ബ്രണ്ണന്‍ കോളജ് മാഗസിന്‍ വിവാദത്തില്‍; ദേശീയ ഗാനത്തേയും പതാകയേയും അപമാനിച്ചെന്ന് ആരോപണം

കോളജിന്റെ 125-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറങ്ങിയ മാഗസിനാണ് വിവാദമായിരിക്കുന്നത്‌ 
ബ്രണ്ണന്‍ കോളജ് മാഗസിന്‍ വിവാദത്തില്‍; ദേശീയ ഗാനത്തേയും പതാകയേയും അപമാനിച്ചെന്ന് ആരോപണം

കണ്ണൂര്‍: തലശേരി ബ്രണ്ണന്‍ ഗവണ്‍മെന്റ് കോളജ് മാഗസിന്‍ ദേശീയ ഗാനത്തേയും ദേശീയ പതാകയേയും അപമാനിച്ചുവെന്ന് ആരോപണം. ദേശീയ പതാകയേയും ഗാനത്തേയും അപമാനിച്ച തരത്തില്‍ ചിത്രം നല്‍കി എന്ന് ആരോപിച്ച് എബിവിപി,കെഎസ്‌യു പ്രവര്‍ത്തകര്‍ രംഗത്തെത്തി. എസ്എഫ്‌ഐ തേൃത്വത്തിലുള്ള കോളജ് യൂണിയനാണ് മാഗസിന്‍ പുറത്തിറക്കിയിരിക്കുന്നത്. സംഭവം വിവാദമായതോടെ മാഗസിന്‍ വിതരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. 

തീയറ്ററില്‍ ദേശീയ ഗാനം കേള്‍പ്പിക്കുന്ന സമയത്ത് കസേരക്ക് പിറകില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന്റെ ചിത്രമാണ് മാഗസിനില്‍ ഉള്ളത്.  'സിനിമാ തിയറ്ററില്‍ കസേരവിട്ട് എഴുന്നേല്‍ക്കുന്ന രാഷ്ട്രസ്‌നേഹം. തെരുവില്‍ മനുസ്മൃതി വായിക്കുന്ന രാഷ്ട്രസ്‌നഹം എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇത് ദേശീയതയെ അപമാനിക്കുന്നതാണ് എന്ന് പറഞ്ഞാണ് ഇപ്പോള്‍ എബിവിപിയും കെഎസ്‌യുവും രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, നല്ല ഉദ്ദേശത്തോടെ പ്രസിദ്ധീകരിച്ച ചിത്രത്തെ കോളജിലെ ഒരുവിഭാഗം വിദ്യാര്‍ഥികള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നാണ് കോളജ് യൂണിയന്‍ നല്‍കിയിരിക്കുന്ന വിശദീകരണം. 

കോളജിന്റെ 125-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറങ്ങിയ മാഗസിനാണ് വിവാദമായിരിക്കുന്നത്‌.പെല്ലറ്റ് എന്നാണ് മാഗസിന് വിദ്യാര്‍ത്ഥികള്‍ നല്‍കിയിരിക്കുന്ന പേര്. 

എന്നാല്‍ ദേശീയതയെ അപമാനിക്കാനല്ല,കപട ദേശീയതയെ തുറന്നുകാട്ടാനാണ് എഡിറ്റോറിയല്‍ ടീം അങ്ങനെയൊരു ചിത്രം നല്‍കിയത് എന്നാണ് പ്രാഥാമിക അനവേഷണത്തില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിച്ചത് എന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്.സി തോമസ് പറഞ്ഞു. 

മുമ്പ് കോഴിക്കോട് ഗുരുവായുരപ്പന്‍ കോളജ് യൂണിയന്‍ പുറത്തിറക്കിയ വിശ്വവിഖ്യാത തെറി എന്ന മാഗസിനെതിരെയും എബിവിപി,സംഘപരിവാര്‍
സംഘടനകള്‍ ഇത്തരം ആരോപണവുമായി രംഗത്തെത്തിയിരുന്നു. മാഗസിന്‍ ദേശ വിരുദ്ധമാണെന്നായിരുന്നു എബിവിപിയുടെ ആരോപണം. അന്നവര്‍ മാഗസിന്‍ കത്തിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com