങ്ങളാണ് ട്രോളലിന് കാരണമായത്. കേന്ദ്രം പെട്രോളിന് വില കൂട്ടിയത് മനഃപ്പൂര്‍വ്വമാണെന്നും ഇതിലൂടെ അധികമായി സമ്പാദിക്കുന്ന പണം പാവപ്പെട്ടവര്‍ക്ക് കക്കൂസ് നിര്‍മിച്ചു നല്‍കുമെന്നുമുള്ള കമന്റായിരുന്നു ഇതില്‍ ഏറ്റവും ട്രോള്‍ ഏറ്റുവാങ്ങിയത്. ഇതോടെ കണ്ണന്താനം സോഷ്യല്‍ മീഡിയയില്‍ 'തള്ളന്താന'മായി. മോദിയേക്കാള്‍ വലിയ തള്ളനാണ് കേരളത്തില്‍ നിന്നുള്ള മന്ത്രിയെന്ന് പറഞ്ഞായിരുന്നു അദ്ദേഹത്തെ 'തള്ളന്താന'മായി സ്ഥാനം നല്‍കിയത്.

കണ്ണന്താനം മാത്രമല്ല അദ്ദേഹത്തിന്റെ ഭാര്യ ഷീല കണ്ണന്താനവും ട്രോളര്‍മാരുടെ പ്രിയപ്പെട്ട വ്യക്തിയാണ്. ഭര്‍ത്താവ് മന്ത്രിയായതിന്റെ സന്തോഷത്തില്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖമാണ് അവരെ ട്രോളുകളില്‍ നിറച്ചത്. ഇതോടെ റിലാക്‌സേഷന്‍ എന്ന വാക്കിന്റെ മൂല്യത്തില്‍ വന്‍ വര്‍ധനവാണുണ്ടായത്.


തമാശ മാത്രമല്ല ചില ട്രോളുകള്‍ ക്രൂരവുമാകാറുണ്ട്‌. ഇതിലൊന്നായിരുന്നു 'മെട്രോയിലെ ആദ്യ പാമ്പ്' എന്ന് പറഞ്ഞ് അങ്കമാലി സ്വദേശിയായ എല്‍ദോയുടെ ചിത്രങ്ങള്‍ ട്രോളുകളായി മാറിയത്. ബധിരനായ എല്‍ദോ ആശുപത്രിയില്‍ പോയി ക്ഷീണിച്ചുതളര്‍ന്ന് മെട്രോ ട്രെയ്‌നിന്റെ സീറ്റില്‍ കിടന്ന് ഉറങ്ങുന്ന ചിത്രമായിരുന്നു ഇത്. സത്യംപുറത്തുവന്നതോടെ ട്രോളിറക്കിയവര്‍ തന്നെ ട്രോളിലൂടെ എല്‍ദോയോട് ക്ഷമ ചോദിച്ചു.

മോഹന്‍ലാല്‍ സിനിമയായ വെളിപാടിന്റെ പുസ്തകം കാര്യമായ പ്രേക്ഷകപ്രീതി നേടിയില്ലെങ്കിലും അതിലെ ജിമിക്കി കമ്മല്‍ പാട്ട് വന്‍ തരംഗമാണ് കേരളക്കരയിലുണ്ടാക്കിയത്. എന്നാല്‍ അതിലേറെ ശ്രദ്ധിക്കപ്പെട്ടത് ജിമിക്കി കമ്മലിനെക്കുറിച്ചുള്ള ചിന്താ ജെറോമിന്റെ നിരൂപണമാണ്. ജിമിക്കി കമ്മലിനെ കീറിമുറിച്ച് പരിശോധിച്ച ചിന്തയെ ട്രോളി കൊന്നു എന്നു വേണം പറയാന്‍.

ബീഫുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന വിവാദങ്ങളെയെല്ലാം ട്രോളുകളായാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. മലയാളികളുടെ പ്രിയ ഭക്ഷണമായ പൊറോട്ടയ്ക്ക് അതിന്റെ പങ്കാളി നഷ്ടപ്പെടുന്നതിന്റെ ദുഖം വരെ ട്രോളുകളായി പുറത്തിറങ്ങി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്യാമറ പ്രേമം മുന്‍പും ട്രോള്‍ ചെയ്യപ്പെട്ടിട്ടുെണ്ടങ്കിലും ഓഖി ദുരിതബാധിതനെ കാണാന്‍ എത്തിയപ്പോഴുണ്ടായ സംഭവമാണ് വീണ്ടും ട്രോളിന് കാരണമായിരിക്കുന്നത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതിനിടെ മോദിയെ മറച്ചു നില്‍ക്കുന്ന കണ്ണന്താനത്തെ നൈസായിട്ട് മാറ്റി നിര്‍ത്തുന്നതാണ് ട്രോളായിരിക്കുന്നത്. 

