ട്രാഫിക് കുരുക്കില്‍പ്പെട്ട് വരന്‍; മണ്ഡപത്തിലെത്തിച്ചത് കൊച്ചി മെട്രോ! 

വിവാഹദിനത്തില്‍ വധുവിന്റെയും കുടുംബത്തിന്റെയും അടുത്തെത്താന്‍ കഴിയാത്തവിധം ഗതാഗതകുരുക്കില്‍ പെട്ടുപോയപ്പോഴാണ് രക്ഷകനായി മെട്രോ അവതരിച്ചത്
ട്രാഫിക് കുരുക്കില്‍പ്പെട്ട് വരന്‍; മണ്ഡപത്തിലെത്തിച്ചത് കൊച്ചി മെട്രോ! 

പാലക്കാട്ടുകാരന്‍ രഞ്ജിത്തിന് ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണം നേരിടേണ്ടിവന്നത് വിവാഹദിനത്തില്‍ തന്നെയായിരുന്നു. ഈ പരീക്ഷണം താണ്ടാന്‍ രഞ്ജിത്തിന് രക്ഷയ്‌ക്കെത്തിയതോ കൊച്ചി മെട്രോയും. വിവാഹദിനത്തില്‍ വധുവിന്റെയും കുടുംബത്തിന്റെയും അടുത്തെത്താന്‍ കഴിയാത്തവിധം ഗതാഗതകുരുക്കില്‍ പെട്ടുപോയപ്പോഴാണ് രക്ഷകനായി മെട്രോ അവതരിച്ചത്. 

കൊച്ചി സ്വദേശി ധന്യയുമൊത്തുള്ള രഞ്ജിത്തിന്റെ വിവാഹ മുഹൂര്‍ത്തം ഡിസംബര്‍ 23ന് രാവിലെ 11 മണിക്കായിരുന്നു. നേരത്തെ എത്താമെന്ന കണക്കുകൂട്ടലില്‍ രാവിലെ ആറ് മണിക്ക് തന്നെ പാലക്കാടുനിന്നും യാത്രതിരിച്ചെങ്കിലും ഗതാഗതകുരുക്ക് വില്ലനായി. ചാലക്കുടിയില്‍ എത്തിയപ്പോള്‍ മുതല്‍ കനത്ത ബ്ലോക്ക്. ഇതിനിടയിലൂടെ ചാലക്കുടിയില്‍ നിന്ന് ഒരു വിധത്തില്‍ അങ്കമാലി വരെ എത്തിയപ്പോള്‍ തന്നെ സമയം 11നോടടുത്തു. വരനെയും ബന്ധുക്കളും എതാത്തതില്‍ ആശങ്കപ്പെട്ട് വധുവിന്റെ വീട്ടുകാരില്‍ നിന്ന് തുടര്‍ച്ചയായി ഫോണ്‍വിളികളും. ഇതേ രീതിയില്‍ മുന്നോട്ടുപോയാല്‍ വിവാഹം മുടങ്ങുമെന്ന് മനസ്സിലായപ്പോഴാണ് മണ്ഡപത്തിലെത്താന്‍ മറ്റെന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ എന്ന അന്വേഷണം തുടങ്ങി. ഇത് ഒടുവില്‍ മെട്രോയില്‍ എത്തിനിന്നു. 

മെട്രോയില്‍ കേറി സമയത്തെത്താമെന്ന് കരുതി സ്‌റ്റേഷനിലെത്തിയപ്പോള്‍ അവിടെ വീണ്ടും വെല്ലുവിളി. ആലുവ സ്‌റ്റേഷനിലെ ആ സമയത്തെ തിരക്ക് ഊഹിക്കാവുന്നതേ ഒള്ളു. പക്ഷെ വിവാഹമാണെന്ന് പറഞ്ഞ് വരന്‍തന്നെ നേരിട്ട് അഭ്യര്‍ത്ഥിക്കുമ്പോള്‍ ആര്‍ക്കാണ് കേട്ടില്ലെന്ന് നടിക്കാന്‍ കഴിയുക. അങ്ങനെ വരനും സംഘവും മെട്രോയില്‍ യാത്ര തുടര്‍ന്നു. 

മെട്രോയില്‍ സഞ്ചരിച്ചതുകൊണ്ട് അഞ്ച് മിനിറ്റിനുള്ളില്‍ മണ്ഡപത്തിലെത്താന്‍ കഴിഞ്ഞെന്നും യാതൊരു തടസവുമില്ലാതെ ചടങ്ങുകള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞെന്നും മെട്രോ പുറത്തുവിട്ട വീഡിയോയില്‍ രഞ്ജിത് പറയുന്നു. രഞ്ജിത്തും ഭാര്യ ദിവ്യയും ഒന്നിച്ചെത്തിയാണ് വീഡിയോയില്‍ മെട്രോയ്ക്ക് നന്ദി രേഖപ്പെടുത്തിയത്. കൊച്ചി മെട്രോയിലൂടെ വിവാഹജീവിതത്തിലേക്ക് പ്രവേശിച്ച ഇരുവര്‍ക്കും മെട്രോ കൊച്ചി 1 സ്മാര്‍ട്ട് കാര്‍ഡ് വിവാഹസമ്മാനമായി നല്‍കുകയും ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com