മഹാരാജാസ് പ്രിന്‍സില്‍പ്പല്‍ ഡോ. എന്‍ എല്‍ ബീനയെ മാറ്റി

തലശ്ശേരി ബ്രണ്ണന്‍ കേളേജിലേക്കാണ് മാറ്റം - കൊടുവള്ളി ഗവ: കോളേജ് പ്രിന്‍സിപ്പല്‍  ഡോ അജിത പിഎസിനെ പുതിയ പ്രിന്‍സിപ്പലായി നിയമിച്ചു
മഹാരാജാസ് പ്രിന്‍സില്‍പ്പല്‍ ഡോ. എന്‍ എല്‍ ബീനയെ മാറ്റി

കൊച്ചി: വിദ്യാര്‍ത്ഥികളും സഹഅധ്യാപകരുമായുള്ള ഭിന്നതയെ തുടര്‍ന്ന് വിവാദത്തിലായ എറണാകുളം മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എന്‍എല്‍ ബീനയെ സ്ഥലം മാറ്റി. തലശ്ശേരി ബ്രണ്ണന്‍ കേളേജിലേക്കാണ് മാറ്റം. കൊടുവള്ളി ഗവ: കോളേജ് പ്രിന്‍സിപ്പല്‍  ഡോ അജിത പിഎസിനെ പുതിയ പ്രിന്‍സിപ്പലായി നിയമിച്ചു. 

ഡോ. എന്‍എല്‍ ബീനയെ മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നുമാറ്റണമെന്ന് പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവം അന്വേഷിച്ച കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. പ്രിന്‍സിപ്പലിനെ അതിരൂക്ഷമായി കുറ്റപ്പെടുത്തുന്നതായിരുന്നു കോളേജ് വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ ലൈലാദാസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട്. സംഭവത്തിന്റെ ഉത്തരവാദിത്തം പ്രിന്‍സിപ്പലിനാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.

പെണ്‍കുട്ടികള്‍ കോളേജില്‍ വരുന്നത് ആണ്‍കുട്ടികളുടെ ചൂട് പറ്റാനാണെന്ന പരാമര്‍ശമായിരുന്നു പ്രിന്‍സിപ്പലിന്റെ കസേര കത്തിക്കുന്ന സാഹചര്യമുണ്ടാക്കിയത്. സംഭവം യാദൃച്ഛികമായി ഉണ്ടായതല്ലെന്നും പ്രിന്‍സിപ്പാള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കിടയില്‍ മാസങ്ങളായി അസ്വസ്ഥത നിലനില്‍ക്കുന്നതായും ക്മ്മീഷന്‍ കണ്ടെത്തിയിരുന്നു. പ്രശ്‌നങ്ങള്‍ ലഘൂകരിക്കുന്നതിന് നയപരമായ തീരുമാനങ്ങളല്ല പ്രിന്‍സിപ്പല്‍ സ്വീകരിച്ചത്. പ്രിന്‍സിപ്പലിന്റെ കടുംപിടുത്തവും അതിതീവ്ര നിലപാടുകളും വിദ്യാര്‍ഥികളില്‍ ഒരു വിഭാഗത്തിലും അധ്യാപകരിലും അമര്‍ഷമുണ്ടാകാനും ഇടയാക്കി.

ഹോസ്റ്റല്‍ പൂട്ടിയതുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പലിന്റെ നടപടി വിദ്യാര്‍ഥികള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധത്തിനിടയാക്കി. രണ്ടു മാസക്കാലം ദലിത് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഭക്ഷണമില്ലാതെയും താമസിക്കാന്‍ സ്ഥലമില്ലാതെയും കഷ്ടപ്പെടുന്ന സാഹചര്യവുമുണ്ടായി. ഇത് വിദ്യാര്‍ഥി പ്രതിഷേധം ആളിക്കത്താന്‍ ഇടയാക്കി. വിദ്യാര്‍ഥിനികളോട് പ്രിന്‍സിപ്പല്‍ മോശമായ ഭാഷയില്‍ സംസാരിച്ചതും വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്യിച്ചതും ക്യാമ്പസിലെ സാഹചര്യം വഷളാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. മഹാരാജാസിലെ മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും കാരണം യോഗ്യതിയില്ലാത്ത പ്രിന്‍സിപ്പാളാണെന്ന് വിദ്യാര്‍ത്ഥി സംഘടനകളും ആരോപിച്ചിരുന്നു. 

ചാലക്കുടി ഗവണ്‍മെന്റ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ കെ സുമയെ പട്ടാമ്പി കോളേജിലേക്കും ആറ്റിങ്ങള്‍ ഗവണ്‍മെന്റ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി അനിതാ ദമയന്തിയെ തിരുവനന്തപുരം ഗവ: വനിതാ കോളേജിലേക്കും, തിരുവനന്തപുരം ഗവ: ആര്‍ട്്‌സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജി വിജയലക്ഷ്മിയെ  ഗവ; ചിറ്റൂര്‍ കോളേജിലേക്കും, തൃശൂര്‍ ഗവ: കോളേജ് പ്രിന്‍സിപ്പല്‍ എല്‍സമ്മ ജോസഫ് അറയ്ക്കലിനെ ഗവ: വിക്ടോറിയ കോളേജ് പാലക്കാട്ടേക്കും, നെടുമങ്ങാട് ഗവ: കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഡികെ സതീഷിനെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി  കോളേജ് പ്രിന്‍സിപ്പാളായി ചുമതലപ്പെടുത്തിയതായി ഡെപ്യൂട്ടി സെക്രട്ടറി സാജു പീറ്റര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com