യെമനില്‍ ഐഎസിന്റെ പിടിയിലായ ഫാദര്‍ ടോം ഉഴുന്നാലിന്റ മോചന വാര്‍ത്ത കേരളക്കരയ്ക്ക് വളരെ ആശ്വാസകരമായിരുന്നു. എന്നാല്‍ ഐഎസ് ഭീകരരുടെ മഹാമനസ്‌കതയെ പുകഴ്ത്തിയുള്ള അച്ഛന്റെ സംസാരം ട്രോളന്‍മാര്‍ക്ക് ആത്ര പിടിച്ചില്ല. തനിക്ക് ഇഷ്ടമുള്ള ഭക്ഷണം വരെ തന്ന് സ്‌നേഹത്തോടെയാണ് പരിചരിച്ചതെന്ന് പറഞ്ഞ് ഉഴുന്നാലില്‍ രംഗത്തെത്തിയതോടെ അദ്ദേഹത്തെ സോഷ്യല്‍മീഡിയയില്‍ ട്രോളി നശിപ്പിച്ചു. 

ഒടിയന്‍ മാണിക്കനായുള്ള മോഹന്‍ലാലിന്റെ മാറ്റത്തിന് ട്രോളര്‍മാര്‍ വലിയ സ്വീകരണമാണ് നല്‍കിയത്. അദ്ദേഹത്തിനെ പ്രശംസിച്ചും കളിയാക്കിയും നിരവധി ട്രോളുകള്‍ ഇറങ്ങി. ഞങ്ങളുടെ മോഹന്‍ലാല്‍ ഇങ്ങനെയല്ല എന്ന് പറഞ്ഞുകൊണ്ടുള്ള ട്രോളുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. എന്നാല്‍ അതിനേക്കാള്‍ ശ്രദ്ധ നേടിയത് അദ്ദേഹം സ്ലിം ബെല്‍റ്റ് ധരിച്ചിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ടുള്ള ട്രോളുകളാണ്. 

മമ്മൂട്ടി സിനിമയായ കസബയെ വിമര്‍ശിച്ചതോടെ ഇക്ക ഫാന്‍സിന്റെ പ്രധാന ഇരയായി മാറിയിരിക്കുകയാണ് പാര്‍വതി. നായികയെ മോശമായി ചിത്രീകരിക്കുന്ന തരത്തിലുള്ള നിരവധി ട്രോളുകളാണ് വരുന്നത്. അതിനൊപ്പം ഒഎംകെവി എന്ന വാക്കും ട്രോളുകളുടെ പ്രധാന വിഷയമാവുകയാണ്. സംവിധായകന്‍ ജൂഡ് ആന്റണിയ്ക്കുള്ള മറുപടിയായി പാര്‍വതി ഈ നാല് അക്ഷരങ്ങളെ ഉപയോഗിച്ചതോടെ ട്രോളുകളുടെ ഓട്ടമെല്ലാം കണ്ടം വഴിയാണ്.

ഓഖി ദുരിതബാധിതരെ സന്ദര്‍ശിക്കാനായി എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ പ്രദേശവാസികള്‍ ചീത്തപറഞ്ഞ് ഓടിച്ചത് ട്രോളര്‍മാര്‍ ആഘോഷമാക്കിയിരുന്നു. ഇരട്ടച്ചങ്കന്‍ കിട്ടിയ വണ്ടിയില്‍ കേറി രക്ഷപ്പെട്ടെന്ന് പറഞ്ഞുകൊണ്ടുള്ള ട്രോളുകളാണ് പ്രചരിച്ചത്. 

വളരെ വ്യത്യസ്തമായ പേര് നല്‍കി യാത്ര നടത്തിയ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയും ട്രോള്‍ ചെയ്യപ്പെട്ടു. പടയൊരുക്കത്തിനായി തയാറെടുപ്പ് നടത്തുന്ന ചെന്നിത്തലയുടെ ട്രോളുകളാണ് വലിയ ശ്രദ്ധ നേടിയത്. 

മെഡലിന് സാധ്യതയില്ലെന്ന് പറഞ്ഞ് പി.യു. ചിത്രയെ ലോക അത്‌ലറ്റിക് മീറ്റില്‍ അയക്കാതിരുന്ന നടപടി വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. തുടര്‍ന്ന് പി.ടി. ഉഷയെ വലിയ ട്രോള്‍ വിമര്‍ശനമാണ് ഏല്‍ക്കേണ്ടിവന്നത്.

സോഷ്യല്‍ മീഡിയയില്‍ മീം എന്ന് പൊതുവേ പറയുന്നതിനെയാണ് നമ്മള്‍ ട്രോള്‍ ആക്കി സ്വന്തമാക്കിയത്. ട്രോള്‍ ഉണ്ടാക്കുന്നവര്‍ ട്രോളന്മാരും. അതെന്താ ട്രോളന്മാര്‍? എന്താണ് ട്രോളിമാര്‍ ഇല്ലാത്തത് എന്നൊന്നും ചോദിക്കരുത്. ഒരു ട്രോളങ്ങു വച്ചുതരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com