സുധാകരനെതിരെ ജിഷ്ണുവിന്റെ കുടുംബം, വ്യാജ ആത്മഹത്യാ കുറിപ്പുണ്ടാക്കിയതില്‍ പങ്കെന്ന് ആരോപണം

കൃഷ്ണദാസിനൊപ്പം ചേര്‍ന്ന് സുധാകരന്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ജിഷ്ണുവിന്റെ കുടുംബം ആരോപിച്ചു. സുധാകരനെതിരെ കേസെടുക്കണമെന്നും കുടുംബം
സുധാകരനെതിരെ ജിഷ്ണുവിന്റെ കുടുംബം, വ്യാജ ആത്മഹത്യാ കുറിപ്പുണ്ടാക്കിയതില്‍ പങ്കെന്ന് ആരോപണം

കോഴിക്കോട്: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന് എതിരായ പരാതി ഒത്തുതീര്‍പ്പാക്കാന്‍ രഹസ്യനീക്കം നടത്തിയ കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെതിരെ ജിഷ്ണു പ്രണോയിയുടെ കുടുംബം. കൃഷ്ണദാസിനൊപ്പം ചേര്‍ന്ന് സുധാകരന്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ജിഷ്ണുവിന്റെ കുടുംബം ആരോപിച്ചു. സുധാകരനെതിരെ കേസെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.


വ്യാജ ആത്മഹത്യ കുറിപ്പ് തയാറാക്കിയതില്‍ സുധാകരന് പങ്കുണ്ടെന്ന് സംശയിക്കുന്നതായി കുടുംബാഗങ്ങള്‍ പറഞ്ഞു. കേസില്‍ തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ കേസ് എത്രയും വേഗം സിബിഐക്ക് വിടണം. പി കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്നും ജിഷ്ണുവിന്റെ കുടുംബം ആവശ്യപ്പെട്ടു. 

ഇന്നലെ രാത്രിയാണ് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ നെഹ്രുഗ്രൂപ്പ് അധികൃതരുമായി രഹസ്യകൂടിക്കാഴ്ച നടത്തിയത് വിദ്യാര്‍ഥിയായ ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദ്ദിച്ച കേസ് ഒതുക്കി തീര്‍ക്കാനാണ് നേതാവിന്റ കൂടിക്കാഴ്ചയെന്നാണ് ആരോപണം. മര്‍ദ്ദനമേറ്റ വിദ്യാര്‍ഥിയും നെഹ്രുഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന്റെ സഹോദരനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ഇതേതുടര്‍ന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കെ സുധാകരനെ തടഞ്ഞുവെച്ചിരുന്നു. 

ലക്കിടി ലോ കോളജ് വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്തലി നേരിടേണ്ടി വന്നത് ജിഷ്ണു പ്രണോയ് അനുഭവിച്ചതിന് സമാനമായ ക്രൂര പീഡനങ്ങളായിരുന്നു. നെഹ്‌റു ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ലെക്കിടി ലോ കോളജ് അധികൃതരുടെ വഴിവിട്ട പ്രവര്‍ത്തനങ്ങളെ കുറിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന്റെ പ്രതികാരമായി ഷെഹീര്‍ ഷൗക്കത്തലിയെ പാമ്പാടി നെഹ്‌റു കോളജില്‍ കൊണ്ട് വന്ന് ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്.

ലക്കിടി കോളജില്‍ നിന്ന് ഓട്ടോ റിക്ഷയില്‍ കയറ്റി കൊണ്ട് വന്ന് പാമ്പാടി കോളജ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചത്.
കോളജിലെ വിദ്യാര്‍ഥികളെ റാഗ് ചെയ്തുവെന്ന് ഭീഷണിപ്പെടുത്തി എഴുതി വാങ്ങിയതിന് ശേഷമാണ് ഓഫിസ് റൂമിലും ഇടിമുറിയിലും കയറ്റി മര്‍ദിച്ചത്. തലയ്ക്ക് ഇടിക്കുകയും നാഭിക്ക് ചവിട്ടുകയും ചെയ്തതായും ഷഹീര്‍ പരാതിപ്പെട്ടിരുന്നു.

അതിനിടെ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാനുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയ കെ സുധാകരന്റെ നടപടി കെപിസിസി ചര്‍ച്ച ചെയ്യുമെന്ന് നേതാക്കള്‍ അറിയിച്ചു. രാഷ്ട്രീയകാര്യ സമിതി യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് നേതാക്കള്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com